HIGHLIGHTS : Son beats mother and throws her out of the house. Mother throws her son out of the house on the order of the High Court....

തിരൂരങ്ങാടി: വീട്ടില്‍ നിന്നും ഇറക്കിവിട്ട അമ്മക്ക് ഹൈക്കോടതി ഉത്തരവില്‍ വീട് ലഭിച്ചു. തൃക്കുളം അമ്പലപ്പടിയിലെ അമ്മയുടെ സ്ഥലത്ത് മകന് സുരേഷ് കുമാര്‍ പണിത വീടാണ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് അധികൃതരും പൊലീസും ചേര്‍ന്ന് അമ്മക്ക് ലഭ്യമാക്കിയത്. തൃക്കുളം അമ്പലപ്പടി സ്വദേശി പരേതനായ തണ്ടശ്ശേരി വീട്ടില്‍ കുമാരന്റെ ഭാര്യ 78 വയസ്സുള്ള രാധയെയാണ് ഏക മകന് വീട്ടില്‍ നിന്നും അടിച്ചിറക്കിയിരുന്നത്. തുടര്‍ന്ന് രാധ ആര്.ഡി.ഓയെ സമീപിച്ചു.

2021-ല്‍ ആര്.ഡി.ഒ അമ്മക്ക് അനുകൂലമായി അമ്പലപ്പടിയിലെ വീട്ടില്‍ താമസിക്കാന്‍ ഉത്തരവിറക്കി. ഇത് മകന് ചോദ്യം ചെയ്ത് ജില്ലാ കലക്ടറെ സമീപിച്ചു. 2023-ല്‍ ജില്ലാ കലക്ടറുടെ ഉത്തരവും അമ്മക്ക് അനുകൂലമായുണ്ടായി. തുടര്‍ന്ന് മകന് ഹൈക്കോടതിയെ സമീപിച്ചു. 2025-ല്‍ ഹൈക്കോടതിയും അമ്മക്ക് അനുകൂലമായി വിധിച്ചു.
ഇതോടെ കഴിഞ്ഞ മാസം 28-ന് തിരൂരങ്ങാടി തഹസീല്‍ദാര്‍ പി.ഒ സാദിഖിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി അമ്മക്ക് വീട് ലഭ്യമാക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ സാധനങ്ങള്‍ മാറ്റാന്‍ സമയം വേണമെന്ന ആവശ്യം പരിഗണിച്ച് അഞ്ച് ദിവസത്തെ സമയം അനുവദിച്ചു മടങ്ങിയതായിരുന്നു. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ സബ് കലക്ടര്‍ ദിലീപ് കെ കൈനിക്കരയുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും തിരൂരങ്ങാടി എസ്.ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹവും വീട്ടിലെത്തി. വീട് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വീട്ടിലുണ്ടായിരുന്ന പേരമകള്‍ വാതില്‍ തുറക്കാന്‍ തെയ്യാറായില്ല.ഇതോടെ പൂട്ട് പൊളിച്ച് അകത്ത് കയറിയ ഉദ്യോഗസ്ഥ സംഘം വീടിനകത്ത് കയറുന്നത് അറിഞ്ഞ വീടിന്റെ അകത്തുണ്ടായിരുന്ന പേരമകള്‍ വീടിന്റെ മുകളിലെ നിലയിലെ റൂമില്‍ കയറി വാതിലടച്ചു. ആ റൂമിന്റെയും പൂട്ട് പൊളിച്ച് ഇവരെ പുറത്താക്കിയ ശേഷമാണ് അമ്മയെ വീട്ടിലേക്ക് കയറ്റിയത്. ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് വിദ്യാര്‍ത്ഥിയായ പത്തൊന്‍പത് കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ശാരീരിക ആക്രമണവും മറ്റും കാരണം ഏഴ് വര്‍ഷത്തോളമായി മകളുടെ വീട്ടിലാണ് താമസിച്ചിരുന്നതെന്നും മകന്റെയും കുടുംബത്തിന്റെയും ഭാഗത്ത് നിന്നും ശാരീരിക ആക്രമണവും മാനസിക ആക്രമണവും ഉണ്ടായിരുന്നതായും വൃദ്ധരായ മാതാപിതാക്കളെ നോക്കാത്ത എല്ലാ മക്കള്‍ക്കും ഇതൊരു പാഠമാണെന്നും വീട്ടില്‍ തിരികെ ലഭിച്ച അമ്മ പറഞ്ഞു.
ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നതിന് സബ് കലക്ടര്‍ക്ക് പുറമെ തിരൂരങ്ങാടി തഹസീല്‍ദാര്‍ പി.ഒ സാദിഖ്, എല്‍.ആര് തഹസീല്‍ദാര്‍ എന്‍ മോഹനന്, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ എ സുലൈമാന്‍, കെ.പി ഗോവിന്ദന് കുട്ടി, മറ്റു റവന്യൂ ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥരും എത്തിയിരുന്നു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു