Section

malabari-logo-mobile

ഗതാഗത സൗകര്യ വികസനം അടിസ്ഥാന അജണ്ടയെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

HIGHLIGHTS : Minister Ahamed Devarkovil said that development of transport facilities is the basic agenda

ബേപ്പൂര്‍:ഗതാഗത സൗകര്യങ്ങളുടെ വികസനം സര്‍ക്കാരിന്റെ അടിസ്ഥാന അജണ്ടയാണെന്ന് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തീരദേശ വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 1 കോടി 30 ലക്ഷം രൂപ ചിലവിലുള്ള കോയവളപ്പ് കപ്പക്കല്‍ വലിയതൊടി റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

തീരദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് തീരദേശ റോഡുകളുടെ നവീകരണ പദ്ധതി. തീരദേശ ജനതയുടെ സമഗ്ര വികസനത്തിനും ഉന്നതിക്കുമായി ദീര്‍ഘവീക്ഷണത്തോടെയുളള വിവിധ പദ്ധതികളും ഇടപെടലുകളുമാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. തീരദേശ റോഡുകളുടെ നവീകരണത്തിനായി ഫിഷറീസ് വകുപ്പ് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നത് തീര്‍ത്തും പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

മാറിയ ജീവിത സാഹചര്യത്തില്‍, പൊതു ജനങ്ങളുടെ യാത്രാ സൗകര്യം വളരെ പ്രധാനപ്പെട്ടതാണ്. നാഷണല്‍ ഹൈവേ, തീരദേശ ഹൈവേ, മലയോര ഹൈവേ , ജലപാത, റയില്‍വേ തുടങ്ങി എല്ലാ മേഖലകളിലും വികസനക്കുതിപ്പാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വളരെ ശാസ്ത്രീയമായാണ്, റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കുന്നത്.
ക്രോസ് ഡ്രൈനേജുകളും കാനകളും ഉള്‍പ്പെടെ സജ്ജീകരിച്ച് വെള്ളക്കെട്ടുകള്‍ വരുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കിയാണ് റോഡുകളുടെ നിര്‍മ്മാണം നടത്തുന്നത്.
അതോടൊപ്പം സുരക്ഷിതത്വവും ഉറപ്പു വരുത്താന്‍ നിലവില്‍ സംവിധാനങ്ങളുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് പടിഞ്ഞാറന്‍ തീരപ്രദേശത്ത് മാത്രം കോടികളുടെ വികസന പ്രവര്‍ത്തനങ്ങളാണ് എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നേടിയെടുക്കാന്‍ സാധിച്ചതെന്നും മന്ത്രി പറഞ്ഞു.

ഡെപ്യൂട്ടി മേയര്‍ സി. പി മുസാഫര്‍ അഹമ്മദ് അധ്യക്ഷനായിരുന്നു. സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എം. മുഹമ്മദ് അന്‍സാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ എം. ബിജുലാല്‍,എന്‍ ജയഷീല,വാടിയില്‍ നവാസ്, കെ.സുരേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാര്‍ഡ് കണ്‍വീനര്‍ പി.കെ ഷാഫി സ്വാഗതവും സംഘാടകസമിതി ട്രഷറര്‍ സദാനന്ദന്‍ നന്ദിയും പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!