Section

malabari-logo-mobile

താഴെപാലം പുതിയ പാലത്തിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും

HIGHLIGHTS : Minister Mohammad Riaz will inaugurate the new bridge today

തിരൂര്‍ താഴെപാലത്ത് നിലവിലുള്ള പാലത്തിനു സമാന്തരമായി പുതുതായി നിര്‍മ്മിച്ച താഴെപാലം സമാന്തര പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30 ന് താഴെപാലം പരിസരത്ത് പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ചടങ്ങില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. വഖഫ്, ഹജ്ജ്, കായിക, റെയില്‍വെ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ മുഖ്യാതിഥിയാവും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, തിരൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ എ.പി നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ധീന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി. രാമന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.

ചമ്രവട്ടം പാലം ഗതാഗതയോഗ്യമായതിനു ശേഷം തിരൂര്‍ ടൗണില്‍ അനുഭവപ്പെടുന്ന അധികഗതാഗതത്തെ ഉള്‍ക്കൊള്ളാനാണ് താഴെപാലം പാലത്തിനു സമാന്തരമായി പുതിയ പാലവും അനുബന്ധ റോഡും നിര്‍മിച്ചത്. ചമ്രവട്ടം പാലം ഗതാഗതയോഗ്യമായതോടെ താഴെപാലത്തുണ്ടാകുന്ന ഗതാഗക്കുരുക്ക് പരിഹരിക്കുന്നതിനായി പുതിയ പാലവും അനുബന്ധ റോഡും നിര്‍മിക്കുന്നതിന് 5 കോടി രൂപയുടെ എസ്റ്റിമേറ്റ് അനുമതിക്കായി സമര്‍പ്പിച്ചെങ്കിലും പാലം നിര്‍മ്മാണത്തിന് മാത്രമായി 2014 സെപ്റ്റംബര്‍ 3 കോടി രൂപയുടെ ഭരണാനുമതിയും 2014 നവംബറില്‍ ചീഫ് എന്‍ജിനീയറുടെ ഉത്തരവ് പ്രകാരം സാങ്കേതികാനുമതിയും ലഭിച്ചു. തുടര്‍ന്ന് പാലത്തിന്റെ പ്രവൃത്തി ടെന്‍ഡര്‍ ചെയ്യുകയും 2017 മാര്‍ച്ചില്‍ പാലം പ്രവൃത്തി പൂര്‍ത്തീകരിക്കുകയും ചെയ്തു.

sameeksha-malabarinews

2017 മാര്‍ച്ചിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഏറ്റെടുക്കേണ്ട സ്ഥലത്തിന് ഉള്‍പ്പെടെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് 3.2 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും സ്ഥലം ഏറ്റെടുക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അതേ മാസത്തില്‍ തന്നെ പ്രവൃത്തിക്ക് സാങ്കേതികാനുമതിയും ലഭിച്ചു. തുടര്‍ന്ന് റോഡ് നിര്‍മാണവും ആരംഭിച്ചു. സാങ്കേതികതയില്‍ കുരുങ്ങിയ അപ്രോച്ച് റോഡ് നിര്‍മാണം വേഗത്തിലാക്കുന്നതിനായി 2021 ജൂലൈ മാസത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിച്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് 2022 ഡിസംബര്‍ 31 നാണ് അപ്രോച്ച് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. 61 മീറ്റര്‍ നീളവും 11.05 മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. താനൂര്‍ ഭാഗത്തേക്ക് 125 മീറ്റര്‍ നീളത്തിലും താഴെപാലം ഭാഗത്ത് 25 മീറ്റര്‍ നീളത്തിലുമാണ് അപ്രോച്ച് റോഡ് നിര്‍മിച്ചിട്ടുള്ളത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!