
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് മുന്നൂറോളം വീടുകളും അനുബന്ധ സൗകര്യങ്ങളും പൂർത്തീകരിച്ച് ഒന്നാം ഘട്ടമായി ഫെബ്രുവരിയിൽ കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ പുതുവർഷം ഒരു മഹാദുരന്തമുഖത്ത് നിന്നും സംസ്ഥാനം കരകയറി വരുന്ന സമയമായിരുന്നു. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ നടുക്കത്തിലാണ് 2025 ലേക്ക് കേരളം കടന്നത്. ലോകമെമ്പാടുമുള്ള മലയാളികൾ ഒറ്റ മനസ്സോടെയാണ് ദുരന്തബാധിതരോട് ചേർന്നു നിന്നത്. 2026ലേക്ക് കടക്കുന്നത് മറ്റൊരനുഭവവുമായാണ്. ആ ജനതയെ ചേർത്തുപിടിച്ച് അവർക്ക് ഏറ്റവും നല്ലനിലയിൽ വാസസ്ഥലങ്ങൾ ഒരുക്കാൻ കഴിയുന്നതിൻറെ ചാരിതാർഥ്യത്തിലാണ് ഇന്ന് ഓരോ മലയാളിയുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കൽപ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിൽ ടൗൺഷിപ്പ് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് ടൗൺഷിപ്പ്.. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയിൽ. 35 ക്ലസ്റ്ററുകളിലായാണ് ടൗൺഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ ക്ലസ്റ്ററിലും കുട്ടികൾക്ക് കളിക്കുന്നതിനും മുതിർന്നവർക്ക് ഒത്തുകൂടുന്നതിനും ആവശ്യമായ പൊതു ഇടങ്ങൾ ഉൾക്കൊള്ളുന്നു.
11.4 കിലോമീറ്റർ റോഡ്, ഭൂഗർഭ വൈദ്യുതി വിതരണ ശൃംഖല, 9.5 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള കുടിവെള്ള ടാങ്കും വിതരണ ശൃംഖലയും, കൂടാതെ ഓരോ വീട്ടിലും 1000 ലിറ്റർ കുടിവെള്ള ടാങ്ക്, ഫുട്ബാൾ ഗ്രൗണ്ട്, മാർക്കറ്റ്, അംഗൻവാടി, കമ്മ്യൂണിറ്റി ഹാൾ, മാലിന്യ സംസ്‌ക്കരണ കേന്ദ്രങ്ങൾ, പൊതുജന ആരോഗ്യ കേന്ദ്രം, മെമ്മോറിയൽ, ഓരോ വീട്ടിലും സൗരോർജ പ്‌ളാൻറ് തുടങ്ങിയ സൗകര്യങ്ങൾ ടൗണ്ഷിപ്പിലുണ്ടാകും.
207 വീടുകളുടെ വാർപ്പ് പൂർത്തിയായി. ബാക്കി വീടുകളുടെ തറ കെട്ടുന്ന പണി, കോൺക്രീറ്റ് ഭിത്തി, തേപ്പ്, ടൈൽ പാകൽ, പെയിൻറിംഗ് എന്നീ ജോലികൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. 3.9 കിലോമീറ്റർ നീളത്തിൽ റോഡിന്റെ പ്രാരംഭ പണി പൂർത്തിയായി. കുടിവെള്ള ടാങ്കിന്റെ റാഫ്റ്റ് വാർക്കൽ കഴിഞ്ഞു. ആയിരത്തിയറുന്നൂറോളം ജീവനക്കാർ രാപ്പകൽ ഭേദമന്യേ ജോലി ചെയ്യുകയാണ്. 58 ഘട്ടങ്ങളിലായി ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന് അനുമതി നൽകുന്നത്.
20 വർഷത്തോളം വാറൻറിയുള്ള, വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച സാധന സാമഗ്രികളാണ് നിർമ്മാണത്തിനുപയോഗിക്കുന്നത്. സിമൻറ്, മണൽ, മെറ്റൽ, കമ്പി മുതലായവ നിർമ്മാണ സ്ഥലത്ത് സജ്ജീകരിക്കുന്ന ലാബിലെ ടെസ്റ്റ് കൂടാതെ സ്വതന്ത്ര മൂന്നാം കക്ഷിയുടെ പരിശോധന കൂടി നടത്തി ഗുണമേന്മ ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് ഉപയോഗിക്കുന്നത്. മുഴുവൻ നിർമ്മാണങ്ങൾക്കും 5 വർഷത്തേയ്ക്ക് കേടുപാടുകളിൽ നിന്നും കരാറുകാർ സംരക്ഷണം നൽകും.
‘ബിൽഡ് ബാക്ക് ബെറ്റർ’ എന്ന തത്വം ഉൾക്കൊണ്ട് ഓരോ ദുരന്തബാധിതനും കൂടുതൽ മെച്ചപ്പെട്ട ജീവിതം ഉറപ്പ് വരുത്തുന്നതിനായുള്ള സമഗ്ര പുനരധിവാസമാണ് ടൗൺഷിപ്പിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ലൈഫ് ഭവന പദ്ധതിയിലൂടെ പണികഴിഞ്ഞ 5 ലക്ഷം വീടുകൾ എന്ന നേട്ടം അടുത്തമാസം തന്നെ പൂർത്തിയാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തു വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 4,76,076 വീടുകൾ ലൈഫ് വഴി പണി പൂർത്തിയാക്കി കൈമാറി. അത്രയും കുടുംബങ്ങളാണ് അടച്ചുറപ്പുള്ള വീടുകളിലേക്ക് താമസം മാറിയത്. ഈ ഫെബ്രുവരിയിൽ ഇത് അഞ്ചു ലക്ഷം പൂർത്തിയാക്കും. 1,24,471 വീടുകളാണ് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്.
ജനങ്ങൾക്ക് അടിസ്ഥാന അവകാശങ്ങൾ ഉറപ്പ് വരുത്തലാണോ അതല്ല, എല്ലാ ക്ഷേമപ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങി സ്വകാര്യ മൂലധനത്തിന് വഴിമാറലാണോ ഒരു സർക്കാരിന്റെ കടമ എന്നത് ലോകത്താകെ പ്രസക്തമായ മൗലികമായ ഒരു രാഷ്ട്രീയ ചോദ്യമാണ്. ആ ചോദ്യത്തെ സംസ്ഥാന സർക്കാർ അഭിസംബോധന ചെയ്തത് ലൈഫ് മിഷൻ പോലുള്ള സമഗ്രമായ ജനകീയ പദ്ധതികൾ വഴിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2026ൽ ലോകത്തെ ഏറ്റവും വലിയ വെല്ലുവിളി ഭവനമില്ലായ്മയെ മറികടക്കലാണ് എന്ന് വിലയിരുത്തപ്പെടുന്നു. ലോകത്തിൽ അഞ്ചിൽ ഒരാൾ പാർപ്പിടമില്ലാതെ കഷ്ടപ്പെടുകയാണ്. ലോകത്ത് മതിയായ പാർപ്പിട സൗകര്യങ്ങൾ ഇല്ലാത്തവർ ഏകദേശം 160 കോടിയോളം വരുമെന്നാണ് കണക്ക്.
ഒരു തുണ്ട് ഭൂമി ഇല്ലാത്തവരെ മുതൽ സ്വന്തം ഭൂമിയിൽ തുടങ്ങി വെച്ച വീടുപണി പൂർത്തിയാക്കാൻ കഴിയാത്തവരെ വരെ ഉൾപ്പെടുത്തി ഭവനരാഹിത്യം എന്ന പ്രശ്‌നത്തെ അതിൻറെ സമഗ്രതയിൽ അഭിസംബോധന ചെയ്യുകയാണ് ലൈഫ് പദ്ധതിയിലൂടെ സംസ്ഥാനം ചെയ്തത്.
രാജ്യത്തെ പല ഭവനപദ്ധതികളും നാമമാത്രമായ തുക മാത്രമാണ് ഗുണഭോക്താക്കൾക്ക് കൈമാറിയിരുന്നത്. ലൈഫ് മിഷന് കീഴിൽ വീട് നിർമ്മിക്കാൻ പര്യാപ്തമായ തുക യാഥാർഥ്യബോധത്തോടെ കണക്കാക്കി അത് കൈമാറുകയാണ് ചെയ്തത്. ഭവന നിർമ്മാണത്തിന് നാല് ലക്ഷം രൂപ നൽകുന്നുവെന്ന് മാത്രമല്ല, നിർമ്മാണസാമഗ്രികൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിയും തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി തൊഴിലാളികളെ ലഭ്യമാക്കിയുമെല്ലാം ഭവനനിർമ്മാണത്തെ പിന്നെയും സഹായിക്കുന്നു.
