ഡെങ്കിപ്പനിയില്‍ നിന്നും രക്ഷനേടാം: സഞ്ചരിക്കുന്ന അവബോധ വാന്‍ മന്ത്രി വീണാ ജോര്‍ജ് ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു

HIGHLIGHTS : Minister Veena George flags off the mobile awareness van to protect against dengue fever

cite

തിരുവനന്തപുരം: ഡെങ്കിപ്പനി അവബോധത്തിന് സജ്ജമാക്കിയ സഞ്ചരിക്കുന്ന അവബോധ വാനിന്റെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഈ അവബോധ വാന്‍ തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അവബോധം നല്‍കുന്നതാണ്.
ഈ വാനിലൂടെ ഡെങ്കിപ്പനി അവബോധ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കും. കൊതുകിന്റെ ഉറവിട നശീകരണത്തില്‍ സ്വന്തം വീട്ടിലും സ്ഥാപനത്തിലും അവരവര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് വ്യക്തമാക്കുന്നതാണ് വീഡിയോകള്‍. മഴക്കാലം മുന്നില്‍ കണ്ട് ദേശീയ ഡെങ്കിപ്പനി ആചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് എല്ലാ ജില്ലകളിലും അവബോധം ശക്തമാക്കിയിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനിയ്‌ക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഉറവിട നശീകരണത്തിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളും പൊതുജനങ്ങളും ശ്രദ്ധിക്കണം. വീട്ടിലോ സ്ഥാപനത്തിലോ അകത്തോ പുറത്തോ വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഉണ്ടാകരുത്. കൃത്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കാനും സംസ്ഥാനത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ആവശ്യമായ പരിശീലനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. ഏത് പനിയും പകര്‍ച്ചപ്പനി ആകാന്‍ സാധ്യതയുള്ളതിനാല്‍ വൈദ്യ സഹായം തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടുകൂടി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ്. മേയ് 23, മേയ് 30 തീയതികളില്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടക്കും. ഇത് കൂടാതെ എല്ലാ വീടുകളിലും എല്ലാ സ്ഥാപനങ്ങളിലും സ്‌പെഷ്യല്‍ ഡ്രൈ ഡേയും ആചരിക്കണം. സ്‌കൂള്‍ തുറക്കുന്നത് മുന്നില്‍ കണ്ട് സ്‌കൂളും പരിസരവും കൂടി ശ്രദ്ധിക്കേണ്ടതാണ്.

എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീത്ത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!