Section

malabari-logo-mobile

ഹരീഷ് വാസുദേവനെതിരെ പരാതിയുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

HIGHLIGHTS : Walayar girls' mother files complaint against Harish Vasudevan

കൊച്ചി: മക്കളുടെ കൊലപാതകത്തില്‍ തന്നെ പ്രതിയാക്കി ചിത്രീകരിച്ചെന്നാരോപിച്ച് അഡ്വക്കേറ്റ് ഹരീഷ് വാസുദേവനെതിരെ ധര്‍മ്മടത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തനിക്ക് മറുപടി പറയാനുള്ള അവസരം നിഷേധിച്ചുകൊണ്ടാണ് ഹരീഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതെന്ന് അവര്‍ പരാതിയില്‍ പറയുന്നു.

വാളയാർ വിഷയത്തിൽ പ്രതികരിക്കാത്തത് എന്താണെന്ന് പലരും ചോദിക്കുന്നു. എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത് എന്നാണ് അവരോട്…

Posted by Harish Vasudevan Sreedevi on Monday, 5 April 2021

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഹരീഷ് ഫെയ്‌സ്ബുക്കില്‍ ഉന്നയിച്ചത്. വാളയാര്‍ സംഭവത്തില്‍ വേദനയുണ്ടെന്നും എന്നാല്‍ കേസിന്റെ നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍ അമ്മയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകള്‍ വ്യക്തമാണെന്ന് ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

sameeksha-malabarinews

ആദ്യ മകള്‍ തൂങ്ങി മരിച്ചപ്പോള്‍ മാതാപിതാക്കള്‍ക്ക് പരാതി ഉണ്ടായിരുന്നില്ല. ഒരിക്കല്‍ അച്ഛനും മറ്റൊരിക്കല്‍ ഒരു പ്രതിയും പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടിട്ടും ആ അമ്മ മിണ്ടിയില്ലെന്ന് ഹരീഷ് ആരോപിച്ചു.

രാഷ്ട്രീയ വിഷയമാകുന്നതിനു മുമ്പുവരെ അവര്‍ക്ക് പരാതി ഉണ്ടായിരുന്നില്ല. എന്തിനാണ് അമ്മ പ്രതികളെ സഹായിക്കുന്ന നിലപാടെടുത്തത്. പെണ്‍കുട്ടികളുടെ അമ്മയെപ്പറ്റിയുള്ള മൊഴികള്‍ വായിക്കുമ്പോള്‍ നമുക്കവരെ ചെന്ന് കൊല്ലാന്‍ തോന്നും. ഇതുപോലൊരമ്മ വേറൊരു കുട്ടികള്‍ക്കും ഉണ്ടാവരുതേയെന്ന് പ്രാര്‍ത്ഥിക്കുമെന്നും ഹരീഷ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ധര്‍മ്മടത്ത് മത്സരിക്കുന്നുണ്ട്. അതേസമയം, എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഹരീഷ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന ചോദ്യം ഉയരുന്നുണ്ട്.

ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

 

