ഇരുണ്ട കാലത്തിനു മേല്‍ ഇനി നീ നിലാവാകുക.

സ്മരണ; ഗിരീഷ് കര്‍ണാട്
എഴുത്ത് ; ഷിജു ആര്‍

സംഘപരിവാറുകാര്‍ ആക്രമിച്ച മഹാരാഷ്ട്രയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ നികിതാ റാവുവിന്റെ ചോരയൊലിപ്പിച്ച മുഖവുമായാണ് ഇന്നത്തെ വാര്‍ത്താ പ്രഭാതം പുലര്‍ന്നത് . എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരുമൊക്കെ ഏതു സമയത്തും ആക്രമിക്കപ്പെട്ടേക്കാമെന്ന വിദ്വേഷത്തിന്റെ ഇരുട്ട് രാജ്യത്ത് കനക്കുകയാണ് . നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ പന്‍സാരെ , കല്‍ബുര്‍ഗി , ഗൗരിലങ്കേഷ് എന്നിവര്‍ക്കു ശേഷം അവരുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ടായിരുന്നതായി കര്‍ണ്ണാടക ഇന്റലിജന്‍സ് കണ്ടെത്തിയ പേരാണ് ഗിരീഷ് കര്‍ണ്ണാട് . വിദ്വേഷക്കൊലയ്ക്കു പിടി കൊടുക്കാതെയാണ് ആ ജീവിതം മരണത്തെ സ്വാംശീകരിക്കുന്നത് .

‘യയാതി’ മുതല്‍ ‘ഹയവദന’ വരെയുള്ള നിരവധി രചനകളില്‍ ഇന്ത്യന്‍ മിത്തുകള്‍ സമൃദ്ധമായി ഉപയോഗിക്കുമ്പോഴും അവയെല്ലാം സമകാലിക യാഥാര്‍ത്ഥ്യങ്ങളെ ധീരമായി അഭിസംബോധന ചെയ്തു. അധികാരത്തിന്റെ ഒറ്റക്കല്ലില്‍ക്കൊത്തിയ വിഭജനത്തില്‍ കോട്ടയായിരുന്നില്ല , ആ ഭാവുകത്വത്തിന് സംസ്‌കാരവും പാരമ്പര്യവും . വിമര്‍ശനാവബോധത്തിന്റേയും ആര്‍ദ്രമായ വൈകാരികതയുടേയും നിരന്തരം പുതുക്കപ്പെട്ട നൈതികതയുടേയും വെളിച്ചത്തില്‍ വൈവിദ്ധ്യങ്ങളുടെ തുറസ്സുകളും വനസ്ഥലികളും വീണ്ടെടുക്കപ്പെട്ടു.

സമാന്തരനാടകവേദിയിലെന്നപോലെ ജനപ്രിയ സിനിമകളിലെയും ഊര്‍ജ്ജസ്വലസാന്നിദ്ധ്യമായിരുന്നു അദ്ദേഹത്തിന്റെ അഭിനയജീവിതം . ഏകാന്തതയുടെ പണിപ്പുരകളിലെ ഭാവനാ ലോകങ്ങളില്‍ മാത്രമല്ല , ദൈനംദിന ജീവിതത്തിലെ നീതികേടുകള്‍ക്കെതിരെ പൊട്ടിത്തെറിക്കുന്ന പ്രതിഷേധത്തിന്റേയും പ്രക്ഷോഭത്തിന്റേയും ഭൂമികകളില്‍ ചായവും ചമയവുമില്ലാതെ കാലുറപ്പിച്ചു നിന്നു.

കഥാസരിത് സാഗരത്തില്‍ നിന്ന് കണ്ടെടുത്തതാണ് ഹയവദനയുടെ കഥാസാരം . തന്നെ പ്രതി ആത്മാഹുതി ചെയ്ത പുരുഷന്മാരെ പുനരുജീവിപ്പിക്കുന്ന പത്മിനി അവരുടെ തലകള്‍ പരസ്പരം മാറ്റുന്നു. തലയാണോ ഉടലാണോ പ്രധാനമെന്നവള്‍ ചോദിക്കുന്നു. കെട്ട കാലത്തിന്റെ ഭീഷണികള്‍ക്കു മുമ്പില്‍ ഉടലിന്റെ സൗഖ്യമല്ല , തലയുടെ ,ചിന്തയുടെ ധീരതയാണ് പ്രധാനമെന്ന ബോദ്ധ്യമാണ് എഴുത്തുകാരെ രക്തസാക്ഷികളാക്കുന്നത് .

‘അതെ ഞാനുമൊരു അര്‍ബന്‍ നക്‌സലൈറ്റ്’ എന്ന പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന ഗിരീഷ് കര്‍ണ്ണാടിന്റെ ചിത്രം മറക്കില്ല , ജനാധിപത്യ ഇന്‍ഡ്യ . ജ്ഞാനപീഠം വരെ നടന്നു കയറിയ പ്രതിഭയാണ് ഫാസിസത്തിന്റെ പോയിന്റ് ബ്ലാങ്കില്‍ ഇത്രയും കാലം ജീവിച്ചത് .

ഒരു യുഗമാണ് അസ്തമിച്ചു പോവുന്നത് . ധിഷണാ ജീവിതത്തിന്റെ ഒരു പകല്‍. ഇരുണ്ട കാലത്തിന് കുറുകെ പോവുമ്പോള്‍ ഈ നാടിന് മുകളില്‍ ഇനി നീ നിലാവായ് ചിരിക്കുക .

ഷിജു . ആര്‍

Related Articles