കുളിക്കാനിറങ്ങിയപ്പോള്‍ മലവെള്ളപ്പാച്ചില്‍; ഇരുവഞ്ഞിപ്പുഴയില്‍ അകപ്പെട്ട യുവാക്കളെ നാട്ടുകാര്‍ സാഹസികമായി കരയ്‌ക്കെത്തിച്ചു

കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയില്‍ പൊടുന്നനെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്തി. നാരങ്ങാത്തോട് പതങ്കയത്ത് പുഴയില്‍ കുളിക്കുകയായിരുന്ന മലപ്പുറം താനൂര്‍ സ്വദേശികളാണു മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്.

അപ്രതീക്ഷിതമായുണ്ടായ കനത്ത മലവെള്ളപ്പാച്ചിലില്‍ ഇരുവരും കരയ്ക്കു കയറാനാകാതെ കുടുങ്ങി. പുഴയിലെ പാറയ്ക്കു മുകളില്‍ കയറിനിന്ന ഇവരെ ഹോംഗാര്‍ഡും പവര്‍ ഹൗസിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് കയര്‍ കെട്ടി സാഹസികമായി കരയ്ക്കെത്തിക്കുകയായിരുന്നു. ഉള്‍വനത്തില്‍ ശക്തമായ മഴ പെയ്തതോടെയാണ് വെള്ളം കുത്തിയൊഴുകിയത്. നിരവധി അപകടങ്ങളുണ്ടായിട്ടുള്ള സ്ഥലമാണ് പതങ്കയം. അടുത്തിടെയും ഇവിടെ അപകടമരണം സംഭവിച്ചിരുന്നു.

അതിനിടെ, കനത്ത മഴയില്‍ തിരുവമ്പാടി പുന്നക്കല്‍ വഴിക്കടവിലെ താത്കാലിക പാലം ഒലിച്ചുപോയി. തിരുവമ്പാടിയില്‍ നിന്ന് പുന്നക്കലിലേക്കുള്ള പാലമാണ് ഒലിച്ചുപോയത്. ഇവിടെ കോണ്‍ക്രീറ്റ് പാലത്തിന്റെ പണി നടക്കുന്നതിനാല്‍ നടക്കാന്‍ താല്‍ക്കാലികമായാണ് പാലം നിര്‍മ്മിച്ചിരുന്നത്. കോഴിക്കോടിന്റെ മലയോരമേഖയില്‍ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് ശേഷം തിരുവമ്പാടി, കൂടരഞ്ഞി, മുക്കം തുടങ്ങിയ മേഖലകളിലാണ് ശക്തമായ മഴ പെയ്തത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top