വാളയാർ വിഷയത്തിൽ പ്രതികരിക്കാത്തത് എന്താണെന്ന് പലരും ചോദിക്കുന്നു. എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത് എന്നാണ് അവരോട് പറഞ്ഞത്. പറയിപ്പിച്ചേ തീരൂ എന്നു നിർബന്ധിച്ചാൽ എന്ത് ചെയ്യും?
വാളയാറിലെ 2 കുട്ടികളുടെ മരണം അങ്ങേയറ്റം സങ്കടമുണ്ടാക്കിയ സംഭവമാണ്. മന:സാക്ഷി ഉള്ള മനുഷ്യരൊക്കെ അതിൽ വേദനിച്ചു, മിക്കവരും പ്രതികരിച്ചു.
പ്രതികളെ പോക്സോ കോടതി വെറുതെ വിട്ട അന്ന് രാത്രി ഉറങ്ങിയിട്ടില്ല. കുറച്ചു സുഹൃത്തുക്കളോട് സംസാരിച്ചു. പിറ്റേന്ന് മുതൽ ഒരാഴ്ച രേഖകൾ സംഘടിപ്പിച്ചു കേസ് പഠിക്കാനുള്ള ശ്രമം ആയിരുന്നു. ഒരു ലൂപ്പ് ഹോളും ഇല്ലാതെ അപ്പീൽ നൽകാൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കുക എന്നതായിരുന്നു ഉദ്ദേശം. കേസ് പഠിച്ചപ്പോഴാണ് പലതും മനസിലാകുന്നത്.
കേസിന്റെ നാൾവഴി
——-/////—————-
ആദ്യകുട്ടി തൂങ്ങിമരിച്ചു. മാതാപിതാക്കൾക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല. റേപ്പിനുള്ള സാധ്യതകൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും കേസന്വേഷണം വേണ്ടവിധം നടന്നില്ല. അതിലെ സാക്ഷിയായ രണ്ടാമത്തെ കുട്ടി 49 ആം ദിവസം ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തതായി കാണുന്നു. നാട്ടുകാർ ഇടപെട്ടു. അപ്പോഴാണ് പുറംലോകം അറിയുന്നത്.
അന്വേഷണം 52 ആം ദിവസം സോജൻ എന്ന DYSP ഏറ്റെടുത്തു. TP ചന്ദ്രശേഖരൻ വധക്കേസിലെ, കതിരൂർ മനോജ് വധക്കേസിൽ, ദിലീപിനെ അറസ്റ്റ് ചെയ്ത, ജിഷ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത ടീമിലെ പ്രധാനിയാണ് DYSP സോജൻ.
ഒറ്റ ദിവസത്തിനുള്ളിൽ പ്രധാന 4 പ്രതികളെ ടിയാൻ അറസ്റ്റ് ചെയ്തു. രണ്ടാമത്തെ കുട്ടി മരിച്ച സീനിൽ പോയി ആത്മഹത്യ തന്നെയാണോ എന്നു ഉറപ്പിക്കണം എന്നു പോസ്റ്റ്മാർട്ടം റിപ്പോർട്ടിലുണ്ട്. എഴുതിയ ഡോക്ടർ തന്നെ സംഭവ സ്ഥലത്തെത്തി സ്ഥിരീകരിച്ചു.
ചാർജ് ഷീറ്റ് കോടതിയിൽ സമയബന്ധിതമായി സമർപ്പിച്ചു. പ്രതികളുടെ ജാമ്യം തള്ളിച്ചു, അപ്പീലിലും ജാമ്യം തള്ളിച്ചു. ചാർജ് ഷീറ്റ് കൊടുക്കുംവരെ പ്രതികൾ ജയിലിൽ. എന്നാൽ പ്രോസിക്യൂട്ടർ എതിർക്കാത്തതിനെ തുടർന്ന് പിന്നീട് കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ DYSP ഹൈക്കോടതിയിൽ അപ്പീൽ പോയി ജാമ്യം റദ്ദാക്കി. പ്രതികളെ തമിഴ്‌നാട്ടിൽ പോയി അറസ്റ്റ് ചെയ്തു കൊണ്ടുവന്നു. വീണ്ടും ജയിലിലാക്കി. ജാമ്യം കൊടുത്തതിനു ജഡ്ജിക്കുള്ള പരോക്ഷ വിമർശനവും ഹൈക്കോടതിയിൽ നിന്ന് വന്നു.
