
2025-26 അധ്യയന വര്‍ഷത്തെ സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങള്‍ നടത്തി വരുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂള്‍ കുട്ടികളുടേയും കെട്ടിടങ്ങളുടേയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ജൂണ്‍ 2 ന് സ്‌കൂള്‍ തുറക്കലിനു മുന്നോടിയായി സ്‌കൂള്‍ പരിസര ശുചീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടപ്പിലാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി സ്‌കൂള്‍ കെട്ടിടത്തിന്റെ ഫിറ്റ്നസ് വളരെ പ്രധാനപ്പെട്ടതാണ്. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ക്ലാസുകള്‍ നടത്തുവാന്‍ കഴിയൂ. സുരക്ഷ മുന്‍നിര്‍ത്തി സ്‌കൂള്‍ പരിസരം വൃത്തിയാക്കേണ്ടതും അപകടകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതുമാണ്. സ്‌കൂളില്‍ സുരക്ഷിതവും പ്രചോദനപരവുമായ ഒരു പഠനാന്തരീക്ഷം ഉണ്ടായിരിക്കേണ്ടതാണ്. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.
അധ്യയനവര്‍ഷാരംഭം മുതല്‍ കുട്ടികളുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നല്‍കേണ്ടതുണ്ട്. വീട്ടില്‍ നിന്നു സ്‌കൂളിലേക്കും സ്‌കൂളില്‍ നിന്നും വീട്ടിലേയ്ക്കും കുട്ടികള്‍ സഞ്ചരിക്കുമ്പോള്‍ ഉണ്ടാവേണ്ട യാത്രാസുരക്ഷ, സ്വകാര്യ വാഹനങ്ങള്‍, പൊതുവാഹനങ്ങള്‍, സ്‌കൂള്‍ ബസ് തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി പാലിക്കേണ്ട മുന്‍കരുതലുകള്‍, റോഡ്, റെയില്‍വേ ലൈന്‍ എന്നിവ ക്രോസ് ചെയ്യുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍, ജലഗതാഗതം ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ഇതെല്ലാം സ്‌കൂള്‍ തലത്തില്‍ അവലോകനം നടത്തി വേണ്ടത്ര സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി പറഞ്ഞു.
സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂളും പരിസരവും നന്നായി വൃത്തിയാക്കണം. പി.ടി.എ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന തുടങ്ങിയ ജനകീയ ഘടകങ്ങളെ മുന്‍നിര്‍ത്തി ക്ലാസ്സ് മുറികളും, സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിന് മുന്‍കൈയെടുക്കണം. സ്‌കൂള്‍ അന്തരീക്ഷം ആകര്‍ഷകമാക്കുന്നതിനു വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തേണ്ടതാണ്.
സ്‌കൂള്‍ അടുക്കള, പാചകം ചെയ്യുന്ന പാത്രങ്ങള്‍ തുടങ്ങിയവ നിര്‍ബന്ധമായും ശുചീകരിക്കേണ്ടതും അണുവിമുക്തമാക്കേണ്ടതുമാണ്. ഉപയോഗശേഷം സൂക്ഷിച്ചിരിക്കുന്ന ധാന്യങ്ങള്‍, മറ്റ് കാലാവധി കഴിഞ്ഞ ഭക്ഷണ വസ്തുക്കള്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നില്ലെന്ന് പ്രധാന അദ്ധ്യാപകന്‍ ഉറപ്പുവരുത്തേണ്ടതാണ്. പാചകത്തൊഴിലാളികള്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തുവെന്ന് ഉറപ്പാക്കണം. സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ ഉച്ചഭക്ഷണ വിതരണം ആരംഭിക്കേണ്ടതാണ്.