പാർശ്വവത്കരിക്കപ്പെട്ടതും ആലംബഹീനരുമായവരെ കണ്ടെത്തി അവർക്കാണ് ആദ്യം വീടുകൾ നിർമിച്ചുനൽകിയത്. മാനസിക വെല്ലുവിളി നേരിടുന്നവർ, ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉള്ളവർ, അഗതികൾ, ട്രാൻസ്‌ജെൻഡേഴ്‌സ്, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, അവിവാഹിതരായ അമ്മമാർ, അപകടത്തിൽപ്പെട്ട് ജോലിചെയ്ത് വരുമാനം കണ്ടെത്താൻ കഴിയാത്തവർ, വിധവകൾ ഇവർക്കൊക്കെയായിരുന്നു മുൻഗണനയെന്നു മുഖ്യമന്ത്രി പറഞ്ഞു.
മാലിന്യമുക്തം നവകേരളം: മാലിന്യമുക്തം നവകേരളം പദ്ധതിയിലൂടെ സമ്പൂർണമാലിന്യ മുക്ത സംസ്ഥാനം എന്ന നിലയിലേക്ക് സമീപനത്തിലും പശ്ചാത്തല സൗകര്യങ്ങളിലും കേരളം ഏറെ മുന്നോട്ട് പോയിട്ടുണ്ട്. പ്രാദേശിക സർക്കാരുകളുടെ അനിവാര്യ ചുമതല കൂടിയാണ് ഈ മേഖല. ഇതിലെ നേട്ടങ്ങൾ നിലനിർത്തുന്നതിനും കൂടുതൽ മുന്നോട്ട് പോകുന്നതിനും നിതാന്ത പരിശ്രമം ആവശ്യമാണ്. ഭാവി ഉറപ്പുള്ളതാക്കാൻ നാട് മാലിന്യ മുക്തമാകേണ്ടതുണ്ട്. ആ ചുമതല എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൂർണമായും ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള കെയർ: പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് വളണ്ടിയർമാരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് സാർവ്വത്രികമായ പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുന്നതിന് കേരള കെയർ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്. ഈ രംഗത്ത് സമർപ്പണ ബോധത്തോടെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇടപെടണമെന്നു മുഖ്യമന്ത്രി പറഞ്ഞു.
അതിദാരിദ്ര്യ മുക്ത കേരളം: അതിദാരിദ്ര്യ മുക്തരായവർ തിരികെ അതിദാരിദ്ര്യത്തിലേക്ക് പോകാനിടവരരുതെന്നു മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രീയമായ സർവ്വേയിലൂടെ കണ്ടെത്തിയ അതിദരിദ്രരെ ഓരോ ആവശ്യങ്ങളും നിർണയിച്ച് മൈക്രോ പ്ലാനുകൾ തയ്യാറാക്കി അതിദാരിദ്ര്യ നിർമ്മാർജനം സമയബന്ധിതമായി സാധ്യമാക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. ഇത്തരം ഒരു സാഹചര്യത്തിൽ തദ്ദേശ തലത്തിൽ പുതിയ ഭരണസമിതികളുടെ ചുമതല കൂടുതൽ വിപുലമാണ്. പലകാരണങ്ങളാൽ അതിദാരിദ്ര്യത്തിലേക്ക് വഴുതിവീഴുന്ന ആൾക്കാരെ അതിൽ നിന്നും മുക്തരാക്കണം. ഈ പ്രക്രിയ നിരന്തരം സൂക്ഷ്മതയോടെ മുന്നോട്ട് കൊണ്ടുപോകേണ്ടതാണ്. അതിനായുള്ള ഇ.പി.ഇ.പി 2.0 പദ്ധതി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യകരമായ മത്സരബുദ്ധിയോടെ ഏറ്റെടുക്കേണ്ടതുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




