സ്‌കൂള്‍ ആരോഗ്യ പരിശോധനയിലൂടെ 14 കാരിയ്ക്ക് പുതുജീവിതം കുട്ടിയുമായി സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്

HIGHLIGHTS : Minister Veena George shares joy with 14-year-old girl as she gets a new lease on life through school health checkup

careertech

സാക്രല്‍ എജെനെസിസ് (Sacral Agenesis) കാരണം അറിയാതെ മലവും മൂത്രവും പോകുന്നതുമൂലം ഏറെ ബുദ്ധിമുട്ടിയിരുന്ന 14 വയസുകാരിയ്ക്ക് ഇപ്പോള്‍ ആ ബുദ്ധിമുട്ടുകളില്ലാതെ ധൈര്യമായി സ്‌കൂളില്‍ പോകാം. ആരോഗ്യ വകുപ്പിന്റെ കൃത്യമായ ഇടപെടലിലൂടെ ആ പെണ്‍കുട്ടി സാധാരണ ജീവിതത്തിലേക്കും സ്‌കൂളിലേക്കും എത്തിയിരിക്കുകയാണ്. ഫീല്‍ഡുതല സന്ദര്‍ശനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിലെ ഉന്നതതല സംഘം വീട്ടിനടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി കുട്ടിയെ നേരില്‍ കണ്ട് സംസാരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീഡിയോ കോള്‍ വഴി കുട്ടിയുമായും ടീം അംഗങ്ങളുമായും സംസാരിച്ചു. കുട്ടിയെ സാധാരണ ജീവിതത്തിലേക്ക് എത്തിച്ച മുഴുവന്‍ ടീം അംഗങ്ങളേയും മന്ത്രി അഭിനന്ദിച്ചു.

സ്‌കൂള്‍ ആരോഗ്യ പരിശോധനയ്ക്കായി എത്തിയ ആരോഗ്യ കേരളം നഴ്‌സ് ലീനാ തോമസിന്റെ ഇടപെടലാണ് കുട്ടിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. കുട്ടിയുടെ ക്ലബ് ഫൂട്ടിനെ കുറിച്ചും ചികിത്സയെക്കുറിച്ചും സംസാരിച്ച് പിരിയുമ്പോള്‍ പെട്ടെന്നാണ് കുട്ടി ഡയപ്പര്‍ ധരിച്ചിരിക്കുന്നത് ശ്രദ്ധിച്ചത്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് തന്റെ ജന്മനായുള്ള അസുഖത്തെ കുറിച്ച് നഴ്‌സിനോട് പറയുന്നത്. അറിയാതെ മലവും മൂത്രവും പോകുന്നതുമൂലം ദിവസവും 5 മുതല്‍ 6 വരെ ഡയപ്പര്‍ ധരിച്ചാണ് ഓരോ ദിവസവും തള്ളിനീക്കിയിരുന്നത്. ഇതുമൂലം വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു.

sameeksha-malabarinews

നട്ടെല്ലിന്റെ താഴ് ഭാഗത്തെ എല്ല് പൂര്‍ണമായി വളരാത്തതുമൂലം ആ ഭാഗത്തെ നാഡികള്‍ വളര്‍ച്ച പ്രാപിക്കാതെ അവ തൊലിയോട് ഒട്ടിച്ചേര്‍ന്നിരിക്കുന്ന ഒരു അപൂര്‍വ്വ അവസ്ഥയാണ് ഈ രോഗം. അഞ്ച് വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ കോട്ടയത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചിരുന്നെങ്കിലും ശസ്ത്രക്രിയ സങ്കീര്‍ണമായതിനാല്‍ ജന്മനായുള്ള ഈ അസുഖത്തിന് പരിഹാരമില്ലെന്ന് കണ്ട് ചികിത്സ ഉപേക്ഷിക്കുകയായിരുന്നു.

പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ നഴ്‌സ് ലീനാ തോമസ് ജില്ലാ ആര്‍.ബി.എസ്.കെ. കോ-ഓര്‍ഡിനേറ്റര്‍ക്ക് സ്‌ക്രീനിംഗ് റിപ്പോര്‍ട്ട് നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഏകോപിപ്പിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പാക്കുകയായിരുന്നു. സ്വകാര്യ ആശുപത്രികളില്‍ അതിസങ്കീര്‍ണമായ ഈ ശസ്ത്രക്രിയക്ക് കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും ചെലവ് വരും. നട്ടെല്ലിനോട് ചേര്‍ന്നുള്ള ഭാഗത്തെ ശാസ്ത്രക്രിയായതിനാല്‍ പരാജയപ്പെട്ടാല്‍ ശരീരം പൂര്‍ണമായിത്തന്നെ തളര്‍ന്നുപോകാനും മലമൂത്ര വിസര്‍ജനം അറിയാന്‍ പറ്റാത്ത അവസ്ഥിലാകാനും സാധ്യതയുണ്ട്. അതിസങ്കീര്‍ണമായ ഈ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം വിജയകരമാക്കിയത്. തുടര്‍ചികിത്സയ്ക്കും പരിചരണത്തിനും ശേഷം കുട്ടി ഡയപ്പര്‍ ആവശ്യമില്ലാതെ സന്തോഷത്തോടെ സ്‌കൂളില്‍ പോകുകയാണ്.

ആര്‍.ബി.എസ്.കെ. നഴ്സ് ലീനാ തോമസ്, ആര്‍.ബി.എസ്.കെ. കോ-ഓര്‍ഡിനേറ്റര്‍ ഷേര്‍ളി സെബാസ്റ്റ്യന്‍, ആശാ പ്രവര്‍ത്തക ഗീതാമ്മ, ഡി.ഇ.ഐ.സി. മാനേജര്‍ അരുണ്‍കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ്, കോട്ടയം മെഡിക്കല്‍ കോളേജിലെ ടീം തുടങ്ങിയവരാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചതിന് പിന്നില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!