
മുനമ്പത്തെ വഖഫ് ഭൂമി പ്രശ്‌നത്തില്‍ പരിഹാരം കാണാനായി ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന സി. എന്‍. രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലാണ് കമ്മീഷന്‍. മൂന്നു മാസത്തിനുള്ളില്‍ കമ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നാണ് സര്‍ക്കാര്‍ കാണുന്നതെന്ന് നിയമ വ്യവസായ മന്ത്രി പി. രാജീവ് വാര്‍ത്താസമ്പേളനത്തില്‍ പറഞ്ഞു. റവന്യു മന്ത്രി കെ. രാജന്‍, വഖഫ് മന്ത്രി വി. അബ്ദുറഹിമാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ആരെയും കുടിയൊഴിപ്പിക്കാതെ തന്നെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഭൂമിയില്‍ കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ലെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.
അവിടെ താമസിക്കുന്നവരുടെ നിയമപരമായ അവകാശം സര്‍ക്കാര്‍ സംരക്ഷിക്കും. ഇനിയൊരു തീരുമാനം ഉണ്ടാകുന്നതുവരെ വഖഫ് ബോര്‍ഡ് നടപടികള്‍ സ്വീകരിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അവര്‍ അത് അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. വഖഫ് ബോര്‍ഡ് പുതിയ നോട്ടിസ് നല്‍കില്ലെന്നും നല്‍കിയ നോട്ടിസുകളില്‍ തുടര്‍നടപടിയുണ്ടാകില്ലെന്നും സമരം പിന്‍വലിക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. കമ്മീഷന്‍ നടപടികള്‍ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




