കോവിഷീല്‍ഡ്; രണ്ടാം ഡോസ് 28 ദിവസത്തിനുശേഷം എടുക്കാമെന്ന് ഹൈക്കോടതി

കൊച്ചി: കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് 28 ദിവസത്തിനുശേഷം എടുക്കാമെന്ന് കേരള ഹൈക്കോടതി. കോവിന്‍ വെബ്‌സൈറ്റില്‍ ഇതിന് വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ കോടതി നിര്‍ദേശം നല്‍കി. വാക്‌സിന്‍ ഇടവേളയില്‍ ഇളവ് തേടി കിറ്റെക്‌സ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷം മാത്രമേ നല്‍കാനാകൂവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇത് തള്ളിക്കൊണ്ടാണ് ആവശ്യക്കാര്‍ക്ക് രണ്ടാം ഡോസ് 28 ദിവസത്തിനകം എടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്സിന് ഇളവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

ആദ്യ ഡോസ് വാക്സിനെടുത്ത് നാല്‍പ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാന്‍ അനുമതി നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റെക്സ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കോവിഡ് വാക്സിന്‍ ഇടവേളയില്‍ ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

എണ്‍പത്തിനാല് ദിവസം ഇടവേള നിശ്ചയിച്ചത് വാക്സിന്‍ ക്ഷാമം മൂലമല്ല, മറിച്ച് ഫലപ്രാപ്തി കണക്കിലെടുത്താണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top