ബോളിവുഡ് താരം സുശാന്ത് സിങ് രജപുത്തിന്റെ അകാലവേര്‍പാടില്‍ എഴുത്തുകാരന്‍ ലീജീഷ്‌കുമാറിന്റെ കുറിപ്പ്
”അമ്മാ, എന്നും എന്നോടൊപ്പം ഉണ്ടായിരിക്കുമെന്ന് പ്രോമിസ് ചെയ്തത് അമ്മയ്‌ക്കോര്‍മ്മയുണ്ടോ ? അന്ന് ഞാനും തിരിച്ചൊരു വാക്ക് തന്നിരുന്നു, എന്തൊക്കെ സംഭവിച്ചാലും ഞാന്‍ കരയില്ലെന്ന് – എപ്പോഴും പുഞ്ചിരിക്കുമെന്ന്. നമ്മള്‍ രണ്ടുപേരും പരസ്പരം പറ്റിച്ചു അല്ലേ അമ്മാ ?”
പറ്റിച്ചു പോയ അമ്മയ്ക്ക് സുശാന്ത് സിങ് രജ്പുത്ത് എഴുതിയ കത്താണിത്. ഇന്ന് വായിക്കുമ്പോള്‍ സങ്കടം വരുന്നുണ്ട്. മുമ്പും ഈ പഹയന്‍ എന്നെ കരയിച്ചിട്ടേ ഉള്ളൂ. കൊല്ലം 2014, തന്നെ പറ്റിച്ചു പോയ കാമുകന്റെ കഥ ജഗ്ഗു വന്ന് പറഞ്ഞിട്ട് 6 വര്‍ഷം കഴിഞ്ഞു. അന്നവന്റെ പേര് സുശാന്ത് സിങ് രജ്പുത്ത് എന്നായിരുന്നില്ല, സര്‍ഫ്രാസ് യൂസഫ് എന്നായിരുന്നു. അനുഷ്‌കയായിരുന്നു ജഗ്ഗു – ജഗത് ജനനി.


ബെല്‍ജിയത്തില്‍ വെച്ചാണ് അവള്‍ സര്‍ഫ്രാസ് യൂസഫിനെ കാണുന്നത്. പാകിസ്ഥാനായിരുന്നു അയാളുടെ ദേശം. എന്തൊരു പ്രണയമായിരുന്നു അതെന്നോ, ‘ബിന്‍ കുച്ച് കഹേ / ബിന്‍ കുച്ച് സുനേ / ഹാത്തോമ്മേ ഹാത്ത് ലിയേ..’ എന്ന് പാടി അവരുമ്മ വെച്ചപ്പോള്‍ തിയേറ്ററിലെ ഇരുട്ടില്‍ നിന്ന് ഒരാള്‍ നിലവിളിച്ചു, ”വിരാട് കോലീ, ഇനി നീ നോക്കെണ്ടെടാ ” സത്യം, അനുഷ്‌കയെ അമീര്‍ ഖാന് കിട്ടരുതേ എന്ന് പ്രാര്‍ത്ഥിച്ചാണ് ഞാനന്ന് പി.കെ കണ്ടത്. വല്ലാത്തൊരു കാമുകനായിരുന്നു സര്‍ഫ്രാസ്.
ചര്‍ കദം ബസ് ചര്‍ കദം / ചല്‍ ദോ ന സാത്ത് മേരേ, Four steps just four steps / Let’s go with me എന്ന വരികളില്‍ അവരുടെ പാട്ട് നിന്നു. നാലടിയേ ഒപ്പം നടന്നുള്ളൂ, അവര്‍ പിരിഞ്ഞു. ഒരു ദിവസം പെട്ടന്ന് സര്‍ഫ്രാസ് അപ്രത്യക്ഷനായി. നഷ്ടത്തിന്റെ കഥ പറയുമ്പോള്‍ ജഗ്ഗുവിന്റെ വെള്ളാരം കണ്ണുകള്‍ ചെമന്നിരുന്നു. സുശാന്ത് സിങ് രജ്പുത്ത് എന്നെ കരയിപ്പിച്ചു കളഞ്ഞു.
