ദില്ലി: രാജ്യം മുഴുവന്‍ ആഞ്ഞടിച്ച മോദി തരംഗത്തിലും അടിപതറാതെ തലയുയര്‍ത്തി നിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ട് പെണ്‍പുലികള്‍. തമിഴകത്തിന്റെ പുരൈടിച്ചി തലൈവി ജയലളിതയും, വംഗനാടിന്റെ പുത്രി മമതാബാനര്‍ജിയും. രണ്ടിടത്തും ബിജെപി ഒരു പ്രധാന എതിര്‍കക്ഷിയല്ലെങ്കിലും ഈ സുനാമി ഇരു സംസ്ഥാനങ്ങളിലും ഏശിയില്ല.
എഐഎഡിഎംകെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇക്കുറി ജയലളിത സ്വന്തമാക്കിയിരിക്കുന്നത്. 39 സീറ്റില്‍ 37 സീറ്റും പിടിച്ചെടുത്ത് എഐഎഡിഎംകെ റെക്കോര്‍ഡ് വിജയമാണ് നേടിയെടുത്തിരിക്കുന്നത്. മുഖ്യ എതിരാളിയായ ഡിഎംകെ മുന്നണി ഒരു സീറ്റില്‍ പോലും വിജയിക്കാതെ നിലം പരിശായപ്പോള്‍ ബിജെപിയുടെ വിശാലസഖ്യത്തിന് രണ്ട് സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
പശ്ചിമബംഗാളില്‍ ആഞ്ഞടിച്ചത് തൃണമൂല്‍ തരംഗമായിരുന്നു. 42 സീറ്റില്‍ 34 എണ്ണവും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സ്വന്തമാക്കി. ഇവിടെ കോണ്‍ഗ്രസ്സ് നാലും സിപിഎമ്മിനും ബിജെപിക്കും രണ്ട് സീറ്റുകള്‍ വീതവും മാത്രമാണ് ലഭിച്ചത്.
ഒറീസയില്‍ ബിജു ജനതാദള്ളാണ് ഇത്തരത്തില്‍ വെന്നിക്കൊടി നാട്ടിയ മറ്റൊരു മുഖ്യമന്ത്രി.




