Section

malabari-logo-mobile

അനാചാരങ്ങളും അസമത്വവും നിന്നിരുന്ന കാലത്തുപോലും എഴുത്തുകാര്‍ക്ക് ആവിഷ്‌ക്കാരസ്വാതന്ത്ര്യമുണ്ടായിരുന്നു കവി പി രാമന്‍

HIGHLIGHTS : സമൂഹത്തില്‍ അനാചാരങ്ങളും അസമത്വം നിലനിന്നിരുന്ന പഴയ കാലത്തുപോലും എഴുത്തകാരുള്‍പ്പടെയുള്ള കലാകാരന്‍മാര്‍ക്ക് സ്വച്ഛയാ ചിന്തിക്കാനും ആവിഷ്‌ക്കരിക്കാന...

പി.രാമന്‍

സമൂഹത്തില്‍ അനാചാരങ്ങളും അസമത്വം നിലനിന്നിരുന്ന പഴയ കാലത്തുപോലും എഴുത്തകാരുള്‍പ്പടെയുള്ള കലാകാരന്‍മാര്‍ക്ക് സ്വച്ഛയാ ചിന്തിക്കാനും ആവിഷ്‌ക്കരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നെന്ന് എഴുത്തകാരന്‍ പി. രാമന്‍. എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ മതമൗലികവാദികളുടെ ഭീഷണിയെ തുടര്‍ന്ന് പിന്‍വലിച്ച സാഹചര്യത്തിലാണ് രാമന്റെ പ്രതികരണം.

കേരളത്തിലുണ്ടായിരുന്ന കൂത്ത് കൂടിയാട്ടം, തുളളല്‍ എന്നീ കലകള്‍ സ്വാതന്ത്ര്യത്തിന്റെ കൂടി മാതൃകകളാണെന്ന് അദ്ദേഹം പ്രതികരിച്ചു.

sameeksha-malabarinews

നോവൽ പിൻവലിച്ചത് സ്വമേധയാ പിൻവലിക്കലല്ല,  ഭീഷണിപ്പെടുത്തിയുള്ള നിരോധനം തന്നെയാണ്. നിരോധിച്ചത് ഭരണകൂടമല്ല,വർഗ്ഗീയ വിഷം തീണ്ടിയ, കലയുടെ പാരമ്പര്യമെന്തെന്നറിയാത്ത, അക്രമാസക്തമായ ആൾക്കൂട്ടമാണ്.പൊതു സമൂഹം തന്നെ ഇങ്ങനെയൊരു ആൾക്കൂട്ടമായിത്തീരാൻ അധികം താമസമില്ല.സാഹിത്യവും കലകളുമെല്ലാം അപ്രത്യക്ഷമാവുന്ന പ്രാകൃത കാലം അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു .

പി. രാമന്റെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം

 

എസ്. ഹരീഷ് നോവൽ പിൻവലിച്ചെന്ന വാർത്ത ഏറെ വേദനിപ്പിക്കുന്നു. നമ്മുടെ നാട് അതിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ നല്ല വശങ്ങളെല്ലാം ( തീർച്ചയായും ചീത്ത വശങ്ങൾ അതിലേറെയുണ്ട് )കൈവിട്ട് ഇരുട്ടിലേക്കു പോകുന്നതിന്റെ ഭയജനകമായ ചിത്രം ചുറ്റും ഇരുണ്ടു വരുന്നു.

സമൂഹത്തിൽ അനാചാരങ്ങളും അസമത്വവും നിലനിന്നിരുന്ന പഴയ കാലത്തുപോലും എഴുത്തുകാരുൾപ്പെടുന്ന കലാകാരന്മാർക്ക്  സ്വേച്ഛയാ ചിന്തിക്കാനും  ആവിഷ്കരിക്കാനുമുള്ള സ്വാതന്ത്ര്യം കുറേയൊക്കെ കേരളത്തിലുണ്ടായിരുന്നു.കൂടിയാ ട്ടം, കൂത്ത്, തുള്ളൽ എന്നീ കലകൾ ആ സ്വാതന്ത്ര്യത്തിന്റെ കൂടി മാതൃകകളാണ്. ക്ഷേത്രത്തോടു ചേർന്നുള്ള കൂത്തമ്പലത്തിൽ നടക്കുന്ന പുരുഷാർത്ഥ ക്കൂത്തിലാണ് ചാക്യാർ താഴെ കൊടുത്ത ശ്ലോകം ചൊല്ലി വിശദീകരിക്കുന്നത് :

  “ശാന്തി ദ്വിജ പ്രകുരുതേ ബഹു ദീപശാന്തിം
  പക്വാജ്യ പായസ ഗുളൈർ ജoരാഗ്നി ശാന്തിം
  തത്രത്യ ബാല വനിതാ മദനാർത്തി ശാന്തിം
  കാലക്രമേണ പരമേശ്വര ശക്തി ശാന്തിം.