ഇതിനും ഒരു കൊല്ലം മുമ്പ്, 2013 ലാണ് സുശാന്ത് സിങിനെ ഞാനാദ്യമായി കാണുന്നത്, സിനിമ – കൈ പോ ചെ. ഗോവിന്ദ്, ഒമി, ഇഷാന്‍ ഇവര്‍ മൂന്നു പേരായിരുന്നു കൈ പോ ചെയിലെ കഥാപാത്രങ്ങള്‍. ചേതന്‍ ഭഗത്തിന്റെ ത്രീ മിസ്റ്റേക്ക്‌സ് ഓഫ് മൈ ലൈഫാണ് കൈ പോ ചെയായി തീയേറ്ററില്‍ എത്തിയത്. അഞ്ചടി പത്തിഞ്ചുയരം, കറുത്ത തലമുടി, ഡാര്‍ക്ക് ബ്രൗണ്‍ നോട്ടം കണ്ണുകളെ ഇഷാന്‍ വലിച്ച് കൊണ്ടുപോയി. കണ്ട് കണ്ടിരിക്കെ അവന്‍ മരിച്ച് പോയി. സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയിരുന്നു. ത്രീ മിസ്റ്റേക്ക്‌സ് ഓഫ് മൈ ലൈഫില്‍ ഒമി ആണ് മരിക്കുന്നത്, ഇഷാനല്ല. കൈ പോ ചെയിലെത്തുമ്പഴേക്കും അത് മാറി. കാഴ്ചക്കാര്‍ക്ക് കണ്ട് കൊതി തീര്‍ക്കാന്‍ നിന്ന് കൊടുക്കാതെ ഇഷാന്‍ മടങ്ങി. സുശാന്ത് സിങ് രജ്പുത്ത് എന്നെ ആദ്യം കരയിപ്പിക്കുന്നത് അന്നാണ്.
പിന്നെ ഞാനയാളെ കാണുന്നത് 2016 ലാണ്. റാഞ്ചിയിലെ മെക്കോണ്‍ കമ്പനിയിലെ ജൂനിയര്‍ ജീവനക്കാരന്‍ പാന്‍സിംഗിന്റെ മകന്‍ മഹേന്ദ്ര സിംഗ് ധോണി, ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലയായ കഥ അയാള്‍ ജീവിച്ച് കാണിച്ചത് പിന്നെയും പിന്നെയും കാണാന്‍ എനിക്കെന്തോ ഭയങ്കര ഇഷ്ടമാണ്. നേരിട്ട് കാണുമ്പോഴെല്ലാം പക്ഷേ അയാളെന്നെ കരയിപ്പിച്ച് കൊണ്ടിരുന്നു. ദാ, ഇപ്പോഴിതെഴുതുമ്പോഴും എന്റെ കാഴ്ച മങ്ങിപ്പോകുന്നുണ്ട്. 1986 ലാണ് ഞാന്‍ ജനിക്കുന്നത്, എനിക്കും സുശാന്തിനും ഒരേ വയസ്സാണ്. ഒരുപാട് പഞ്ചാരയിട്ട് ചായകുടിക്കുമായിരുന്ന കുട്ടിയായിരുന്നു ഞാന്‍, മുതിര്‍ന്നിട്ടും സുശാന്തുമതെ. എന്നെപ്പോലെയൊരു ലൈം ജ്യൂസ് കൊതിയനായിരുന്നു അയാള്‍. ബ്ലാക്കായിരുന്നു അയാളുടെ പ്രിയപ്പെട്ട നിറം, എന്റെയും. ഗാംഗുലിയായിരുന്നു അയാളുടെ താരം, എനിക്കും. നോണ്‍ വെജേ അയാള്‍ ഇഷ്ടത്തോടെ കഴിക്കൂ, ഞാനും. പക്ഷേ എനിക്കിഷ്ടമില്ലാത്ത പണിയാണ് ഇന്നലെ നിങ്ങള്‍ ചെയ്തത്.
ഇനിയില്ല എന്ന് ഉറപ്പായിരുന്ന സര്‍ഫ്രാസ്, തന്നെ കാത്തിരിപ്പുണ്ടെന്ന് പാകിസ്ഥാന്‍ എംബസിയില്‍ നിന്ന് അറിയിപ്പു കിട്ടിയ നേരം ജഗ്ഗു കരഞ്ഞ കരച്ചിലാണ് ഞാനിപ്പോള്‍ ഓര്‍ക്കുന്നത്. സുശാന്ത് സിങ് രജ്പുത്ത്, ഏതംബസിയില്‍ വിളിച്ചാലാണ് ഇനി നിന്നെ കിട്ടുക മിസ്യൂ ബാഡ്‌ലി ഡിയര്‍.
എന്തിന് മരിച്ചു എന്നന്വേഷിച്ചു പോയ പോലീസുകാര്‍ സുശാന്തിന്റെ വീട് നിറയെ കണ്ടത് ആഗ്രഹങ്ങള്‍ എഴുതി നിറച്ച പേപ്പറുകളായിരുന്നു. അതിലെത്ര ബാക്കി കാണും ? 6 കോടിയായിരുന്നു ഒരു സിനിമയ്ക്ക് സുശാന്തിന്റെ പ്രതിഫലം. കോടികള്‍ കൊണ്ട് വാങ്ങാനാവാത്ത എന്തോ ഒരാഗ്രഹം അയാള്‍ക്കുണ്ടായിരുന്നു, കോടികള്‍ കൊണ്ട് വാങ്ങാനാവാത്ത എന്തോ ഒന്ന് അയാള്‍ക്ക് നഷ്ടപ്പെട്ടിരുന്നു. അതാണ് സുശാന്തിനെ കൊന്നത്. മിസ്യൂ ബാഡ്‌ലി ഡിയര്‍.