വിളയിടം അടിസ്ഥാനമാക്കിയുള്ള കൃഷിരീതി നടപ്പിലാക്കും മന്ത്രി പി പ്രസാദ്

HIGHLIGHTS : Minister P Prasad will implement cropland-based farming system

കേരളത്തില്‍ വിളയിടം അടിസ്ഥാനമാക്കിയുള്ള കൃഷിരീതി നടപ്പിലാക്കുമെന്നും കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തുമെന്നും കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കാര്‍ഷിക സര്‍വകലാശാല തയ്യാറാക്കിയ പുസ്തകങ്ങളായ വിള പരിപാലന ശുപാര്‍ശകള്‍ 2024, കോള്‍ നിലങ്ങളുടെ അറ്റ്ലസ് എന്നിവ സെക്രട്ടേറിയേറ്റ് ലയം ഹാളില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കാര്‍ഷിക സര്‍വകലാശാലയുടെ വിള പരിപാലന ശുപാര്‍ശകള്‍ സാധാരണയായി ഇംഗ്ലീഷിലാണ് തയ്യാറാക്കുന്നത്. എന്നാല്‍ സാധാരണക്കാരായ കര്‍ഷകര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന രീതിയില്‍ സാങ്കേതിക പദങ്ങള്‍ ലഘൂകരിച്ച് മലയാളത്തില്‍ തയ്യാറാക്കിയ പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്. പത്തുവര്‍ഷം മുന്‍പുള്ള കൃഷി രീതിയല്ല ഇന്ന്. കേരളത്തില്‍ തന്നെ ഒരിടത്ത് നടപ്പിലാക്കുന്ന കൃഷിരീതി അതേപോലെ മറ്റൊരിടത്ത് നടപ്പാക്കാന്‍ കഴിയില്ല. ഭൂപ്രകൃതിയും കാലാവസ്ഥയും അടിസ്ഥാനമാക്കി മാറ്റങ്ങള്‍ അനിവാര്യമാണ്. കാര്‍ഷിക മേഖലയില്‍ നടക്കുന്ന പഠനങ്ങള്‍ മണ്ണിന് ഗുണം ഉണ്ടാവണം എന്നതാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയം. പുതിയ വിവരങ്ങള്‍ അടങ്ങിയ പുസ്തകങ്ങള്‍ പുറത്തിറക്കുന്നതോടൊപ്പം ഉള്ളടക്കത്തിന്റെ അപ്ഡേറ്റും യഥാസമയം സാധ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

sameeksha-malabarinews

വിള അടിസ്ഥാനപ്പെടുത്തിയുള്ള കൃഷി രീതിയില്‍ പ്രതിസന്ധികള്‍ ഏറെയാണ്. കാലാവസ്ഥയെ കണക്കിലെടുത്തു കൊണ്ടുള്ള കൃഷി രീതി മാത്രമേ കേരളത്തില്‍ ഫലവത്തായി നടക്കുകയുള്ളൂ. ഉല്‍പ്പാദനത്തില്‍ വരുന്ന കുറവ് വരുമാനത്തില്‍ പ്രതിഫലിക്കും. കാലാനുസൃതമായ മാറ്റം വരുത്തി സാങ്കേതിക വിദ്യകളും മാറ്റങ്ങളും കൃഷിരീതിയില്‍ പ്രായോഗികമാക്കണം. കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ മറികടക്കാനുള്ള പരിഹാരരീതികളും വിള നഷ്ടം നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗങ്ങളും ശാസ്ത്ര സമൂഹത്തിന്റെ പഠനങ്ങളിലുണ്ട്. 2017 പുറത്തിറക്കിയ വിള പരിപാലന ശുപാര്‍ശകള്‍ വളരെയേറെ പ്രയോജനപ്രദമായിരുന്നു. അതിനാലാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തിറക്കിയ ശുപാര്‍ശകളുടെ മലയാളം പതിപ്പ് വേണമെന്ന് സര്‍വകലാശാലയോട് ആവശ്യപ്പെട്ടത്. കര്‍ഷകരുടെ ഭാഷയില്‍ അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന രീതിയില്‍ വിള പരിപാലന ശുപാര്‍ശകള്‍ തയ്യാറാക്കിയതില്‍ കാര്‍ഷിക സര്‍വകലാശാലയെ അഭിനന്ദിക്കുന്നതായൂം മന്ത്രി അറിയിച്ചു.

കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള, കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ ഡോ എ സക്കീര്‍ ഹുസൈന്‍, എക്സ്റ്റന്‍ഷന്‍ ഡയറക്ടര്‍ ഡോ. ജേക്കബ് ജോണ്‍, കര്‍ഷക പ്രതിനിധി സുജിത്ത്, കാര്‍ഷിക സര്‍വകലാശാല ഉദ്യോഗസ്ഥര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!