ലഹരിക്കെതിരെ സന്ധിയില്ലാത്തൊരു ക്യാമ്പയിന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു : മന്ത്രി സജി ചെറിയാന്‍,  ‘സമം’ പദ്ധതിയുടെ രണ്ടാം ഘട്ടം മന്ത്രി ഉദ്ഘാടനം ചെയ്തു

HIGHLIGHTS : Minister Saji Cherian inaugurated the second phase of the 'Samam' project

malabarinews

ലഹരിക്കെതിരായുള്ള സന്ധിയില്ലാത്തൊരു ക്യാമ്പയിന്‍ കേരളത്തില്‍ നടത്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്ന് സാംസ്‌കാരിക-യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍. സാംസ്‌കാരിക വകുപ്പിന്റെ ‘സമം’ പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ‘മാനവസമത്വം – സാംസ്‌കാരിക മുന്നേറ്റം’ എന്ന മുദ്രാവാക്യമുയര്‍ത്തി, കേരളത്തിലെ കലാലയങ്ങളില്‍ ലഹരിവിരുദ്ധ കലാ സാംസ്‌കാരിക ബോധവത്കരണ പരിപാടികളും, ജില്ലാ കേന്ദ്രങ്ങളില്‍ സമഭാവനയുടെ സന്ദേശം ഉയര്‍ത്തുന്ന കേരളീയ കലകളുടെ അവതരണവും ‘സമം’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കേരള ഫോക്ലോര്‍ അക്കാദമിയുടെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

sameeksha

ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും ഗൗരവകരമായ പ്രശ്‌നം ലഹരിയാണെന്നും ലഹരി വ്യാപനം നിയമം വഴി തടയാനുള്ള ശക്തമായ നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആയിരക്കണക്കിന് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രി മുന്‍കൈ എടുത്തുകൊണ്ട് ലഹരിക്കെതിരെയുള്ള വലിയൊരു പ്രോജക്ട് കേരളത്തില്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. അതിനോട് ചേര്‍ന്നു നിന്നുകൊണ്ട് കേരളത്തിലെ യുവജനങ്ങള്‍ക്കിടയില്‍, കലാലയങ്ങളില്‍, വിദ്യാര്‍ഥികള്‍ക്കിടയില്‍, സമൂഹത്തിലെ എല്ലാ മേഖലകളിലും സാംസ്‌കാരിക വകുപ്പിന് എങ്ങനെ ഇടപെടാന്‍ കഴിയുമെന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ലഹരിമുക്ത കേരളത്തിനായി ഒരു പദ്ധതി നടപ്പിലാക്കണമെന്ന് തീരുമാനിച്ച് ഫോക്ലോര്‍ അക്കാദമിയെ ചുമതലപ്പെടുത്തിയത്. ഫോക്ലോര്‍ അക്കാദമി കുറഞ്ഞ സമയംകൊണ്ടുതന്നെ ആ ക്യാമ്പയിന് തുടക്കം കുറിച്ചുവെന്നത് അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ യുവജനസംഘടനകളേയും, യുവജനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളെയും യോജിപ്പിച്ചുകൊണ്ട് ലഹരിക്കെതിരായുള്ള സന്ധിയില്ലാത്തൊരു ക്യാമ്പയിന്‍ കേരളത്തില്‍ നടത്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഗവണ്‍മെന്റ്, അതിന്റെ ഭാഗമായി വരുന്ന ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല, സാംസ്‌കാരിക മേഖല, എക്‌സൈസ്, മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളേയും ഒരുമിപ്പിച്ചുകൊണ്ടുള്ള ഒരു ശ്രദ്ധേയമായ ക്യാമ്പയിനാണ് സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ലഹരിമുക്ത കേരളത്തിന്റെ ഭാഗമായി ലഹരിമുക്ത കലാലയം എന്ന ആശയം നമുക്ക് നടപ്പിലാക്കേണ്ടതുണ്ട്. കലാലയങ്ങള്‍ പൂര്‍ണമായും ലഹരിമുക്തമാകണമെങ്കില്‍ അവിടെ ആശയസംവാദങ്ങള്‍ക്ക് ശക്തി പകരണം. തിരഞ്ഞെടുപ്പുകള്‍ ഇപ്പോള്‍ പല കലാലയങ്ങളിലും അവസാനിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനം പല കലാലയങ്ങളിലും അവസാനിച്ചു. പാഠ്യേതര വിഷയങ്ങളും കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളും പല കലാലയങ്ങളിലും ഇല്ലാതെയായി. വ്യക്തിത്വ വികസനത്തിന്റെ കേന്ദ്രങ്ങളായി കലാലയങ്ങളെ മാറ്റിത്തീര്‍ക്കാനും രാജ്യത്തിനും നാടിനും സമൂഹത്തിനും കുടുംബത്തിനും പ്രയോജനമുള്ളവരായി നമ്മുടെ കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച ഇടങ്ങളായി കലാലയങ്ങളെ മാറ്റുന്നതിനുമായി ലഹരിമുക്ത കലാലയം എന്ന ആശയം സാംസ്‌കാരിക വകുപ്പ് മുന്നോട്ടുവയ്ക്കുകയാണ്.