ശാന്തിക്കാർ സ്വതേ കള്ളന്മാരാ.ദേവന്നു വരുന്ന സാധനങ്ങളിലെ ഒരു ഭാഗം, എത്ര മനസ്സിരുത്യാലും ശരി, അവർ കക്കാതിരിക്കില്ല. വിളക്കു വയ്ക്കാൻ എണ്ണയോ നിവേദ്യത്തിന് അരിയോ പായസം വയ്ക്കാൻ നാളികേരം, ശർക്കര തുടങ്ങിയതോ ആരെങ്കിലും കൊണ്ടു വന്നാൽ ആദ്യം ശാന്തിക്കാരൻ തന്റോഹരി ആരും കാണാതെ എടുത്തു വയ്ക്കും…….. മാത്രമല്ല, കാണാൻ കൊള്ളാവുന്ന സ്ത്രീകളാരെങ്കിലും ക്ഷേത്രപരിസരത്തുണ്ടെങ്കിൽ അവരുടെ മദനാർത്തി ശമിപ്പിക്കലും ശാന്തി പ്രവൃത്തിക്കാരന്റെ പണ്യാ.സുന്ദരികളായ ചെറുപ്പക്കാരെ വ്യഭിചരിക്കലാണ് അവരുടെ പണി…… ” എന്നു നീണ്ടുപോകുന്നു ചാക്യാരുടെ കഥ പറച്ചിൽ.(‘പുരുഷാർത്ഥ ക്കൂത്ത് ‘ – കേരള സാഹിത്യ അക്കാദമി പത്തു നാൽപ്പതു കൊല്ലം മുമ്പ് പുറത്തിറക്കിയ കൃതിയിൽ നിന്ന്)ക്ഷേത്രത്തോടു ചേർന്ന കൂത്തമ്പലത്തിൽ കൂത്ത് കേട്ട് രസിച്ചിരുന്ന കാണികൾ അസഹിഷ്ണുതയോടെ ചാക്യാർക്കുനേരെ വാളോങ്ങിയ ചരിത്രമില്ല. ക്ഷേത്രത്തിലിരുന്ന് ഇങ്ങനെ പറയരുത് എന്ന് ശാന്തിക്കാരും ഭക്തരുമടങ്ങുന്ന സദസ്സ് ചാക്യാരെ വിലക്കിയതായും കേട്ടിട്ടില്ല.

നമ്പ്യാരുടെ തുള്ളൽ കൃതികളിൽ സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള ജനവിഭാഗങ്ങളെ മാത്രമല്ല, പുരാണ കഥാപാത്രങ്ങളെപ്പോലും കണക്കിനു പരിഹസിച്ചിട്ടുണ്ട്.

“ഉണ്ണികളൊന്നു ധരിച്ചീടേണം
കണ്ണനനേകം വിദ്യകളുണ്ട്
എന്നതുകൊണ്ടവനന്തിക സീമനി
നിന്നു കളിക്കരുതെന്നറിയേണം
കാലേലുള്ള ചിലമ്പും മണിയും
ചാലേ വന്നു പിടിച്ചു പറിക്കും”

എന്നു സ്യമന്തകത്തിലും,

” പാഞ്ചാലിയെന്നൊരു പെണ്ണിനെക്കണ്ടിട്ടു
പഞ്ചബാണാർത്തി പിടിപെട്ടഹോ നിങ്ങ –
ളഞ്ചു പേരും ചേർന്നു കൈക്കുപിടിച്ചു കൊ-
ണ്ടഞ്ചാതെ വേളി കഴിച്ചെന്നു കേട്ടു ഞാൻ
അഞ്ചെങ്കിലഞ്ചും കണക്കെന്നവൾക്കൊരു
ചാഞ്ചല്യവുമില്ല തെല്ലു പോലും നിങ്ങ –
ളഞ്ചു ജനത്തെയും കൺമുനത്തല്ലിനാൽ
വഞ്ചിപ്പതിന്നവൾ പോരും വൃകോദരാ
നാലഞ്ചു ഭർത്താവൊരുത്തിക്കു താനതു
നാലു ജാതിക്കും വിധിച്ചതല്ലോർക്കണം.”

എന്ന് കല്യാണസൗഗന്ധികത്തിലുമുള്ള വരികൾ ഉദാഹരണം.വിവിധ ജാതികളെ കളിയാക്കുന്ന വരികൾക്ക് കണക്കില്ല. ഈ കാ വ്യഭാഗങ്ങളെല്ലാം ആസ്വദിച്ചു രസിച്ച് നമ്പ്യാരെ ജനകീയ കവിയാക്കിയത് നിരീശ്വരവാദികളോ ബുദ്ധിജീവികളോ അല്ല,മത വിശ്വാസവും ഭക്തിയും പുലർത്തിയിരുന്ന സാധാരണ മനുഷ്യരാണ്.

