HIGHLIGHTS : Husband's extramarital affair cannot be considered cruelty or abetment to suicide, says Delhi High Court

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ആത്മഹത്യാ പ്രേരണയായി കാണാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹേതരബന്ധം ക്രൂരതയോ ആത്മഹത്യയ്ക്കുള്ള പ്രേരണയോ അല്ല. ഭാര്യയെ ഉപദ്രവിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ ഇത്തരം ബന്ധങ്ങള്‍ ക്രൂരതയായി കണക്കാക്കാന്‍ കഴിയില്ല. ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജീവ് നരുലയാണ് ഈ പരാമര്‍ശം നടത്തിയത്.

സ്ത്രീധനത്തിന്റെ പേരിലുള്ള മരണത്തിന് വിവാഹേതര ബന്ധം സംബന്ധിച്ച പ്രശ്‌നങ്ങളുമായി ബന്ധമുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ സാധിക്കണമെന്നും കോടതി വ്യക്തമാക്കി. തെളിവില്ലെങ്കില്‍ ഭര്‍ത്താവിനുമേല്‍ ആ കുറ്റം ചുമത്താന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് സഞ്ജീവ് നരുല വിശദീകരിച്ചു. 2024 മാര്‍ച്ച് 18-ന് ഭര്‍ത്താവിന്റെ വീട്ടില്‍വെച്ച് ഭാര്യ അസ്വാഭാവിക മരണമടഞ്ഞതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഈ പരാമര്‍ശം. ഐപിസി സെക്ഷന്‍ 306 (ആത്മഹത്യാ പ്രേരണ), 498 എ (ക്രൂരത), 304 ബി (സ്ത്രീധന മരണം) എന്നീ വകുപ്പുകള്‍ കേസില്‍ ഭര്‍ത്താവിനെതിരെ ചാര്‍ത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ ഭര്‍ത്താവിന് കോടതി ജാമ്യം അനുവദിച്ചു.
‘അപേക്ഷകന് ഒരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്. ചില വീഡിയോകളും ചാറ്റ് റെക്കോര്‍ഡുകളും തെളിവായി പ്രോസിക്യൂഷന്‍ നല്‍കുന്നുണ്ട്. അത്തരമൊരു ബന്ധം നിലവിലുണ്ടെന്ന് എന്നിരുന്നാല്‍ തന്നെയും, വിവാഹേതര ബന്ധം ഐപിസി സെക്ഷന്‍ 498 എ പ്രകാരമുള്ള ക്രൂരതയോ, ഐപിസി സെക്ഷന്‍ 306 പ്രകാരമുള്ള ആത്മഹത്യാ പ്രേരണയോ അല്ലെന്ന് നിയമം പറയുന്നു.’ മരിച്ചയാളെ ഉപദ്രവിക്കാനോ പീഡിപ്പിക്കാനോ ഉദ്ദേശിച്ചാണ് കുറ്റാരോപിതന്‍ പ്രസ്തുത വിവാഹേതര ബന്ധം തുടര്‍ന്നത് എന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ വകുപ്പുകളൊന്നും നിലനില്‍ക്കുന്നതല്ലെന്നും കോടതി പറഞ്ഞു.
‘ഐപിസി സെക്ഷന്‍ 304 ബി പ്രകാരമുള്ള കുറ്റം പ്രതിയില്‍ ചാര്‍ത്താന്‍ വിവാഹേതര ബന്ധം ഒരു കാരണമാകരുത്,’ കോടതി പറഞ്ഞു. ക്രൂരതയും പീഡനവും സ്ത്രീധനം ആവശ്യപ്പെട്ടതുമായോ, ‘മരണത്തിന് തൊട്ടുമുമ്പ്’ സംഭവിച്ച മാനസിക പീഡനവുമായോ ബന്ധിപ്പിക്കണമെന്ന് കോടതി പറഞ്ഞു. 2024 മാര്‍ച്ച് മുതല്‍ കുറ്റാരോപിതന്‍ കസ്റ്റഡിയിലാണെന്നും, അദ്ദേഹത്തെ തുടര്‍ച്ചയായി തടവില്‍ പാര്‍പ്പിക്കുന്നതില്‍ കാര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം അവസാനിച്ചതിന് ശേഷം കുറ്റപത്രം സമര്‍പ്പിച്ചതായും വിചാരണ സമീപഭാവിയില്‍ അവസാനിക്കാന്‍ സാധ്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റാരോപിതന്‍ ഇനി തെളിവുകള്‍ നശിപ്പിക്കാനോ നീതി നടപ്പാക്കുന്നതില്‍ നിന്ന് രക്ഷപ്പെടാനോ ഉള്ള സാധ്യതയില്ലെന്നും, ജാമ്യം അനുവദിക്കുന്നതിന്റെ ലക്ഷ്യം ശിക്ഷയോ, പ്രതിരോധിക്കലോ അല്ലെന്നത് സ്ഥാപിതമായ കാര്യമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും അതേ തുകയുടെ രണ്ട് ആള്‍ജാമ്യത്തിലും കുറ്റാരോപിതനെ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടു.
ഭര്‍ത്താവിന് സഹപ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്നും അത് ചോദ്യം ചെയ്തപ്പോള്‍ അയാള്‍ അവളെ ശാരീരികമായി പീഡിപ്പിച്ചുവെന്നുമായിരുന്നു ഭാര്യയുടെ കുടുംബത്തിന്റെ ആരോപണം. ഭാര്യയെ പതിവായി ഗാര്‍ഹിക പീഡനത്തിന് വിധേയമാക്കി. അയാള്‍ വാങ്ങിയ കാറിന് ഭാര്യയുടെ കുടുംബം ഇഎംഐ അടയ്ക്കാന്‍ നിര്‍ബന്ധിച്ചതായും കുറ്റാരോപണമുണ്ട്. അതെസമയം സ്ത്രീയോ അവരുടെ കുടുംബമോ ജീവിച്ചിരിക്കുമ്പോള്‍ ഇത്തരമൊരു പരാതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ പ്രഥമദൃഷ്ട്യാ സ്ത്രീധന പീഡന അവകാശവാദത്തെ അടിയന്തിരമായി സ്വീകരിക്കാനും നീതീകരിക്കാനും കഴിയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു