
സൈനിക ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം ഇന്ന് രാവിലെ 10 30 ന് പൊതുദർശനത്തിന് വെച്ചു. ഊട്ടിയിലെ വെല്ലിങ്ടൺ മദ്രാസ് റെജിമെൻറ് സെൻട്രലിലാണ് പൊതുദർശനത്തിന് വെച്ചിരിക്കുന്നത്. മരിച്ച 13 പേരുടെ മൃതദേഹം അല്പസമയത്തിനകം കോയമ്പത്തൂരിലെ സൂലൂർ വ്യോമതാവളത്തിലെക്കും. ശേഷം ഡൽഹിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് ഡൽഹിയിലും പൊതുദർശനം ഉണ്ടാകും .
സൈനികമേധാവിയുടെയും പത്നിയുടെയും സംസ്കാരം നാളെ ഡൽഹിയിൽ നടക്കും. മറ്റുള്ളവരുടെ മൃതദേഹം സ്വദേശങ്ങളിൽ എത്തിക്കും. ബ്രിഗേഡിയർ എൽ എസ് ലിഡ്ഡർ, ലെഫ്.കേണൽ ഹർജിന്ദർ സിങ്, എൻ കെ ഗുർസേവക് സിങ്, എൻ കെ ജിതേന്ദ്രകുമാർ, ലാൻഡ് നായിക് വിവേക് കുമാർ, ലാൻസ് നായിക്ക് ബി സായി തേജ, ഹവീൽദാർ സത്പാൽ, ജൂനിയർ വാറന്റ് ഓഫീസർ മലയാളിയായ എ പ്രദീപ് എന്നിവരാണ് ഇന്നലെ അപകടത്തിൽ അന്തരിച്ചത്. അപകടത്തിൽ പെട്ടവരിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് രക്ഷപ്പെട്ടതെന്ന് വ്യോമസേന അറിയിച്ചു.
മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കും. എംപിമാരായ ടി എൻ പ്രതാപനും ഹൈബി ഈഡനും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ടു. പ്രദീപിന്റെ സംസ്കാരം കുടുംബത്തിന്റെ ആഗ്രഹം പോലെ നടത്തുമെന്ന് മന്ത്രി അറിയിച്ചു.വൈകീട്ട് ഡൽഹിയിൽ എത്തിക്കുന്ന ഭൗതികശരീരം പ്രത്യേക വിമാനത്തിൽ കേരളത്തിൽ എത്തിക്കും.
മലയാളി വ്യോമസേന വാറന്റ് ഓഫീസർ എ പ്രദീപിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. 2018 ൽ കേരളം പ്രളയത്തെ നേരിടേണ്ടി വന്നപ്പോൾ നാടിൻറെ രക്ഷക്കായി സധൈര്യം പ്രയത്നിച്ച സൈനികൻ ആയിരുന്നു പ്രദീപ് എന്ന് അദ്ദേഹം അനുസ്മരിച്ചു.




