HIGHLIGHTS : സുദര്‍ശന്‍ കോടങ്ങത്ത് കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ ഞങ്ങൾ പത്രപ്രവർത്തകർക്കു മുമ്പിൽ ഇടശ്ശേരിയുടെ പൂതപ്പാട്ട് മൃദം...
സുദര്‍ശന്‍ കോടങ്ങത്ത്
കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ ഞങ്ങൾ പത്രപ്രവർത്തകർക്കു മുമ്പിൽ ഇടശ്ശേരിയുടെ പൂതപ്പാട്ട് മൃദംഗത്തിലും ഢോലക്കി ലുമായി വായിച്ച ഹരി നാരായണൻ ഞങ്ങളെ അത്ഭുതപ്പെടുത്തി. പിന്നീട് അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിതയും താളവാദ്യത്തിലൂടെ വായിച്ചു.സംഗീതത്തിലൂടെ കവിതയുടെ ആഴങ്ങൾ തൊട്ടറിയുകയായിരുന്നു ഹരി നാരായണൻ. കവിതയും താളവും എന്ന പരിപാടിയിലൂടെ കാവ്യാക്ഷരങ്ങളെ സംഗീതവുമായി സമന്വയിപ്പിക്കുകയായിരുന്നു അദ്ദേഹം. കവിത നഷ്ടപ്പെടുന്നു കൊണ്ടാണ് കാലം ചീത്തയായിപ്പോകുന്നതെന്ന് ഹരി നാരായണൻ പറയുമായിരുന്നു.

ഹരി നാരായണന്റെ വിരലുകൾ ഉതിർക്കുന്ന നാദം കവിതയും സംഗീതവും സിനിമയും ചിത്രകലയും അറിഞ്ഞവയായിരുന്നു. അതിന്റെ താളം നിരവധി സൗഹൃദങ്ങളുടെ അലകൾ നിറഞ്ഞതായിരുന്നു.
സൗഹൃദത്തിന്റെ വലക്കണ്ണിയിലേക്ക് അദ്ദേഹം എന്നെയും വലിച്ചടുപ്പിച്ചു….
പിന്നെ ബേപ്പൂരിലെ ഓം ശക്തി എന്ന വീട്ടിൽ ചില സായാഹ്നങ്ങൾ….
അദ്ദേഹത്തെ കഴിഞ്ഞയാഴ്ച ഞാൻ വിളിച്ചപ്പോൾ ബേപ്പൂരിൽ നടക്കാനിരിക്കുന്ന രാധേശ്യാം എന്ന സംഗീത പരിപാടിയെക്കുറിച്ച് വാചാലനായി. പിന്നെ വീട്ടിലേക്ക് ക്ഷണിച്ചു.
സംഗീതത്തിന്റെ മുഖ്യധാരയിൽ ഹരി നാരായണൻ ഉണ്ടായിരുന്നില്ല. കലയിൽ അത്താണികൾ നഷ്ടപ്പെട്ടു പോയ ഒരു കലാകാരന്റെ ഒറ്റപ്പെടലിന്റെ സംഗീതാവിഷ്ക്കാരം പോലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഹരി നാരായണന് പ്രിയപ്പെട്ടവരെല്ലാം അരങ്ങൊഴിഞ്ഞപ്പോൾ ഒരവധൂതനെപ്പോലെയായി സംഗീതത്തിലൂടെ ദേശാടനം നടത്തി.
കോഴിക്കോട് സാംസ്ക്കാരിക വേദിയിലൂടെയായിരുന്നു അദ്ദേഹം കലാ പ്രവർത്തനരംഗത്തെത്തിയത്.കബീർദാസിന്റെ ദോഹകൾ ‘സിങിംഗ് കബീർ’ എന്ന പേരിൽ അദ്ദേഹം വിവിധ സംസ്ഥാനങ്ങളിൽ അവതരിപ്പിച്ചു. സ്കൂൾ ഓഫ് ഡ്രാമയുമായി സഹകരിച്ച് നടത്തിയ ‘വാട്ട് ടു ഡു’ എന്ന തിയ്യറ്റർ പരിപാടി നാടക രംഗത്ത് ഏറെ ചലനങ്ങൾ സൃഷ്ടിച്ചു. ഇറ്റാലിയൻ ആർട്ടിസ്റ്റായ ഫബയുമൊത്ത് നൃത്തവും തബലയും മൃദംഗവും മിഴാവുമൊക്കെ സമന്വയിപ്പിച്ച് ‘സ്കൽപ്പിംഗ് നോയിസ് ‘എന്ന സോളോ ആൽബംചെയ്തിരുന്നു. ഫ്രാൻസിലെ എലിസബത്തുമായി ചേർന്ന് നിരവധി വേദികളിൽ അവതരിപ്പിച്ച മ്യൂസിക് ഫ്വൂഷൻ, 15 ഫ്രഞ്ച് ആർട്ടിസ്റ്റുകളുമായി ചേർന്ന് അവതരിപ്പിച്ച ഡെലിബറി ഹെൻസ് എന്ന നൃത്ത പരിപാടി….
കോഴിക്കോട് വർഷങ്ങളായി നടത്തിക്കൊണ്ടിരുന്ന പുരാനി സംഗീത് എന്ന ഗസൽ….
പോയ കാലത്തിൽ ഹരി നാരായണൻ കലയുടെ ദേശാതിർത്തികൾ ലംഘിച്ചവനാണ്….