HIGHLIGHTS : MoU signed for installation of Wayanad Doppler Weather Radar

വയനാട് പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ ഡോപ്ളര്‍ വെതര്‍ റഡാര്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ബത്തേരി രൂപത വികാരി ജനറല്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കീപ്പള്ളി, തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. നീതാ ഗോപാല്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ് എന്നിവര്‍ ഒപ്പുവച്ചു.

റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. കെ.പി സുധീര്‍, സുല്‍ത്താന്‍ ബത്തേരി ശ്രേയസ് ഡയറക്ടര്‍ ഫാദര്‍ ഡേവിഡ് ആലുങ്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
കാലാവസ്ഥ നിരീക്ഷണത്തിനായി വടക്കന്‍ കേരളത്തില്‍ ഒരു റഡാര്‍ സ്ഥാപിക്കുക എന്ന 2010 മുതലുള്ള സംസ്ഥാനത്തിന്റെ ആവശ്യമാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. ബാംഗ്ലൂര്‍ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ തയാറാക്കിയ റഡാര്‍ പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആരംഭിക്കും. 100 കി.മി വിസ്തൃതിയില്‍ കാലാവസ്ഥാ നിരീക്ഷണം നടത്താവുന്ന X ബാന്‍ഡ് റഡാര്‍ ആണ് സ്ഥാപിക്കുന്നത്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും റഡാറിന്റെ പ്രയോജനം ലഭിക്കും. മഴമേഘങ്ങളുടെ സവിശേഷ സ്വഭാവം പഠിക്കാനുള്ള സംവിധാനമാണ് ഡോപ്ളര്‍ വെതര്‍ റഡാര്‍.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര കാലാവസ്ഥാ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പഴശ്ശിരാജ കോളേജില്‍ ദുരന്ത ലഘൂകരണ രംഗത്തെ കോഴ്സുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു