എം കെ രാഘവനെതിരെ കേസെടുത്തു

കോഴിക്കോട്: ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട് യുഡിഎഫ് ലോകസഭ സ്ഥാനാര്‍ത്ഥിയും നിലവിലെ എംപിയുമായ എം കെ രാഘവനെതിരെ കേസെടുത്തു. അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.

ടിവി9 എന്ന ഹിന്ദി ചാനല്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ കോഴിക്കോട് നഗരത്തില്‍ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് അഞ്ചുകോടി രൂപയുടെ കോഴവാഗ്ദാനവും അത് സ്വീകരിക്കാന്‍ തയ്യാറായതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ടിവി9 വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ കോണ്‍ഗ്രസ് ബിജെപി എംപിമാര്‍ കുടുങ്ങിയിരുന്നു. കേരളത്തില്‍ ചില ഇടത് എംപിമാരെയും ചാനല്‍ സംഘം സമീപിച്ചിരുന്നു.

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇവ വ്യാജമാണെന്നും ഇതിന് പിറകില്‍ സിപിഎം ജില്ലാ കമ്മിറ്റിയുടെ ഗൂഢാലോചനയാണെന്നും രാഘവന്‍ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ഈ ദൃശ്യങ്ങളിലെ ശബ്ദം എഡിറ്റ് ചെയ്തതാണെന്നും വ്യാജമാണെന്നും വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു. ഇതോടെ ചാനല്‍ അധികൃതര്‍ ഈ ദൃശ്യങ്ങള്‍ പോലീസിന് കൈമാറുകയും അവ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. അന്വേഷണത്തില്‍ ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്ന് തെളിഞ്ഞതോടെ പോലീസ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ നിയമോപദേശം തേടുകയായിരുന്നു.

Related Articles