
ഹാജിമാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സ്ത്രീകള്‍ക്ക് മാത്രമായി നിര്‍മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ കേന്ദ്ര ഹജ്ജ് നയം വരുന്നതിന് മുമ്പ് തന്നെ സംസ്ഥാനം കരട് തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു. കേരളത്തിന്റെ 70% ആവശ്യങ്ങളും നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹാജിമാരുടെ സൗകര്യത്തിനായി പ്രത്യേക പ്രതിനിധിയായി ജിദ്ദ കോണ്‍സുലേറ്റിലേക്ക് ഐ.എ.എസ്. ഓഫീസറെ അയക്കണമെന്ന കേരളത്തിന്റെ ആവശ്യ പ്രകാരമാണ് മുന്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലികിനെ സര്‍ക്കാര്‍ അയച്ചത്. ഹാജിമാര്‍ക്ക് അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെടാം. മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളിലും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഹജ്ജ് കര്‍മ്മത്തിന്റെ പേരില്‍ ചില സ്വകാര്യ ഗ്രൂപ്പുകള്‍ നികുതി വെട്ടിക്കുന്നതിന് കൂട്ട് നില്‍ക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ ഹാജിമാരില്‍ നിന്ന് ഈടാക്കിയ ജി.എസ്.ടി വിഹിതം അടക്കാന്‍ ചില സ്വകാര്യ ഗ്രൂപ്പുകള്‍ തയ്യാറാകാത്തതിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങള്‍ മന്ത്രിയുടെയോ ഹജ്ജ് കമ്മിറ്റിയുടെയോ പേരില്‍ കെട്ടിവെക്കുന്നത് ശരിയല്ല. സ്വകാര്യ ഗ്രൂപ്പുകളെ നിരോധിക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടില്ല. എന്നാല്‍ നിരവധി തീര്‍ത്ഥാടകരില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിലുള്ള ഇടപെടല്‍. നികുതി വെട്ടിപ്പിന് ഒരു കാരണവശാലും കൂട്ട് നില്‍ക്കാന്‍ കഴിയില്ലെന്നു മന്ത്രി ആവര്‍ത്തിച്ചു.
ഈ വര്‍ഷത്തെ കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം തുറമുഖ- പുരാവസ്തു – പുരാരേഖാ വകുപ്പ് മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. ടി.വി ഇബ്‌റാഹീം എം.എല്‍. എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
എം.പിമാരായ അബ്ദുസമദ് സമദാനി, ഇടി മുഹമ്മദ് ബഷീര്‍, എം എല്‍ എ മാരായ പി ടി എ റഹീം, മുഹമ്മദ് മുഹ്‌സിന്‍, ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടികെ ഹംസ, മദ്‌റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.പി അബ്ദുല്‍ ഗഫൂര്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ അലി അബ്ദുള്ള, ജില്ലാ കളക്ടര്‍ വി ആര്‍ പ്രേംകുമാര്‍, കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി ടി ഫാത്തിമത്ത് സുഹറ, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പന്‍ മുഹമ്മദലി, വാര്‍ഡ് കൗണ്‍സിലര്‍ അലി വെട്ടോടന്‍, അഡ്വ. മൊയ്തീന്‍ കുട്ടി, കെഎം മുഹമ്മദ് കാസിം കോയ, ഉമര്‍ ഫൈസി മുക്കം, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഐ.പി. അബ്ദുസലാം, ഡോ.ഇ.കെ. അഹ്‌മദ് കുട്ടി, എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി എം ഹമീദ് തുടങ്ങിയവര്‍ പങ്കെടുത്തു. സയ്യിദ് ഇബ്രഹീം ഖലീലുല്‍ ബുഖാരി പ്രാര്‍ത്ഥന നിര്‍വഹിച്ചു.
ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10.30 കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വ്വഹിച്ചത്. ആദ്യ വിമാനത്തിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം കണ്ണൂരില്‍ ഞായറാഴ്ച പുലര്‍ച്ചെ 1.45 നും കരിപ്പൂരില്‍ പുലര്‍ച്ചെ 4.25 നും കായിക ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിക്കും.
സംസ്ഥാനത്ത് നിന്നും ഇത്തവണ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി 11,121 പേര്‍ക്കാണ് ഇതുവരെ ഹജ്ജിന് അവസരം ലഭിച്ചത്. ഇതില്‍ 1369 പേര്‍ എഴുപത് വയസ് പൂര്‍ത്തിയായ റിസര്‍വേഷന്‍ കാറ്റഗറിയിലുള്ളവരും 2733 പേര്‍ ലേഡീസ് വിത്തൗട്ട് മെഹ്‌റം വിഭാഗവും ശേഷിക്കുന്ന 7019 പേര്‍ ജനറല്‍ വിഭാഗത്തില്‍ പെട്ടവരുമാണ്.
കോഴിക്കോട് എംബാര്‍ക്കേഷന്‍ വഴി 2628 പുരുഷന്മാരും 4306 സ്ത്രീകളും ഉള്‍പ്പടെ 6934 പേരും കണ്ണൂരില്‍ നിന്നും 759 പുരുഷന്മാരും 1184 സ്ത്രീകളും അടക്കം 1943 പേരും കൊച്ചിയില്‍ നിന്നും 903 പുരുഷന്മാരും 1341 സ്ത്രീകളും അടക്കം 2244 പേരാണ് യാത്രയാവുന്നത്. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും കൊച്ചിയില്‍ നിന്നും സഊദി എയര്‍ലൈന്‍സ് വിമാനവുമാണ് ഹാജിമാരെ കൊണ്ടുപോവുക.
കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം ഐ.എക്‌സ് 3027 പുലര്‍ച്ചെ 1.45 ന് പുറപ്പെട്ട് സഊദി സമയം പുലര്‍ച്ചെ 5.45 ന് ജിദ്ധയിലെത്തും. ഇതില്‍ 73 പുരുഷന്മാരും 72 സ്ത്രീകളുമായാരിക്കും യാത്രയാവുക.
കോഴിക്കോട് നിന്നും ആദ്യ ദിവസമായ ഞായറാഴ്ച രണ്ട് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. പുലര്‍ച്ചെ 4.25 ന് ഐ.എക്‌സ് 3031 നമ്പര്‍ വിമാനവും രാവിലെ 8.30 ന് ഐ.എക്‌സ് 3021 നമ്പര്‍ വിമാനവുമാണ് സര്‍വ്വീസ് നടത്തുക. ഓരോ വിമാനത്തിലും 145 പേരാണ് യാത്രയാവുക. ആദ്യ വിമാനത്തില്‍ 69 പുരുഷന്മാരും 76 സ്ത്രീകളും രണ്ടാമത്ത വിമാനത്തില്‍ 77 പുരുഷന്മാരും 68 സ്ത്രീകളുമായിരിക്കും പുറപ്പെടുക.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




