
കോഴിക്കോട്:സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാന്റ്-ഇന്‍-എയ്ഡ് സ്ഥാപനമായ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ കെട്ടിടം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിനോട് ചേര്‍ന്ന് 10 കോടി രൂപ വിനിയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടെ നാലുനില കെട്ടിടം പണിതത്. ആദ്യം കോഴിക്കോട് ഗവ. പോളിടെക്‌നിക് ക്യാമ്പസിലും തുടര്‍ന്ന് കോഴിക്കോട് സിവില്‍ സ്റ്റേഷനു സമീപം വാടക കെട്ടിടത്തിലുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സ്ഥാപനം.
ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപറേഷന്‍ എന്നീ കോഴ്‌സുകളിലായി 80 വിദ്യാര്‍ഥികള്‍ക്കുള്ള പഠനസൗകര്യമാണ് സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്. പുതിയ കെട്ടിടം യാഥാര്‍ഥ്യമായതോടെ ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷണറി, ഹോട്ടല്‍ അക്കമഡേഷന്‍ ഓപറേഷന്‍ എന്നീ രണ്ട് കോഴ്സുകള്‍ കൂടി ആരംഭിച്ചു. ഇതോടെ ആകെ 200 കുട്ടികള്‍ക്ക് പഠനത്തിന് അവസരം ലഭിക്കും. യുവജനങ്ങള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങുന്നതിനും ആവശ്യമായ നൈപുണ്യ പരിശീലനത്തിന് പ്രത്യേക ലാബും അനുബന്ധ സൗകര്യങ്ങളും പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍, ടൂറിസം വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡി ജഗദീശ്, വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡി. ഗിരീഷ്‌കുമാര്‍, എഫ്.സി.ഐ പ്രിന്‍സിപ്പല്‍ വൈജു വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





