
ദേശീയപാത 66 ന്റെ മലപ്പുറം ജില്ലയിലെ രണ്ട് സ്ട്രച്ചുകളുടെയും നിര്‍മ്മാണം അടുത്തവര്‍ഷം ഏപ്രില്‍ മാസത്തോടെ പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള ഒരു സ്ട്രച്ചിന്റെ പ്രവൃത്തിയും ഇതോടൊപ്പം തീരും. ബാക്കി പ്രവൃത്തികള്‍ കൂടി പൂര്‍ത്തിയാക്കി 2025 ഡിസംബര്‍ മാസത്തോടുകൂടി കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ 45 മീറ്റര്‍ വീതിയുള്ള ആറു വരി ദേശീയപാത ഗതാഗതത്തിന് തുറന്നു കൊടുക്കാനാവുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ഈ വലിയ പദ്ധതി 2026 ലെ പുതുവര്‍ഷ സമ്മാനമായി നാടിന് സമര്‍പ്പിക്കാന്‍ ആവും. ഇതോടൊപ്പം ഒരുപാട് കാലമായി വലിയ പ്രതിസന്ധിയില്‍ കിടന്നിരുന്ന കഞ്ഞിപ്പുര – മൂടാല്‍ ബൈപ്പാസിന്റെ വികസനവും യാഥാര്‍ത്ഥ്യമാവുകയാണ്. ദേശീയപാതയുടെ ഭാഗമായ 37 കിലോമീറ്റര്‍ നീളമുള്ള ഈ സ്ട്രച്ചിന്റെ 87 ശതമാനം ജോലികളും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഏപ്രില്‍ മാസത്തോടെ ഇതിന്റെ പ്രവൃത്തികളും പൂര്‍ത്തിയാക്കാന്‍ ആവുമെന്ന് മന്ത്രി പറഞ്ഞു. കഞ്ഞിപ്പുര – മൂടാല്‍ ബൈപ്പാസിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ബുധനാഴ്ച വൈകിട്ട് സ്ഥലം സന്ദര്‍ശിച്ച മന്ത്രി നിര്‍മ്മാണ പ്രവൃത്തികള്‍ നോക്കിക്കാണുകയും ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
സംസ്ഥാനത്തെ ദേശീയപാതയുടെ നിര്‍മ്മാണം സംസ്ഥാന സര്‍ക്കാരും ദേശീയപാത അതോറിറ്റിയും ഒരു മനസ്സും ഒരു ശരീരവുമായി ഒത്തൊരുമിച്ച് നിന്നാണ് പൂര്‍ത്തിയാക്കുന്നതെന്ന് മന്ത്രി റിയാസ് പറഞ്ഞു. ദേശീയപാതയുടെ വികസനം ഏറ്റവും വേഗത്തില്‍ നടക്കുന്നത് കേരളത്തിലാണ്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഇതിന്റെ അവലോകനം നടത്തുന്നുണ്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുഴുവന്‍ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള അവലോകനവും നടക്കുന്നു. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലും കൃത്യമായ ഇടവേളകളില്‍ അവലോകനം നടക്കുന്നുണ്ട്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന സര്‍ക്കാരിന്റെ കൂടി സാമ്പത്തിക സഹായത്തോടുകൂടിയാണ് ദേശീയപാത 66 യാഥാര്‍ത്ഥ്യമാകുന്നത്. ഈ ദേശീയപാതയുടെ സ്ഥലമെടുപ്പിനായി 5600 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ കക്ഷിരാഷ്ട്രീയ ഭേദമന്യേയുള്ള പിന്തുണയോടെയാണ് കേരളത്തിന്റ ഈ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാവാന്‍ പോകുന്നതെന്നും മന്ത്രി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




