HIGHLIGHTS : Mohanlal will visit the distressed area in Wayanad; Vishwashanthi Foundation will donate 3 crores
മേപ്പാടി:ദുരന്ത ബാധിത പ്രദേശം സന്ദര്‍ശിച്ച് ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍. ശനിയാഴ്ച രാവിലെ കോഴിക്കോട്ടുനിന്നും റോഡുമാര്‍ഗമാണ് മോഹന്‍ലാല്‍ വയനാട്ടിലെത്തിയത്. ആദ്യം മേപ്പാടിയിലെ സൈനിക ക്യാമ്പിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഉരുള്‍പ്പൊട്ടലുണ്ടായ മുണ്ടക്കൈ , പുഞ്ചിരിമട്ടം എന്നീ മേഖലകള്‍ സന്ദര്‍ശിച്ചു.
ദുരിതാശ്വാസ ദൗത്യത്തില്‍ മുന്‍നിരയില്‍ നിന്ന എന്റെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ടിഎ മദ്രാസിന്റെ പ്രയത്‌നങ്ങള്‍ക്ക് ഞാന്‍ നന്ദിയറിയിക്കുന്നു വെന്നും ഇവിടെ പ്രവര്‍ത്തിക്കുന്ന ഒരോരുത്തരോടും നന്ദിയറിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. മാതാപിതാക്കളുടെ പേരില്‍ മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്ന് കോടി സംഭാന നല്‍കുമെന്നും ഉരുള്‍പ്പൊട്ടലില്‍ നശിച്ച മുണ്ടക്കൈ സ്‌കൂള്‍ പുതുക്കി പണിയുമെന്നും അദേഹം അറിയിച്ചു.
മുകളിലേക്ക്‌പോയി കാണുമ്പോഴാണ് വ്യാപ്തി മനസിലാകുന്നതെന്നും ഇന്ത്യകണ്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നാണിതെന്നും അദേഹംപറഞ്ഞു.
മോഹന്‍ലാല്‍ നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു. വയനാട് ദുരന്തബാധിതര്‍ക്ക് ആശ്വാസം പകരാന്‍ നിസ്വാര്‍ത്ഥരായ സന്നദ്ധപ്രവര്‍ത്തകര്‍, പൊലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍ഡിആര്‍എഫ്, സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി അക്ഷീണം പ്രയത്‌നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു- മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
സൈന്യത്തില്‍ ലഫ്‌നന്റ് കേണല്‍ കൂടിയായ അദേഹം ജോലിയുടെ ഭാഗം കൂടിയായാണ് മേഖല സന്ദര്‍ശിച്ചത്. മുണ്ടക്കൈയില്‍ കുറച്ച് നേരം വാഹനം നിര്‍ത്തിയ ശേഷം ഉരുള്‍പ്പൊട്ടല്‍ നാശംവിതച്ച മേഖലകളില്‍ സന്ദര്‍ശിച്ചു. സംവിധായന്‍ മേജര്‍ രവിയും അദേഹത്തിനൊപ്പമുണ്ടായിരുന്നു.