‘മുസ്ലിം ലീഗ് യുഡിഎഫ് നേതൃത്വത്തോട് കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല’: എം എം ഹസന്‍

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അധികം സീറ്റുകള്‍ വേണമെന്ന് മുസ്ലിം ലീഗ് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. യുഡിഎഫില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ചും അതിലെ സീറ്റ് വിഭജനം സംബന്ധിച്ചും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. യുഡിഎഫിലെ കക്ഷികളുമായി ഒരു ഉഭയകക്ഷി ചര്‍ച്ച തീരുമാനിച്ചിരുന്നു. ഉഭയകക്ഷി ചര്‍ച്ച സീറ്റുകളുടെ കാര്യം മാത്രമല്ല, നയപരമായ കാര്യങ്ങളില്‍ മറ്റു കക്ഷികള്‍ക്ക് യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്താനുള്ള അവസരം കൂടിയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ തുടങ്ങുമ്പോള്‍ മാത്രമേ ഓരോ കക്ഷിയും സീറ്റുകളുടെ കാര്യത്തില്‍ അവകാശവാദങ്ങള്‍ മുന്നണിയില്‍ ഉന്നയിക്കുകയുള്ളൂ. ഏതെങ്കിലും ഒരു ചാനലില്‍ ഒരു നേതാവ് അഭിപ്രായ പ്രകടനം നടത്തിയാല്‍ മറുപടി പറയുന്നതെങ്ങനെ എന്നും അദ്ദേഹം ചോദിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടറില്‍ സംസാരിക്കുകയായിരുന്നു എം എം ഹസന്‍.

എല്ലാ പാര്‍ട്ടികളും ഒരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടും. പക്ഷേ അതൊരു യോഗത്തിന് മുന്നില്‍ വരുമ്പോഴാണ് ഗൗരവപരമായി ചര്‍ച്ച ചെയ്യേണ്ടതുള്ളൂ. അര്‍ഹതയില്ലാത്തവര്‍ അല്ലല്ലോ കൂടുതല്‍ സീറ്റ് ചോദിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അച്ചു ഉമ്മന് മത്സരിക്കാന്‍ ആഗ്രഹമുള്ളതായി തനിക്ക് അറിയില്ലെന്ന് എംഎം ഹസന്‍ പറഞ്ഞു. ‘ഞങ്ങളോട് ആരോടും അത്തരമൊരു ആഗ്രഹം പ്രകടിപ്പിച്ചില്ല. പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ മകനോ മകളോ മത്സരിക്കണം എന്നൊരു അഭിപ്രായം വന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അങ്ങനൊരു പ്രശ്‌നമില്ല. അച്ചു ഉമ്മന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ നേതൃത്വത്തോട് പറയാം. മുന്നണി അത് ചര്‍ച്ച ചെയ്യും.’ എംഎം ഹസന്‍ പറഞ്ഞു.

ഭരണവിരുദ്ധ വികാരം കേരളത്തില്‍ വോട്ടാക്കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും സാധിക്കണമെന്ന് എഐസിസിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു നടത്തിയ പ്രസ്താവനയിലും അദ്ദേഹം പ്രതികരിച്ചു. തന്ത്രജ്ഞന്‍ സുനില്‍ കനഗോലു പറഞ്ഞതിനെ ആ അര്‍ത്ഥത്തില്‍ എടുക്കേണ്ട ആവശ്യമില്ല. സര്‍ക്കാരിനെതിരായ ജനങ്ങളുടെ വികാരം അതിനെ പ്രതീകാത്മകമായി തന്നെ ജനങ്ങളെ ഉണര്‍ത്തനം എന്നാണ് അദ്ദേഹം പറഞ്ഞത്. സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ പലതും നമ്മള്‍ ആയിരുന്നു നടത്തിയത്. എന്നാല്‍ അത് താഴെക്കിടയിലുള്ള ജനങ്ങളിലേക്ക് എത്തുന്നതില്‍ കഴിയാത്തവണ്ണം താഴെ തലത്തിലുള്ള സംഘടനാ പുനഃസംഘടനാ പ്രക്രിയകള്‍ നടന്നപ്പോള്‍ അതിന് ചില പരിമിതകളുണ്ടായെന്ന് എം എം ഹസന്‍ അഭിപ്രായപ്പെട്ടു.

