Section

malabari-logo-mobile

ജില്ലാ പൈതൃക മ്യൂസിയത്തിന് 3.88 കോടി രൂപയുടെ അനുമതി നല്‍കിയതായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

HIGHLIGHTS : Minister Ahmed Devarkov said that Rs 3.88 crore has been sanctioned for the District Heritage Museum

ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ തിരൂരങ്ങാടി ഹജൂര്‍ കച്ചേരി മന്ദിരത്തില്‍ ജില്ലാ പൈതൃക മ്യൂസിയം സജ്ജീകരിക്കുന്നതിന് 3.88 കോടി രൂപ മതിപ്പുചെലവ് പ്രതീക്ഷിക്കുന്ന വിശദമായ പദ്ധതി രൂപരേഖ (ഡി.പി.ആര്‍) യ്ക്ക് സംസ്ഥാനതല വര്‍ക്കിങ് ഗ്രൂപ്പ് അംഗീകാരം നല്‍കിയതായി തുറമുഖം പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് സാംസ്‌കാരിക വകുപ്പ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കും. മ്യൂസിയം സജ്ജീകരണത്തിന് മുന്നോടിയായി സംരക്ഷിത സ്മാരകമായ ഹജൂര്‍ കച്ചേരി മന്ദിരത്തിന്റെ സമഗ്ര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 58 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് 27 ന് തുറമുഖം പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. മ്യൂസിയം സജ്ജീകരണത്തിന് വിശദപദ്ധതി തയ്യാറാക്കി തുക വകയിരുത്തുമെന്ന് അന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് ഇപ്പോള്‍ യാഥ്യാര്‍ഥ്യമാകുന്നത്.

മ്യൂസിയം സ്ഥാപിക്കുന്നതിനായി മലപ്പുറം ജില്ലയില്‍ കണ്ടെത്തിയത് തിരൂരങ്ങാടിയിലെ ഹജൂര്‍ കച്ചേരി മന്ദിരമായിരുന്നു. എന്നാല്‍ ഈ കെട്ടിടത്തില്‍ താലൂക്ക് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ഭരണാനുമതി നല്‍കിയ പദ്ധതിക്കുവേണ്ടി തുടര്‍ നടപടികള്‍ പോലും ആരംഭിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അധികാരത്തില്‍ വന്ന ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലയളവില്‍ മിനിസിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം പൂര്‍ത്തിയായി താലൂക്ക് ഓഫീസ് ഇതിലേക്ക് മാറിയതോടെ ഹജൂര്‍ കച്ചേരിയുടെ സംരക്ഷണവും ജില്ലാ പൈതൃക മ്യൂസിയവും എന്ന ആശയം വീണ്ടും സജീവമായി. ഇതിനെ തുടര്‍ന്നാണ് സംരക്ഷിത സ്മാരകമായ ഹജൂര്‍ കച്ചേരി മന്ദിരത്തിന്റെ സമഗ്ര സംരക്ഷണ പ്രവര്‍ത്തനത്തിന് 58 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയത്. കോവിഡിന്റെ ഒന്നാം തരംഗം അവസാനിച്ച ഘട്ടത്തില്‍ 2021 ഫെബ്രുവരിയില്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കൃത്യമായ വകുപ്പുതല ഏകോപനത്തിലൂടെ കോവിഡ് രണ്ടാം തരംഗത്തിനിടയിലും സംരക്ഷണ പ്രവര്‍ത്തനം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.

sameeksha-malabarinews

മലപ്പുറം ജില്ലയുടെ ചരിത്രത്തിലേക്കും വൈവിധ്യമാര്‍ന്ന പൈതൃകങ്ങളിലേക്കും കാഴ്ചക്കാരെ നയിക്കുന്ന വിധത്തിലുള്ള പദ്ധതിയാണ് ജില്ലാ പൈതൃക മ്യൂസിയത്തിനായി തയ്യാറാക്കിയിരിക്കുന്നത്. പ്രദര്‍ശന വസ്തുക്കള്‍ക്കൊപ്പം ആധുനിക ദൃശ്യ ശ്രവ്യ സംവിധാനങ്ങളും മ്യൂസിയത്തില്‍ ഒരുക്കും. സംസ്ഥാനത്തെ മ്യൂസിയം നോഡല്‍ ഏജന്‍സിയായ കേരളം ചരിത്ര പൈതൃക മ്യൂസിയമാണ് പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ വിശദ പദ്ധതി രൂപരേഖ തയ്യാറാക്കിയത്. മ്യൂസിയം നിര്‍മാണവും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതോടൊപ്പം പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ തിരൂരങ്ങാടി സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ചുള്ള സംരക്ഷിത പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!