വാരണസി : ഹിന്ദു മതത്തിന്റെ അദ്ധ്യാത്മിക കേന്ദ്രങ്ങളായ പുരി, ദ്വാരക, ശങ്കരാചാര്യ മഠാധിപന്‍മാര്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിക്കെതിരെ രംഗത്ത്. ഹിന്ദുമതം ഏറ്റവും വലിയ പാപമയി കരുതുന്ന നരഹത്യ നടത്തിയ ആളാണ് മോദി എന്നും, മോദിയുടെ കൈകളിലും മുഖത്തും നിരപരാധികളുടെ ചോരക്കറയുണ്ടെന്ന ഗുരുതരമായ വിമര്‍ശനമാണ് പുരി ശങ്കരാചാര്യര്‍ നടത്തിയിരിക്കുന്നത്.
ഇന്ന് മോദി പഴയ ചായ വില്‍പ്പനക്കാരന്‍ അല്ല മറിച്ച് കോടീശ്വരനാണെന്നും മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തെരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുക്കുകയാണെന്നും ദ്വാരകാ ശങ്കരാചാര്യര്‍ സ്വാമി സ്വരൂപാനന്ദ പറഞ്ഞു. അടുത്ത ആഴ്ചയില്‍ കൂടുതല്‍ ഹൈന്ദവ സ്ഥാപനങ്ങളെ കൂടി പങ്കെടുപ്പിച്ച് മോദിക്കെതിരെ പ്രചരണത്തിനിറങ്ങാനൊരുങ്ങുകയാണ് ഇവര്‍.
നേരത്തെ ‘ഹരഹരമോദി’ എന്ന ഗീതം ചൊല്ലിയുള്ള മോദി സ്തുതി പാഠകരുടെ പ്രചരണത്തിനെതിരെ ശങ്കരാചാര്യ മഠങ്ങള്‍ രംഗത്ത് വന്നിരുന്നു. ബിജെപി ഹിന്ദു മതത്തെ ദുരുപയോഗം ചെയ്യുകയാണെന്ന വികാരം പല ഹൈന്ദവ അദ്ധ്യാത്മിക കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.
ഹിന്ദു മതത്തിന്റെ അദ്ധ്യാത്മിക വൈജ്ഞാനിക കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്ന ഈ ശക്തമായ വിമര്‍ശനങ്ങള്‍ ബിജെപിയുടെ മോദിയാണ് ഭാവി പ്രധാനമന്ത്രി എന്ന പ്രചരണത്തിന് കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.




