പരമ്പരാഗത മത്സ്യബന്ധന രീതികള്‍ക്ക് പകരം കൂടുതല്‍ സുരക്ഷിതവും ആധുനികവുമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ആഴക്കടല്‍ മത്സ്യബന്ധന രീതി നടപ്പിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പറവണ്ണ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന തിരൂര്‍ നിയോജക മണ്ഡലം തീരസദസ്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന-ക്ഷേമകാര്യ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണകരമായി എന്നറിയുന്നതിനാണ് തീരസദസ്സ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഫിഷറീസ് മേഖലയില്‍ മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ ശൃംഖല സൃഷ്ടിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മത്സ്യതൊഴിലാളികള്‍ ഇന്‍ഷൂറന്‍സ് എടുക്കുന്നതില്‍ വിമുഖത കാണിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച മത്സ്യതൊഴിലാളികളെയും കുടുംബാംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. ഫിഷറീസ് വകുപ്പ്, മത്സ്യഫെഡ്, മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നിവ വഴിയുള്ള ആനുകൂല്യങ്ങളും പരിപാടിയില്‍ വിതരണം ചെയ്തു.
പരിപാടിയില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായി. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍ എന്നിവര്‍ മുഖ്യാതിഥികളായി. തീര സദസ്സിലും അതിന് മുന്നോടിയായി നടന്ന മുഖാമുഖം ചര്‍ച്ചയിലും തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ധീന്‍, വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി, ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി, സബ് കളക്ടര്‍ സച്ചിന്‍കുമാര്‍ യാദവ്, മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കമ്മീഷണര്‍ ഒ. രേണുകാദേവി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇ. അഫ്സല്‍, എ.ഡി.എം എന്‍.എം മെഹറലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഫൗസിയ നാസര്‍, വെട്ടം ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിനി ഗണേഷന്‍, മത്സ്യഫെഡ് ബോര്‍ഡ് അംഗം പി.പി സൈതലവി എന്നിവര്‍ പങ്കെടുത്തു. ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള റിപ്പോര്‍ട്ട് അവതരണം നടത്തി. ജനപ്രതിനിധികള്‍, ഫിഷറീസ് ഡയറക്ടര്‍, മത്സ്യഫെഡ്, മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്മാര്‍, മത്സ്യതൊഴിലാളി സംഘടനാ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാംസ്‌കാരിക നേതാക്കള്‍, വിവിധ വകുപ്പ് മേധാവികള്‍, സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍, സാഫ്, ഫിഷറീസ് മാനേജ്‌മെന്റ് കൗണ്‍സില്‍ അംഗങ്ങള്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
തിരൂര്‍ മണ്ഡലത്തില്‍ ലഭിച്ചത് 143 പരാതികള്‍
തിരൂര്‍ നിയോജകമണ്ഡലത്തില്‍ നടന്ന തീരസദസ്സില്‍ മത്സ്യതൊഴിലാളികളില്‍ നിന്നും ലഭിച്ചത് 143 പരാതികള്‍. ഇതില്‍ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 26 പരാതികള്‍ തീര്‍പ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു. മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായി ബന്ധപ്പെട്ട 13 പരാതികള്‍ തീര്‍പ്പാക്കുകയും നാല് പരാതികള്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം മത്സ്യഫെഡുമായി ബന്ധപ്പെട്ട ആറ് പരാതികളും തീര്‍പ്പാക്കുന്നതിന് നടപടികളായി. ലൈഫ് ഭവന നിര്‍മ്മാണം, പട്ടയം, കുടിവെള്ളം, സി.ആര്‍.സെഡ്, റേഷന്‍ കാര്‍ഡ് തുടങ്ങി മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ അതത് വകുപ്പുകള്‍ മുഖേന തീര്‍പ്പാക്കുന്നതിന് താലൂക്ക് തല അദാലത്തിലേക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
മണ്ഡലത്തിലെ സീവാള്‍ റോഡിന്റെ ആവശ്യം പരിഗണിച്ച് ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. സി.ആര്‍.സെഡ് വിഷയത്തില്‍ വീട് നിര്‍മാണത്തിന് പെര്‍മിറ്റ്, വീട്ട് നമ്പര്‍ എന്നിവ ലഭിക്കാത്തത് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കുന്നതിന് ജില്ലയുടെ ചുമതല കൂടിയുള്ള കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ ജില്ലാതല യോഗം ചേര്‍ന്ന് തീര്‍പ്പാക്കുന്നതിന് മന്ത്രി സജി ചെറിയാന്‍ നിര്‍ദേശം നല്‍കി. ജനകീയ പങ്കാളിത്തത്തോടു കൂടി ആവില്‍പുഴ തോട് മാലിന്യമുക്തമാക്കുന്നതിനും തീരുമാനിച്ചു. വെട്ടം കുടുംബാംരോഗ്യകേന്ദ്രത്തിന്റെ കീഴിലുള്ള പുത്തന്‍കാവ് സബ്‌സെന്ററിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിക്കാനും തീരുമാനിച്ചു. മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി മത്സ്യതൊഴിലാളികളുടെ മക്കളുടെ വിവാഹ ധനസഹായമായി 33 ഗുണഭോക്താക്കള്‍ക്ക് 3,30,000 രൂപ വിതരണം ചെയ്തു. മത്സ്യബന്ധനത്തിനിടെ അപകടമരണം സംഭവിച്ച നാല് മത്സ്യതൊഴിലാളികളുടെ ആശ്രിതര്‍ക്ക് 60,000 രൂപ ധനസഹായമായും അനുവദിച്ചു.
രണ്ട് സെഷനുകളായാണ് തീരസദസ്സ് സംഘടിപ്പിച്ചിരുന്നത്. ആദ്യസെഷനില്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ മണ്ഡലത്തിലെ ജനപ്രതിനിധികളുമായി പ്രാദേശികമായുള്ള പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും നടപ്പിലാക്കേണ്ട അടിയന്തര വികസന പദ്ധതികളുമാണ് ചര്‍ച്ച ചെയ്തത്. രണ്ടാമത്തെ സെഷനില്‍ ഇപ്രകാരം ലഭിച്ച പരാതികളിന്മേല്‍ ഉടനടി പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങള്‍ക്ക് അവിടെ വച്ച് തന്നെ പരിഹരിച്ചു.
താനൂര്‍ ബോട്ട് ദുരന്തം: നടത്തുന്നത് പഴുതുകളില്ലാത്ത അന്വേഷണം
ഒരു സംസ്ഥാന സര്‍ക്കാരിന് ചെയ്യാവുന്ന ഏറ്റവും ഉയര്‍ന്ന അന്വേഷണമാണ് താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി സജി ചെറിയാന്‍. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിലൂടെ താനൂരിലുണ്ടായ ബോട്ടപകടവുമായി ബന്ധപ്പെട്ട വീഴ്ചകള്‍ കണ്ടെത്തുക മാത്രമല്ല, ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യം. ഏറെ ഹൃദയഭേദകമായ സംഭവമാണ് ഉണ്ടായിട്ടുള്ളത്. മരണപ്പെട്ടവരുടെ ആശ്രതര്‍ക്ക് 10 ലക്ഷം രൂപയും ചികിത്സയിലുള്ളവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി ഉള്‍പ്പടെ 14 മന്ത്രിമാര്‍ ഒരു ദുരന്തമുഖത്ത് നേരിട്ടെത്തി മന്ത്രിസഭാ യോഗം ഉള്‍പ്പടെ ചേരുന്നത്. അത്രമേല്‍ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടുന്നതെന്നും മന്ത്രി പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