ജില്ലകളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, കോര്‍പ്പറേഷന്‍ മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ആര്‍.ഡി.ഡി, എ.ഡി – വി.എച്ച്.എസ്.സി, ഡയറ്റ് പ്രിന്‍സിപ്പാള്‍, ഡി.പി.സി എന്നിവരുടെ യോഗം ജില്ലാതലത്തില്‍ ചേരുന്നതിനാവശ്യമായ നടപടികള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ കൈക്കൊള്ളേണ്ടതും സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുമാണ്. സ്‌കൂള്‍ തലത്തില്‍ പി.റ്റി.എ യോഗം ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതാണ്. യാത്രാസുരക്ഷ സ്‌കൂള്‍ ബസ്സുകളില്‍ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്നസ് മുതലായവ സംബന്ധിച്ച് മോട്ടോര്‍വാഹന വകുപ്പ് നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കണം. കൂടാതെ ഓട്ടോ, ടാക്സി, വാന്‍, പ്രൈവറ്റ് ബസ് എന്നിവയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള യാത്ര ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍/അസോസിയേഷനുമായിബന്ധപ്പെട്ട് ചര്‍ച്ച നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.
കുട്ടികളുടെ ബസ് യാത്രയില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് കൃത്യമായ സ്റ്റോപ്പുകളില്‍ കുട്ടികള്‍ക്ക് ഇറങ്ങുന്നതിനും കയറുന്നതിനും ആവശ്യമായ സമയം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണം. ബസിന്റെ ഫുട്ബോഡില്‍ നിന്ന് കുട്ടികള്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ തുടര്‍നടപടി സ്വീകരിക്കേണ്ടതാണ്. കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി, പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷന്‍ അധികാരികളുടെ സഹായം തേടേണ്ടതാണ്. സ്‌കൂള്‍ കുട്ടികളുടെ യാത്രാ സമയങ്ങളില്‍ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ നിയന്ത്രണം ബന്ധപ്പെട്ട അധികാരികള്‍ ഉറപ്പു വരുത്തണം.
ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. എല്ലാ സ്‌കൂളുകളിലും സംസ്ഥാനതല ഉദ്ഘാടന സമ്മേളനം തത്സമയം പ്രദര്‍ശിപ്പിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തണം. അതിനുശേഷമായിരിക്കണം ജില്ലകളില്‍ സ്‌കൂള്‍തല പ്രവേശനോത്സവവും, ജില്ലാതല പ്രവേശനോത്സവവും നടത്തേണ്ടത്. സ്‌കൂള്‍ പ്രവേശന നടപടികള്‍ സുഗമമായി പൂര്‍ത്തികരിക്കണമെന്ന് മന്ത്രി പറഞ്ഞു.
പ്രവേശനോത്സവ പരിപാടികള്‍ വിപുലമായ രീതിയില്‍ ജനകീയ ഘടകങ്ങളുമായി ആലോചിച്ച് സംഘടിപ്പിക്കണം. കൃത്യസമയത്തു തന്നെ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. സ്‌കൂളിനെ ഒറ്റ യൂണിറ്റായി കണ്ട് പ്രവേശനോത്സവം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍/ഹെഡ്മാസ്റ്റര്‍മാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കേണ്ടതാണ്.
ഈ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ഉപജില്ലാ/ജില്ലാവിദ്യാഭ്യാസ ഓഫീസ് തലങ്ങളില്‍ പ്രിന്‍സിപ്പാള്‍, പ്രധാനാധ്യാപകരുടെ യോഗം വിളിച്ചു ചേര്‍ക്കേണ്ടതും ഡയറ്റ് ഫാക്കല്‍റ്റി അക്കാര്യത്തില്‍ ഓഫീസര്‍മാരെ സഹായിക്കേണ്ടതുമാണ്. ഈ വര്‍ഷത്തെ ടൈംടേബിള്‍ തയ്യാറാക്കുമ്പോള്‍ കലാ-കായിക-സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ എന്നിവയ്ക്ക് സമയം ലഭിക്കത്തക്ക രൂപത്തില്‍ ടൈംടേബിള്‍ തയ്യാറാക്കണം. മെയ് 27 ന് ഡി.ഡി. മാര്‍ എയിഡഡ് മാനേജ്‌മെന്റിന്റെയും സര്‍ക്കാര്‍ സ്‌കൂളുകളുടെയും സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കണം.
ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന തടയല്‍, പരിസര ശുചിത്വം, വ്യക്തിശുചിത്വം, വൈകാരിക നിയന്ത്രണം ഇല്ലായ്മ, പൊതുമുതല്‍ നശീകരണം, ആരോഗ്യ പരിപാലനം, നിയമ ബോധവല്‍ക്കരണം, മൊബൈല്‍ ഫോണിനോടുള്ള അമിതാസക്തി, ഡിജിറ്റല്‍ ഡിസിപ്ലീന്‍, ആരോഗ്യകരമല്ലാത്ത സോഷ്യല്‍ മീഡിയാ ഉപയോഗം എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് ജൂണ്‍ 2 മുതല്‍ രണ്ടാഴ്ചക്കാലം ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാവുന്നതാണ്. പൊതുവായിട്ടുള്ള ഒരു മാര്‍ഗ്ഗരേഖ ഉണ്ടാക്കി രണ്ട് ദിവസം വര്‍ക്ക്ഷോപ്പ് നടത്തി പോലീസ്, എക്സൈസ്, ബാലവകാശ കമ്മീഷന്‍, സോഷ്യല്‍ ജസ്റ്റിസ്, എന്‍.എച്ച്.എം., വിമന്‍ ആന്റ് ചൈല്‍ഡ് ഡവലപ്മെന്റ്, എസ്.സി.ഇ.ആര്‍.ടി., കൈറ്റ്, എസ്.എസ്.കെ. എന്നിവയുടെ നേതൃത്വത്തില്‍ ക്ലാസ്സുകള്‍ നടത്തും.
സംസ്ഥാനത്തെ ആയിരത്തി അറുന്നൂറ്റി എണ്‍പത് ഗവണ്‍മെന്റ്, എയിഡഡ്, ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ സൗഹൃദ ക്ലബ്ബുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. സ്‌കൂളുകളിലെ അധ്യാപകന്‍/അധ്യാപികയ്ക്ക് സൗഹൃദ കോര്‍ഡിനേറ്റര്‍മാരുടെ ചുമതല നല്‍കിയിട്ടുണ്ട്. കോര്‍ഡിനേറ്റര്‍മാര്‍ക്ക് 4 ദിവസത്തെ പരീശീലനം നടത്തിയിട്ടുണ്ട്. കൗമാരക്കാരായ കുട്ടികള്‍ക്കിടയിലെ ആത്മഹത്യ പ്രവണത തടയാനും മികച്ച മാനസിക ആരോഗ്യം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതാണ് സൗഹൃദ ക്ലബ്ബുകള്‍.
സ്‌കൂളില്‍ മെന്ററിംഗ് ശക്തിപ്പെടുത്തുകയും മൈന്റര്‍മാര്‍ നിരന്തരം വിദ്യര്‍ത്ഥികളോട് സമ്പര്‍ക്കം പുലര്‍ത്താനും ആയതിന്റെ ഡയറി സൂക്ഷിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആത്മഹത്യ പ്രവണതയ്ക്കെതിരെ ബോധവല്‍ക്കരണം, ടെലി കോണ്‍ഫറന്‍സിംഗ്, പരീക്ഷ പേടി എന്നിവ സംബന്ധിച്ച പരിപാടികളുടെ ഉദ്ഘാടനം ജൂണ്‍ 2 ന് സ്‌കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടക്കും.
പ്ലസ് വണ്‍ പ്രവേശനം നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ഇന്നു മുതല്‍ ഈ മാസം 20 വൈകുന്നേരം 5 മണി വരെ നടത്താം. ഇതുവരെ പതിമൂവായിരം അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. കാന്റിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കുകയും നാലായിരത്തി അഞ്ഞൂറ് പേര്‍ അപേക്ഷ സമര്‍പ്പണം പൂര്‍ത്തീകരിക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




