വ്യക്തിത്വ അവകാശ സംരക്ഷണം; ഡീപ്‌ഫേക്കിനെതിരെ മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡൽഹി: തന്റെ ശബ്ദവും ചിത്രങ്ങളും എഐ ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നതിനെതിരെ മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ. മോഹൻലാലിന്റെ ശബ്ദം ക്ലോൺ ചെയ്തും ഡീപ്പ് ഫെയ്‌ക്ക് വീഡിയോകൾ നിർമ്മിച്ചും ബോഡി ഷെയിമിംഗ് നടത്തുന്നുവെന്നും താരത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജസ്റ്റിസ് ജ്യോതി സിങ്ങിന്റെ ബെഞ്ചാണ് അതീവ ഗൗരവകരമായ ഈ കേസ് പരിഗണിച്ചത്.

അനുമതിയില്ലാതെ പരസ്യങ്ങളിലും എഐ വീഡിയോകളിലും നടന്റെ ചിത്രം, ശബ്ദം, സംഭാഷണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് തടയണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ലോൺ ചെയ്ത ശബ്ദം ഉപയോഗിച്ച് ആരെങ്കിലും തട്ടിപ്പ് നടത്തിയാൽ അതിന്റെ ഉത്തരവാദിത്തം നടന്റെ മേൽ വരുമെന്ന ആശങ്കയും അഭിഭാഷകൻ കോടതിയിൽ പങ്കുവെച്ചു. എഐ നിർമ്മിത വീഡിയോകൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ബോഡി ഷെയിമിംഗ് നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാദിഭാഗം ഹാജരാക്കിയ ലിങ്കുകൾ പരിശോധിച്ച കോടതി, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ആളുകൾ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതിൽ ആശ്ചര്യം പ്രകടിപ്പിച്ചു. ലിങ്കുകളിലെ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യാൻ വാക്കാൽ നിർദേശം നൽകി. ആമസോണിനും ഗൂഗിളിനുവേണ്ടി അഭിഭാഷകർ കോടതിയിൽ ഹാജരായി.

Share news
error: Content is protected !!
Scroll to Top