യുഡിഎഫ് അനുകൂലമായ സാഹചര്യങ്ങളെ ഒറ്റക്കെട്ടായി തന്നെ പ്രയോജനപ്പെടുത്തും. പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ എല്ലാ യുഡിഎഫ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചത് കൊണ്ടാണ് വലിയ വിജയം നേടിയത്. അതിനിടയില്‍ ഒരു സംഭവമുണ്ടായി. എന്നാല്‍ അതിനെ താന്‍ ന്യായീകരിക്കുന്നില്ല. കെപിസിസി പ്രസിഡന്റോ പ്രതിപക്ഷ നേതാവോ അതിനെ ന്യായീകരിച്ചിട്ടില്ല. അതിനെ മാധ്യമങ്ങള്‍ പ്രവര്‍ത്തീകരിച്ച് പ്രചാരണം നടത്തിയപ്പോള്‍ ആണ് എകെ ആന്റണി ഉള്‍പ്പടെയുള്ളവര്‍ പ്രതികരിച്ചതെന്ന് എംഎം ഹസന്‍ പറഞ്ഞു.

സോളാര്‍ കേസ് സംബന്ധിച്ച് ആശയ വിനിമയത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായതായി അദ്ദേഹം പറഞ്ഞു. യുഡിഎഫ് സോളാര്‍ കേസ് സംബന്ധിച്ച് നിയമസഭയില്‍ ഒരു അടിയന്തര പ്രമേയം കൊണ്ടുവന്നു. ആ ഘട്ടത്തിലാണ് ഗൂഢാലോചന സംബന്ധിച്ച തെളിവുകളുണ്ടെന്ന് സിബിഐ റിപ്പോര്‍ട്ട് പറയുന്നത്. അതിന്റെ വിശദാംശങ്ങള്‍ വരണമെങ്കില്‍ തുടരന്വേഷണം വേണം. സിബിഐ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി നടപടിയുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര കേസില്‍ കോണ്‍ഗ്രസ് കക്ഷി ചേരേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ ഭരണവിരുദ്ധ തരംഗം അലയടിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ കണ്ടത് സര്‍ക്കാരിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ്. തൃക്കാക്കരയില്‍ കണ്ടതിന്റെ ഇരട്ടിയാണ് പുതുപ്പള്ളിയില്‍ കണ്ടത്. സര്‍ക്കാരിനെതിരെയുള്ള ജനരോഷം അതിന്റെ പാരമ്യത്തില്‍ എത്തി നില്‍ക്കുകയാണ്. അത് മനസ്സിലാക്കികൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക്, നിയോജക മണ്ഡലങ്ങളിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചത്. ആറ്-ഏഴ് മാസക്കാലം മാധ്യമപ്രവര്‍ത്തകരെ കാണാതെ ഒളിച്ച് നടക്കുകയായിരുന്നു മുഖ്യമന്ത്രി. ഭീഷണി വന്നപ്പോഴാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്.

ഇടതു മുന്നണിയിലെ ഒരു പ്രമുഖ കക്ഷിയാണല്ലോ സിപിഐ. അവരുടെ സംസ്ഥാന കമ്മിറ്റിയിലുണ്ടായ ഒരു വിലയിരുത്തല്‍ താന്‍ പത്രങ്ങളില്‍ വായിച്ചിരുന്നു. അതില്‍ പറയുന്നത് മുഖ്യമന്ത്രി പത്തും നാല്‍പതും വാഹനങ്ങളുടെ അകമ്പടിയോടെ പുതുപ്പള്ളിയില്‍ വന്നത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഒരു പൊലീസുകാരന്റെപോലും അകമ്പടിയില്ലാതെയാണ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ വന്നിരുന്നത്.

പത്തും നാല്‍പതും വാഹനങ്ങളുടെ അകമ്പടിയോടെ പിണറായി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വന്നതിലുള്ള അവരുടെ പ്രതികരണം കൂടിയാണ് പുതുപ്പള്ളിയില്‍ ഉണ്ടായത്. ഇത് ഒരു നോണ്‍ പെര്‍ഫോമിംഗ് ഗവണ്മെന്റ് ആണെന്നാണ് ജനങ്ങളുടെ വിലയിരുത്തല്‍ എന്നും എംഎം ഹസന്‍ കൂട്ടിച്ചേര്‍ത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top