
തെരുവുനായകളുടെ ആക്രമണത്തില്‍ 1000 ത്തോളം ഇറച്ചിക്കോഴികളെ നഷ്ടമായ കര്‍ഷകയും തിരുവനന്തപുരം കോട്ടുകാല്‍ സ്വദേശിയുമായ സജിതക്ക് കെപ്‌കൊ കര്‍ഷക സഹായ പദ്ധതിയുടെ ഭാഗമായ സഹയാധനം മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി കൈമാറി. സെക്രട്ടേറിയറ്റ് അനക്‌സിലെ മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ 50,000 രൂപയുടെ ചെക്ക് സജിതക്ക് മന്ത്രി കൈമാറി. കെപ്‌കൊയുടെ തനത് ഫണ്ടില്‍ നിന്നാണ് സഹായം നല്‍കിയത്.
കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങളും നല്‍കി അവര്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനെന്ന് മന്ത്രി പറഞ്ഞു. കെപ്‌കോയുടെ കീഴിലുള്ള കോഴിക്കര്‍ഷകര്‍ക്ക് അപ്രതീക്ഷിതവും യാദൃശ്ചികമായി ഉണ്ടാകുന്ന വരുമാന നഷ്ടം നികത്തി അവരെ മേഖലയില്‍ തന്നെ നിലനിര്‍ത്തുന്നതിനുള്ള മനോധൈര്യം പകര്‍ന്ന് നല്‍കുകയാണ് കെപ്‌കോ സഹായധനം നല്‍കുന്നതിലൂടെ ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ കോഴിക്കര്‍ഷകരെ മേഖലയില്‍ നിലനിര്‍ത്താനും സുരക്ഷിതവും ഗുണമേന്മയുള്ളതും രുചികരവുമായ ചിക്കന്‍ ലഭ്യമാക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ കെപ്‌കോയിലൂടെ വിപണിയിലെത്തിച്ച ഉല്‍പ്പന്നമാണ് കെപ്‌കോ കേരള ചിക്കന്‍. സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ കുടപ്പനക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഹാച്ചറിയില്‍ നിന്നും വിരിഞ്ഞിറങ്ങുന്ന ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ കെപ്‌കോയുടെ മേല്‍നോട്ടത്തില്‍ കോണ്‍ട്രാക്ട് കുടുംബശ്രീ കര്‍ഷകര്‍ക്ക് നല്‍കി ആന്റിബയോട്ടിക്കോ, ഹോര്‍മോണുകളോ ഉപയോഗിക്കാതെയാണ് ഇറച്ചിക്കോഴികളെ വളര്‍ത്തിയെടുക്കുന്നത്. ഇതുവഴി സംസ്ഥാനത്ത് ശുദ്ധമായ ഇറച്ചിക്കോഴി ഉല്‍പ്പാദനം നടത്താന്‍ കെപ്‌കോയ്ക്ക് സാധിക്കുന്നുണ്ട്. കര്‍ഷകരില്‍ നിന്നും തിരിച്ചെടുക്കുന്ന ഇറച്ചിക്കോഴികളെ ശാസ്ത്രീയമായി സംസ്‌കരിച്ചെടുത്ത് ആരോഗ്യപ്രദവും സുരക്ഷിതവും രുചികരവുമായ ചിക്കന്‍ ഉല്‍പ്പന്നമാക്കി കെപ്‌കോ കേരള ചിക്കന്‍ എന്ന ബ്രാന്‍ഡിലൂടെയാണ് വിപണിയില്‍ ലഭ്യമാക്കുന്നത്.
കെപ്‌കോയുമായി കരാറില്‍ ഏര്‍പ്പെട്ട് ഇറച്ചിക്കോഴി വളര്‍ത്തലിലൂടെ വരുമാന മാര്‍ഗ്ഗം കണ്ടെത്തിയിരുന്ന കര്‍ഷകയായ സജിതയുടെ ഫാമില്‍ മെയ് രണ്ടാം തീയതിയാണ് ഒരു കൂട്ടം തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായത്. 22 ദിവസം വരെ പ്രായമായ 1000 ത്തോളം ഇറച്ചിക്കോഴികളെ ആക്രമണത്തില്‍ നഷ്ടമായിരുന്നു. തുടര്‍ന്നാണ് നഷ്ടം പരിഹരിക്കുന്നതിന് കൈത്താങ്ങ് എന്ന നിലയില്‍ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ തനത് ഫണ്ടില്‍ നിന്നും 50,000 രൂപ ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചത്.
ചടങ്ങില്‍ കെപ്‌കോ ചെയര്‍മാന്‍ പി.കെ മൂര്‍ത്തി, മാനേജിംഗ് ഡയറക്ടര്‍ ഡോ.പി.സെല്‍വകുമാര്‍, സജിത കോട്ടുകലിന്റെ ഭര്‍ത്താവ് ഷൈനു, മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



