ക്ഷേത്ര ചടങ്ങില്‍ അയിത്തം നേരിട്ടെന്ന ആരോപണവുമായി മന്ത്രി;’ ഞാന്‍ തരുന്ന പൈസക്ക് അയിത്തമില്ല, എനിക്കുണ്ട്’

കോട്ടയം: ജാതി വിവേചനം നേരിട്ടെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ഒരു ക്ഷേത്രത്തില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ജാതിയുടെ പേരില്‍ താന്‍ മാറ്റിനിര്‍ത്തപ്പെട്ടുവെന്നാണ് മന്ത്രി പറഞ്ഞത്. പൂജാരിമാര്‍ വിളക്ക് കത്തിച്ച ശേഷം മന്ത്രിയായ തനിക്ക് വിളക്ക് നല്‍കാതെ നിലത്ത് വച്ചു. ജാതീയമായ വേര്‍തിരിവിനെതിനെതിരെ അതേ വേദിയില്‍ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

‘ഞാനൊരു ക്ഷേത്രത്തില്‍ ഒരു പരിപാടിക്ക് പോയി. അവിടെ ഒരു ഉദ്ഘാടന ചടങ്ങില്‍ മുഖ്യ പൂജാരി വിളക്ക് വച്ചു. വിളക്ക് കത്തിക്കാന്‍ എന്റെ നേര്‍ക്കുകൊണ്ടുവരികയാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, എന്റെ കൈയില്‍ തരാതെ സ്വന്തമായി കത്തിച്ചു. ആചാരമായിരിക്കും അതിനെ തൊട്ടുകളിക്കേണ്ടെന്നു കരുതി ഞാന്‍ മാറിനിന്നു. പിന്നീട് സഹപൂജാരിക്ക് അദ്ദേഹം വിളക്ക് കൈമാറി. അദ്ദേഹം കത്തിച്ചപ്പോഴും എനിക്ക് തരുമെന്നാണ് കരുതിയത്. എന്നാല്‍ എനിക്കു തരാതെ അതു നിലത്ത് വച്ചു.

അതെടുത്ത് കത്തിക്കാമെന്നാണ് ആദ്യം വിചാരിച്ചത്. പിന്നീട് പോയി പണിനോക്കാന്‍ പറഞ്ഞെന്നു മാത്രമല്ല, ആ വേദിയില്‍ വച്ചു തന്നെ അതിനെതിരെ പ്രസംഗിക്കുകയും ചെയ്തു. ഞാന്‍ തരുന്ന പൈസക്ക് നിങ്ങള്‍ക്ക് അയിത്തമില്ല. എനിക്ക് അയിത്തം കല്‍പിക്കുന്നു,’ മന്ത്രി പറഞ്ഞു.

ഏത് പാവപ്പെട്ടവന്‍ കൊടുക്കുന്ന പൈസക്കും അയിത്തമില്ല. നമുക്ക് അയിത്തമുണ്ട്. പൂജാരിയെ ഇരുത്തിക്കൊണ്ടു തന്നെ ഇത് തുറന്നടിച്ചെന്നും മന്ത്രി രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top