ഒരു പ്രതി, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെപ്പറ്റി ആ അമ്മ നേരിട്ട് കണ്ടു. മറ്റൊരിക്കൽ അച്ഛനും. ക്രൂരമായ കുറ്റകൃത്യം കണ്ട ആ അമ്മ മിണ്ടിയോ? ഇല്ല. അയാളെ വീട്ടിൽ വിലക്കിയോ? പോലീസിൽ പരാതിപ്പെട്ടോ? ഇല്ല.
എന്തേ? അതേപ്പറ്റി അവർ ഇപ്പോൾ മിണ്ടില്ല.
മറ്റൊരു പ്രതിയോടൊപ്പമാണ് അവർ ആ മുറിയിൽ അന്തിയുറങ്ങിയിരുന്നത്. അയാളും കുട്ടിയെ ഉപദ്രവിച്ചതായി പിന്നീട് തെളിഞ്ഞു.
സാധാരണ കേസുകളിൽ ഇരയുടെ അച്ഛനോ അമ്മയോ സാക്ഷിയായാൽ പോലീസ് CrPC 164 പ്രകാരം മൊഴി കൊടുപ്പിക്കില്ല. കാരണം അവർ മൊഴിമാറ്റുമെന്നു വിശ്വസിക്കാൻ വയ്യ. ഈ കേസിൽ DYSP അവരുടെ 164 മൊഴി മജിസ്‌ട്രേറ്റിന് മുൻപിൽ രേഖപ്പെടുത്തി. എന്തുകൊണ്ടാണെന്ന് രേഖകൾ വായിക്കുമ്പോൾ മനസിലാകും. പൊലീസിന് നൽകിയ മൊഴിയും ജഡ്ജിക്ക് നൽകിയ 164 മൊഴിയും ഒടുക്കം കൂട്ടിൽക്കയറി പറഞ്ഞതും ഒക്കെ തമ്മിലുള്ള വൈരുദ്ധ്യം വിധിയിൽ എടുത്തു പറയുന്നുണ്ട്. ആരുടെ? ഈ അമ്മയുടെ.
164 മൊഴിയിൽ അവർ മന:പൂർവ്വം ഒരു പ്രതിയുടെ പേര് പറഞ്ഞില്ല !! വിഷയം രാഷ്ട്രീയമായി ഏറ്റെടുക്കപ്പെടുന്നത് വരെ കേസ് അന്വേഷണത്തെപ്പറ്റി ഒരു കാലത്തും അവർക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല !!
എന്തിനാണ് ആ അമ്മ പ്രതികളെ സഹായിക്കുന്ന നിലപാട് എടുത്തത്?
പ്രോസിക്യൂട്ടർ ലത ജയരാജ് കേസ് നടത്തി, അടഞ്ഞ മുറിയിൽ. പ്രോസിക്യൂഷനെ സഹായിക്കാം എന്നു DYSP സോജൻ കോടതിയോട് രേഖാമൂലം പറഞ്ഞു. ആവശ്യമില്ലെന്ന് ആ പ്രോസിക്യൂട്ടർ നിലപാട് എടുത്തത് കൊണ്ട് ജഡ്ജി ആ അപേക്ഷ തള്ളി. ഈ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സർക്കാറിനെഴുതി. കോടതിവിധിയിലൂടെ ജോലി വാങ്ങിയ പ്രോസിക്യൂട്ടർ ആയതിനാൽ ആവണം, സർക്കാർ അന്ന് കൈമലർത്തി. ഒന്നാമത്തെ വീഴ്ച.
മൂത്ത പെണ്കുട്ടിയുടെ സുഹൃത്ത് കൊടുത്ത ഒരു മൊഴിയിൽ പറയുന്നുണ്ട് അമ്മ കൂടി അറിഞ്ഞുകൊണ്ട് നടന്ന ബലാൽസംഗത്തെപ്പറ്റി. രണ്ടാനച്ഛൻ ചീത്തയാണെന്ന് കുട്ടി പറഞ്ഞതായി മൊഴിയുണ്ട്. അതേ മുറിയിൽ അതുകഴിഞ്ഞും പ്രതിയോടൊപ്പം ഉറങ്ങിയ അമ്മ എന്ന ആ സ്ത്രീയെപ്പറ്റി മൊഴികളിൽ വായിക്കുമ്പോൾ നമുക്കവരെ പോയി കൊല്ലാൻ തോന്നും. ഇതുപോലൊരമ്മ ഒരു കുട്ടികൾക്കും ഇനി ഉണ്ടാവല്ലേ എന്ന് പ്രാർത്ഥിക്കും.
