മുക്കംകടവ് പാലം ദീപാലംകൃത പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് : മുക്കംകടവ് പാലം ദീപാലംകൃത പാലം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കാരമൂലയില്‍ നവീകരിച്ച താഴെ തിരുവമ്പാടി – കുമാരനെല്ലൂര്‍ – മണ്ടാംകടവ് റോഡ്, വല്ലത്തായിക്കടവ് പാലം പ്രവൃത്തി എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പാലം ദീപാലംകൃതമാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതിനായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ തിരുവമ്പാടി മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്ന രീതിയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. കോടഞ്ചേരി- കക്കാടംപൊയില്‍ മലയോര ഹൈവേ (198.35 കോടി രൂപ) പ്രവൃത്തി പുരോഗമിക്കുകയാണ്. കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാത സാധ്യമാക്കി. വഴിക്കടവ് പാലം (5.83 കോടി), ചെമ്പ്കടവ് പാലം (7.85 കോടി), പോത്തുണ്ടി പാലം (3 കോടി), കുപ്പായക്കോട് പാലം (2.50 കോടി), വല്ലത്തായിക്കടവ് പാലം (4.95 കോടി) എന്നിവയുടെ പ്രവൃത്തി നടന്നുവരികയാണ്. ഇത്രയധികം പാലങ്ങളുടെ പ്രവൃത്തി നടന്നുവരുന്ന അപൂര്‍വ്വം മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവമ്പാടിയെന്നും മന്ത്രി പറഞ്ഞു.

കോട്ടമുഴി പാലത്തിന്റെ (4.21 കോടി രൂപ) പ്രവൃത്തിക്കും സംസ്ഥാന സര്‍ക്കാര്‍ പണം അനുവദിച്ചിട്ടുണ്ട്. റണ്ണിംഗ് കോണ്‍ട്രാക്ട് സമ്പ്രദായം വന്നതോടെ റോഡുകളുടെ നിര്‍മ്മാണത്തില്‍ സുതാര്യത ഉറപ്പുവരുത്തിയെന്ന് മാത്രമല്ല റോഡിന്റെ പരിപാലനത്തില്‍ വലിയ മാറ്റം സംസ്ഥാനത്ത് കാണാന്‍ സാധിച്ചു. മണ്ഡലത്തിലെ 37 റോഡുകളില്‍ നാലു കോടി 53 ലക്ഷം രൂപക്ക് 148 കിലോമീറ്റര്‍ റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവൃത്തി നടന്നു കൊണ്ടിരിക്കുകയാണ്. 17 റോഡുകളിലെ 74 കിലോമീറ്ററില്‍ 2,37,10,000 രൂപയുടെ പ്രവൃത്തി പുരോഗമിച്ചതായും മന്ത്രി പറഞ്ഞു.

ലിന്റോ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മുക്കം മുഹമ്മദ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ എം മുഹമ്മദാലി, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം, മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top