മാധ്യമപ്രവര്‍ത്തകയോട് മോശം പെരുമാറ്റം: സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തു. ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. പരാതിയില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. മാപ്പു പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമല്ലെന്നും വിഷയത്തെ ഗൗരവമായാണു വനിത കമ്മിഷന്‍ കാണുന്നതെന്നും സതീദേവി വ്യക്തമാക്കി.

ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന്റെ ഇടയിലാണ് വിവാദ സംഭവം നടന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ ചുമലില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി പിടിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ ചുമലില്‍ വയ്ക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റുകയായിരുന്നു. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പ് പറച്ചില്‍ അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തക നിയമ നടപടിയുമായി മുന്നോട്ട് പോയത്.

സംഭവത്തില്‍ ഇന്ന് രാവിലെയാണ് മാധ്യമപ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഈ പരാതി പിന്നീട് നടക്കാവ് പൊലീസിന് കൈമാറി. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആരോപിച്ചത്. സംഭവം അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ കമ്മീഷണര്‍ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top