ദില്ലി: ഇന്ത്യന്‍ പ്രധനമന്ത്രി നരേന്ദ്രമോദി പാക് വിരുദ്ധനും, ഇസ്ലാം വിരുദ്ധനുമാണെന്ന് മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ജനറല്‍ പര്‍വ്വേസ് മുഷാറഫ്. പാകിസ്ഥാനെതിരെ കരു നീക്കങ്ങള്‍ക്ക് മുതിരാനാണ് മോഡി ശ്രമിക്കുന്നത് എങ്കില്‍ ദാരുണമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും മുഷാറഫ് പറഞ്ഞു. ഒരു പാക് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് മുഷാറഫ് ഇക്കാര്യം വ്യക്തമാക്കിയത്.
പാകിസ്ഥാന്‍ ആണവശേഷിയുള്ള ശക്തമായ രാഷ്ട്രമാണെന്നും അതിനാല്‍ മോഡിയെ ഒരു വൈസ്രോയിയെ പോലെ കാണേണ്ട ആവശ്യം പാകിസ്ഥാനില്ലെന്നും മുഷാറഫ് താക്കീത് നല്‍കി. ഇന്ത്യയും, പാകിസ്ഥാനും ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കാന്‍ ശ്രമിക്കുന്ന അവസരത്തിലാണ് മുഷാറഫിന്റെ ഈ പ്രസ്താവന.
അതേസമയം മുഷാറഫിന്റെ ഈ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ്സും, ബിജെപിയും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. മുഷാറഫ് ഇന്ത്യ പാക് സമാധാന ശ്രമങ്ങളുടെ ശത്രുവാണെന്നും, കാര്‍ഗില്‍ യുദ്ധത്തിന് തിരികൊളുത്തിയ വ്യക്തിയാണെന്നും, ബിജെപി ദേശീയ വക്താവ് സമ്പിത്ത് പത്ര പ്രതികരിച്ചു. ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ മുഷാറഫ് ആരാണെന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ മുഷാറഫ് ഇടപെടാറുണ്ടെന്ന് കോണ്‍ഗ്രസ്സ് നേതാവ് റഷീദ് ആല്‍വി പറഞ്ഞു. രോഗിയായ മുഷാറഫ് പറയുന്ന കാര്യങ്ങള്‍ക്ക് ചെവികൊടുക്കേണ്ടതില്ലെന്ന് കേന്ദ്ര മന്ത്രിയും മുന്‍ കരസേനമേധാവിയുമായ വി കെ സിംഗ് പരിഹസിച്ചു.




