ജൂനിയര്‍ അഭിഭാഷകയ്ക്ക് ക്രൂരമര്‍ദനം; അഡ്വ. ബെയ്‌ലിന്‍ ദാസിനെ വിലക്കി ബാര്‍ കൗണ്‍സില്‍

തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ബെയിലിന്‍ ദാസിനെതിരെ ബാര്‍ കൗണ്‍സില്‍ നടപടി. അഡ്വ. ബെയ്‌ലിന്‍ ദാസിനെ ഇന്ന് മുതല്‍ പ്രാക്റ്റീസ് ചെയ്യുന്നത് ബാര്‍ കൗണ്‍സില്‍ വിലക്കി. അച്ചടക്കനടപടി കഴിയുന്നതുവരെയാണ് വിലക്ക്. ബെയ്‌ലിന്‍ കാരണം കാണിക്കല്‍ ദാസിന് നോട്ടീസ് നല്‍കുമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു.

അച്ചടക്ക കമ്മിറ്റി തീരുമാനം അറിഞ്ഞ ശേഷം അന്തിമ തീരുമാനമെടുക്കും. ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അഭിഭാഷകനെ സഹായിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും നടന്നത് അസാധാരണ സംഭവമാണെന്നും ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ടി എസ് അജിത്ത് പ്രതികരിച്ചു.

അഭിഭാഷകയായ ശാമിലിയെ ബെയ്‌ലിന്‍ ദാസ് അതിക്രൂരമായി ആക്രമിച്ചിട്ട് 24 മണിക്കൂര്‍ പിന്നിടുമ്പോഴും പ്രതി ഒളിവിലാണ്. മര്‍ദ്ദനത്തില്‍ കവിളെല്ലിനും കണ്ണിനും ഗുരുതരപരുക്കുള്ള ശമാലി ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. തന്നെ മര്‍ദ്ദിച്ച പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയാണെന്നും അഭിഭാഷകന്റെ ഓഫീസില്‍ കയറി പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ആകില്ലെന്ന് പറഞ്ഞ് പൊലീസിനെ മടക്കിയെന്നുമുള്ള ആരോപണം ആവര്‍ത്തിക്കുന്നു. ഗര്‍ഭിണിയായിരിക്കെ വക്കീല്‍ ഓഫീസിനകത്ത് വെച്ച് നേരത്തെയും തന്നെ ബെയിലന്‍ ദാസ് മര്‍ദ്ദിച്ചിരുന്നുവെന്നും അഭിഭാഷക പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി ബാര്‍ കൗണ്‍സിലിനും, ബാര്‍ സോസിയേഷനും ശാമിലി നേരിട്ടെത്തി ഇന്ന് പരാതി നല്‍കിയിരുന്നു.

വിഷയം അതീവ ഗൗരവമുള്ളതാണെന്നാണ് ബാര്‍ കൗണ്‍സില്‍ നിലപാട്. സംഭവത്തിന് പിന്നാലെ മുങ്ങിയ പ്രതി ബെയ്‌ലിന്‍ ദാസ് ഒളിവിലാണെന്നാണ് വഞ്ചിയൂര്‍ പൊലീസ് പറയുന്നത്. ഉച്ചയോടെ തെളിവ് ശേഖരത്തിനായി അഭിഭാഷകയുമായി പൊലീസ് വഞ്ചിയൂരിലെ ഓഫീസിലെത്തി തെളിവ് ശേഖരിച്ചു. പൊലീസ് അന്വേഷണം തുടരുന്നതിനിടെ പ്രതി പൂന്തുറയിലെ ആശുപത്രിയിലെത്തി ചികിത്സ തേടിയെന്നാണ് വിവരം. അതേസമയം, കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനും ബെയ്‌ലിന്‍ ദാസ് നീക്കം തുടങ്ങി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top