തിരുവനന്തപുരം: സ്പീക്കര്‍ പദവി രാജി വെച്ച എംബി രാജേഷ് പിണറായി വിജയന്‍ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പതിനൊന്ന് മണിക്ക് രാജ്ഭവനില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത എംവി ഗോവിന്ദന്‍ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. സഗൗരവമായിരുന്നു സത്യപ്രപതിജ്ഞ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.
എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്ത അതേ വകുപ്പുകള്‍ തന്നെ എംബി രാജേഷിന് നല്‍കിയേക്കുമെന്നാണ് വിവരം. വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് എം ബി രാജേഷ് സത്യപ്രതിജ്ഞ ചടങ്ങിന് പുറപ്പെടും മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു. സ്പീക്കറായിരുന്നപ്പോള്‍ നീതിയുക്തമായി പ്രവര്‍ത്തിച്ചു. മന്ത്രിയാകുമ്പോഴും നീതിപൂര്‍വ്വമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുതവണ എംപിയായ രാജേഷ് ആദ്യമായാണ് ഇക്കുറി നിയമസഭയിലെത്തിയത്. 2009ലും 2014ലും പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ എംപി. എം.ബി.രാജേഷ് രാജിവച്ചതോടെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് നിലവില്‍ സഭാനാഥന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുക.



