ഏ.ആര്‍ നഗര്‍ ബാങ്ക് ലീഗ് നേതാക്കളുടെ സ്വിസ് ബാങ്ക്; 1021കോടി രൂപയുടെ തട്ടിപ്പെന്ന് കെടി ജലീല്‍;

മലപ്പുറം; മലപ്പുറം ഏ ആര്‍ നഗര്‍ സര്‍വ്വീസ് ബാങ്ക് ലീഗ് നേതാക്കളുടെ സ്വിസ് ബാങ്കെന്ന് കെ.ടി ജലീല്‍ എംഎല്‍എ. ഈ ബാങ്കില്‍ 1021 കോടി രൂപയുടെ ദേശദ്രോഹ കള്ളപ്പണ, ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നുവെന്ന് ജലീല്‍ ഇന്ന് വൈകീട്ട് മലപ്പുറത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതിന്റെയല്ലാം സൂത്രധാരര്‍ പികെ കുഞ്ഞാലിക്കുട്ടിയും ദീര്‍ഘകാലം സക്രട്ടറിയായിരുന്നു ഹരികുമാറുമാണ്.

275 കസ്റ്റമര്‍ ഐഡികളില്‍ മാത്രം 862 വ്യാജ അകൗണ്ടുകള്‍ ഉണ്ടാക്കിയാണ് പണാപഹാരണവും, കള്ളപ്പണ സൂക്ഷിപ്പും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഹരികുമാര്‍ നടത്തിയെന്നും ജലീല്‍ പറയുന്നു. ഹരികുമാര്‍ കൃത്രിമമായി സൃഷ്ടിച്ച ബിനാമി അകൗണ്ടുകള്‍ വഴി 114 കോടി രൂപയുടെ അനധികൃത ഇടപാടുകള്‍ നടന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു റാന്‍ഡം പരിശോധനയില്‍ കണ്ടെത്തിയ 257 കസ്റ്റമര്‍ ഐഡി പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തിയിരിക്കുന്നതെന്നും ്. എന്നാല്‍ എ.ആര്‍ നഗര്‍ സഹകരണ ബാങ്കിലെ മുഴുവന്‍ കസ്റ്റമര്‍ ഐഡികളും പരിശോധിക്കപ്പെട്ടാല്‍ കള്ളപ്പണ ഇടപാടില്‍ രാജ്യത്തെതന്നെ ഞെട്ടിക്കുന്ന പകല്‍ കൊള്ളയുടെ ചുരുളഴിയുമെന്നും ജലീല്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയും സംഘവും ഏആര്‍ നഗര്‍ ബാങ്കിനെ അവരുടെ സ്വിസ് ബാങ്ക് ആയി മാറ്റിയെന്നും ജലീല്‍ ആരോപിച്ചു.

മുന്‍ താനൂര്‍ എംഎല്‍എയും ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ
അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ 50 ലക്ഷം വായ്പ അടക്കം പല വായ്പകളും അനധികൃതമാണെന്ന് സഹകരണവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിങ് ഇടപാടുകള്‍ നടത്തുന്ന സോഫ്റ്റ്വെയറില്‍ ഡാറ്റാബേസില്‍ കസ്റ്റമര്‍ ഐഡി കളിലെ മേല്‍വിലാസങ്ങള്‍ 4.11.2019 ന് ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ചുമതലയേറ്റ തീയതിമുതല്‍ ഹരികുമാര്‍ വ്യാപകമായി തിരുത്തലുകള്‍ നടത്തിയിട്ടുണ്ടെ
ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായി. ഇത്തരത്തില്‍ അഡ്രസുകളില്‍ വ്യാപകമായി മാറ്റം വരുത്തിയത് ഹരികുമാര്‍ ആണെന്ന് ഇപ്പോഴത്തെ സെക്രട്ടറി രേഖാമൂലം സ്റ്റേറ്റ്‌മെന്റ് നല്‍കിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നും ജലീല്‍ പറഞ്ഞു.

ഏആര്‍ നഗര്‍ ബാങ്കില്‍ ഇന്‍കം ടാക്‌സ് നടത്തിയ റെയ്ഡിന് ശേഷം അവര്‍ 257 കസ്റ്റമര്‍ ഐഡികളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സഹകരണ വകുപ്പിനോട് ആവിശ്യപ്പെട്ടിരുന്നു. കൂടാതെ മുന്‍ സക്രട്ടറി ഹരികുമാറിന്റെയും, അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും ജില്ലയില്‍ മറ്റുള്ള സഹകരണബാങ്കുകളിലുള്ള അകൗണ്ടുകളെ കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവിശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് സഹകരണ അസി. രജിസ്റ്റാറും മൂന്ന് സഹകരണ ഇന്‍സ്‌പെക്ടര്‍മാരുമടങ്ങിയ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളാണ് ഈ വകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളത്. ഇന്‍കംടാക്‌സ് നടത്തുന്ന തുടര്‍ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.

 

 

 

 

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top