SC ST അട്രോസിറ്റി ആക്റ്റ് എടുക്കാൻ ഒറ്റ നോട്ടത്തിൽ വകുപ്പില്ലെങ്കിലും ഒരു സർക്കാർ ഉത്തരവിന്റെ ബലത്തിൽ പ്രതികൾക്കെതിരെ ആ വകുപ്പ് ചുമത്തി DYSP. മരിച്ച മക്കളുടെ പേരിൽ ലക്ഷക്കണക്കിന് രൂപയാണ് അവർക്ക് ലഭ്യമാക്കിയത്.
അഡ്വ.രാജേഷ് ഇതിൽ ഒരു പ്രതിക്കായി വക്കാലത്ത് എടുത്തിരുന്നു. ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ ആയപ്പോൾ അത് ഒഴിയുകയും ചെയ്തു. ഇതാണ് ആ കേസിനെ വീണ്ടും വിവാദമാക്കിയത്.
പ്രധാന സാക്ഷികൾ അടക്കം കൂറുമാറുന്നു. അമ്മയുടെ സ്വഭാവദൂഷ്യം, പ്രതികളുമായുള്ള ബന്ധം എന്നിവ ഒളിഞ്ഞും തെളിഞ്ഞും പ്രതിഭാഗം വിചാരണയിൽ കൊണ്ടുവരുന്നു. ഉള്ള തെളിവുകൾ പ്രോസിക്യൂട്ടറോ കോടതിയോ വേണ്ടവിധം വിലയിരുത്തുന്നില്ല. കേസ് നടത്തിപ്പിലെ വീഴ്ച മൂലം മുഴുവൻ പ്രതികളേയും പോക്സോകോടതി വെറുതെ വിട്ടു. സർക്കാരും ആ അമ്മയും അപ്പീൽ നൽകുന്നു. പ്രോസിക്യൂട്ടറെ സർക്കാർ പിരിച്ചുവിടുന്നു. ഹൈക്കോടതി അപ്പീലിൽ തെളിവുകൾ വീണ്ടും പരിശോധിക്കുകയും കീഴ്ക്കോടതിക്കും പ്രോസിക്യൂഷനും വിചാരണയിൽ സംഭവിച്ച പിഴവ് അക്കമിട്ടു നിരത്തുകയും പുനർവിചാരണ ഉത്തരവിടുകയും ചെയ്തു. തെളിവുകൾ നോക്കി നീതി ലഭ്യമാക്കാൻ കീഴ്‌ക്കോടതി ജഡ്ജി തീർത്തും പരാജയപ്പെട്ടതായി ഹൈക്കോടതി നിരീക്ഷിച്ചു.
ഒരു പ്രധാന പ്രതി ഇതോടെ ആത്മഹത്യ ചെയ്തു.
ആ അമ്മ CBI അന്വേഷണം ആദ്യം കോടതിയിൽ ആവശ്യപ്പെട്ടില്ല. പുനർവിചാരണ ഉത്തരവിട്ടശേഷം സർക്കാർ CBI അന്വേഷണത്തിനു സമ്മതിച്ചു, അമ്മയുടെ രണ്ടാമത്തെ കേസിൽ ഹൈക്കോടതി ഉത്തരവിട്ടു. ഇപ്പോൾ അന്വേഷണം നടക്കുകയാണ്. ഒരു കാര്യം എനിക്കുറപ്പാണ്. പോക്സോ നിയമം കർശനമായി നോക്കി CBI കേസ് അന്വേഷിച്ചാൽ, കുട്ടികളോടുള്ള ക്രൂരത കണ്ടിട്ടും തടയാതെ ഇരുന്ന, പോലീസിൽ അറിയിക്കാതിരുന്ന, പ്രതിയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച ആ സ്ത്രീയ്ക്ക് എതിരെ അവർ കേസെടുക്കും എന്നുറപ്പാണ്. നിയമം അനുസരിച്ച് അവരീ കേസിൽ കൂട്ടുപ്രതിയാകേണ്ടതാണ്.
കേസന്വേഷിച്ച പോലീസുകാർക്ക് വീഴ്ച പറ്റിയോ എന്നന്വേഷിക്കാൻ സർക്കാർ ജസ്റ്റിസ്.ഹനീഫയെ ജുഡീഷ്യൽ കമ്മീഷനായി വെച്ചു. ജസ്റ്റിസ്.ഹനീഫ റിപ്പോർട്ട് അനുസരിച്ച് CI ചാക്കോ കുറ്റക്കാരനാണ്. ഇനി ഒരിക്കലും ഒരു കേസും ചാക്കോ അന്വേഷിക്കരുത് എന്ന ഉത്തരവ് ഇറക്കി. പോരാ, അയാളെ പിരിച്ചു വിടണമായിരുന്നു. DYSP സോജനു എതിരെ ഒരു കുറ്റവും കമ്മീഷൻ റിപ്പോർട്ടിലില്ല. അമ്മയും സർക്കാരും കൊടുത്ത അപ്പീൽ കേസിൽ പോലും ഹൈക്കോടതി സോജന്റെ അന്വേഷണത്തെ പുകഴ്ത്തുന്ന നിരീക്ഷണം നടത്തി.