ഈ ക്യാമ്പയിനിന്റെ ഭാഗമായി സമത്വം എന്നൊരു മുദ്രാവാക്യം കൂടി നമ്മള്‍ മുന്നോട്ടുവയ്ക്കുന്നു. എല്ലാ മനുഷ്യരും ഒന്നാണ് എന്ന് കാണുന്ന ആശയം നമുക്ക് കേരളത്തില്‍ ശക്തിപ്പെടുത്തണം. ഇന്നലെകളില്‍ ആ ആശയം നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നില്ല. അത് ഉണ്ടാകാന്‍ വേണ്ടി നവേത്ഥാന പ്രസ്ഥാനങ്ങളും നമ്മുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനവും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമൊക്കെ ഒരുപാട് പങ്ക് വഹിച്ചുവെങ്കിലും നമ്മുടെ നാട് മെല്ലെ സമത്വം എന്ന ആശയത്തില്‍ നിന്നും പുറകോട്ട് പോകുന്നു എന്ന ചിന്തയാണ് പലര്‍ക്കുമിന്ന് ഉണ്ടാകുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ആശയത്തിലേക്ക് നമ്മുടെ നാടിനെ നമുക്ക് കൊണ്ടുവരാന്‍ കഴിയണമെന്ന് മന്ത്രി പറഞ്ഞു.

സ്ത്രീകള്‍ക്ക് മാന്യതയും ഉന്നതപദവിയും കല്‍പ്പിക്കുന്നതിനോടൊപ്പം, സാക്ഷരത, ജനകീയാസൂത്രണം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പങ്കാളിത്തം, കുടുംബശ്രീ, ഹരിതസേന തുടങ്ങിയ ആശയങ്ങളിലൂടെ സ്ത്രീ സമൂഹത്തെ മുന്നോട്ട് കൊണ്ടുവരാന്‍ നമ്മുടെ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ വളര്‍ച്ചയോടൊപ്പം നമ്മുടെ നാട്ടിലെ എല്ലാ മേഖലകളിലും സമത്വം ഊട്ടിയുറപ്പിക്കാന്‍ വേണ്ടി കഴിയണം. അതിന് പുതിയ തലമുറയാണ് ശക്തി പകരേണ്ടതും നേതൃത്വം കൊടുക്കേണ്ടതും.

പുതിയ തലമുറ ശാസ്ത്ര അവബോധത്തിന്റെയും യുക്തിബോധത്തിന്റെയും അടിസ്ഥാനത്തിലും പ്രായോഗിക പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലും ഈ നാടിനെ നയിക്കാനും ഒരുമിക്കേണ്ടതുണ്ട്. മാനവസമത്വം, സ്ത്രീ സമത്വം, ലഹരിമുക്തമായ സമൂഹം തുടങ്ങിയ ആശയങ്ങള്‍ സാംസ്‌കാരിക കേരളം ഉയര്‍ത്തിപ്പിടിക്കണമെന്ന് മന്ത്രി പറഞ്ഞു. മികച്ച നിലയില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്ന ഫോക്ലോര്‍ അക്കാദമിക്ക് മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു.

ചടങ്ങിന്റെ ഭാഗമായി വിവിധ കോളേജുകളില്‍ നിന്ന് എത്തിയ വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയ സാമൂഹ്യ പ്രവര്‍ത്തകരേയും സംഘടനകളേയും കലാ സാംസ്‌കാരിക സാഹിത്യ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയവരെയും ചടങ്ങില്‍ ആദരിച്ചു.

കേരള ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ കോയ കാപ്പാട്, സെക്രട്ടറി എ വി അജയകുമാര്‍, ഭരണാസമിതി അംഗം സുരേഷ് സോമന്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി എസ് പ്രദീപ്, നാടകാചാര്യന്‍ സൂര്യ കൃഷ്ണാമൂര്‍ത്തി, ഗായകന്‍ പന്തളം ബാലന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!