(സംശയമുള്ളവർ വിധി വായിച്ചു നോക്കുക Crl. Appeal No.1357 of 2019 ലെ 103 ആം പാരഗ്രാഫ്).
ഉള്ളിൽ തട്ടുന്ന 2 വരികൾ കൂടി ജസ്റ്റിസ്.ഹരിപ്രസാദും ജസ്റ്റിസ്.അനിതയും എഴുതിയ ഹൈക്കോടതി വിധിയിലുണ്ട്. “Materials on record clearly indicate that the poor girls living in an unsafe family environment. We are able to visualise the predicament in which the unfortunate children could have been placed; whom to be trusted?”.
ആ കുട്ടികൾ ആരെ വിശ്വസിക്കണമായിരുന്നു എന്ന് !!
രേഖകൾ എല്ലാം കണ്ട ജഡ്ജിമാർ ഇതിൽക്കൂടുതൽ എന്ത് പറയാൻ !!!
നീതി ലഭ്യമാക്കാൻ പരാജയപ്പെട്ട പ്രോസിക്യൂഷൻ ആ തെറ്റ് സമ്മതിച്ചു തിരുത്തി മുന്നോട്ടു പോകുന്നു. CBI അഡീഷണൽ കുറ്റപത്രം നൽകും. ഇനിയെന്ത് ചെയ്യണമെന്നാണ്??
ഏതെങ്കിലും ഒരാളെ പോലീസ് അറസ്റ്റ് ചെയ്തില്ല / രക്ഷിച്ചു എന്ന ഒരു പരാതിയും ആ അമ്മയ്ക്കോ അവരേ രാഷ്ട്രീയ വേഷം കെട്ടിക്കുന്നവർക്കോ ഇല്ല. ഉണ്ടോ?
ഏത് രേഖയുടെ അടിസ്ഥാനത്തിലാണ് DYSP ക്ക് എതിരെ ഇനി നടപടി എടുക്കാനാകുക? ആരെങ്കിലും ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിനെ ചോദ്യം ചെയ്തോ? ഇതുവരെ ഇല്ല. ഹൈക്കോടതി വിധിയെ? ഇല്ല. പിന്നെ??
രണ്ടു മക്കൾ നഷ്ടപ്പെട്ട ആ സ്ത്രീയോട് ഉള്ള എന്റെ എല്ലാ സഹതാപവും അവരുടെ ചെയ്തികൾ അറിഞ്ഞപ്പോൾ ഇല്ലാതായി. ആ കുട്ടികൾക്ക് നീതി നിഷേധിച്ച പോലീസ് സിസ്റ്റത്തിനും സർക്കാരിനും കോടതിക്കും മുൻപ് അതിലും കടുത്ത കുറ്റവാളിയാണ് ആ അമ്മ.
ആ കുട്ടികളുടെ ആത്മാവ് ആ സ്ത്രീയോട് പൊറുക്കില്ല എന്നെനിക്ക് ഉറപ്പാണ്.
തെരഞ്ഞെടുപ്പ് കാലത്ത്, ഇതുമായി പുലബന്ധം ഇല്ലാത്ത വ്യക്തികൾക്ക് എതിരെ നട്ടാൽകുരുക്കാത്ത നുണ പ്രചരിപ്പിക്കാനും, അത് പൊളിഞ്ഞു വീഴും മുൻപ് താൽക്കാലിക ലാഭം ഉണ്ടാക്കാനും പറ്റിയേക്കും. പക്ഷെ എല്ലാവരെയും എല്ലാക്കാലത്തും പറ്റിക്കാൻ പറ്റില്ല.
ഞാൻ ചാലഞ്ച് ചെയ്യുന്നു, എഴുതിയതിൽ ഒരു വരി നുണയാണെന്നു തെളിയിക്കാനായാൽ എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം. നമുക്ക് കോടതിയിൽ കാണാം.
അഡ്വ.ഹരീഷ് വാസുദേവൻ.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!