ഇരുപതാം നൂറ്റാണ്ടിലും ഈ പാരമ്പര്യം മുറുക്കെ പിടിച്ചെഴുതിയ എഴുത്തുകാരെ സമൂഹം ആദരിച്ചു പോന്നു. എഴുത്തും വായനയും സാർവത്രികമായതോടെ സ്വന്തം സമുദായത്തിലേയും മതത്തിലേയും അനാചാരങ്ങളെ വിമർശിച്ചു കൊണ്ട് എത്രയോ എഴുത്തുകാർ രംഗത്തുവന്നു. പൊൻകുന്നം വർക്കി, എം.പി.പോൾ, സി.ജെ.തോമസ്, വൈക്കം മുഹമ്മദ് ബഷീർ, കെ.ടി.മുഹമ്മദ്, വി.ടി.ഭട്ടതിരിപ്പാട് തുടങ്ങി എത്രയോ പേർ.ആ മഹത്തായ പാരമ്പര്യത്തിന് മുറിവേറ്റിരിക്കുന്നു എന്നതാണ് മീശക്കെതിരായ അസഹിഷ്ണുത നമ്മെ ഓർമ്മിപ്പിക്കുന്നത്.

രണ്ടു കഥാപാത്രങ്ങളുടെ സംഭാഷണത്തിൽ കടന്നു വരുന്ന അഭിപ്രായങ്ങൾ ഒരിക്കലും എഴുത്തുകാരന്റേതല്ല. എഴുത്തുകാരന്റെ സ്വന്തം നിലപാടുകളുടെ പ്രഖ്യാപനമാണ് സാഹിത്യ കൃതികൾ എന്നതു തന്നെ കേരളത്തിൽ സമീപകാലത്ത് വന്നു പെട്ടിട്ടുള്ള  മൂഢ ധാരണയാണ്. ജീവിതത്തെ സമഗ്രമായി നോക്കിക്കാണുന്ന കലാകാരൻ സ്വതന്ത്രമായി ഒരു ലോകം സൃഷ്ടിക്കുകയാണ്. തന്റെ കഥാപാത്രങ്ങളെ സൃഷ്ടിച്ചും സംഹരിച്ചും തന്നിഷ്ടത്തോടെ പെരുമാറാൻ അവരെ അനുവദിച്ചും പോരുന്ന ലീലാലോലുപനായ സൃഷ്ടികർത്താവാണയാൾ. അത്രമേൽ ആത്മനിഷ്ഠമായ ഒരു കവിതയിലെ പോലും ആഖ്യാതാവ്,അതെഴുതിയ കവിയുടെ കേവല വ്യക്തി സത്തയല്ല.’ മീശ ‘യുടെ രണ്ടാം അധ്യായത്തിലെ ആഖ്യാതാവായ ഞാൻ എസ്.ഹരീഷല്ല. ബുദ്ധിജീവി നാട്യമുള്ള, സ്വതന്ത്ര ചിന്തകനെന്ന മട്ടിൽ മുൻപിൻ നോക്കാതെ അഭിപ്രായങ്ങൾ തട്ടിവിടുന്ന, മദ്യപനായ ഒരാളാണ് ഇതിലെ ആഖ്യാതാവ്. അത്തരമൊരു കഥാപാത്രത്തിന്റെ വാക്കുകളിലൂടെ തെളിഞ്ഞു വരുന്ന ഒരു സംഭാഷണ ശകലത്തെ മുൻനിർത്തി, നോവൽ പിൻവലിക്കണമെന്നു ശഠിക്കുന്നതും എഴുത്തുകാരനെ വ്യക്തിപരമായി ഉപദ്രവിക്കുന്നതും കാണുമ്പോൾ ഇന്നത്തെ കേരളീയ സമൂഹം ചെന്നുവീണിരിക്കുന്ന ഇരുൾക്കുണ്ടിന്റെ ആഴം നമ്മെ ഞെട്ടിക്കുന്നു.

വർഗ്ഗീയതയുടേയും വിഭാഗീയതയുടേയും ഇരയായി എഴുത്തുകാരൻ മാറുകയാണ്. അവർ, ഇവർ എന്ന വിഭാഗീയതയിലേക്ക് എഴുത്തുകാരനേയും വലിച്ചിഴക്കുന്നു. അവരെ വിമർശിച്ചാൽ അവർ ശരിപ്പെടുത്തും, അപ്പോൾ ഞങ്ങളെ വിമർശിച്ചാൽ ഞങ്ങളും ശരിപ്പെടുത്തും എന്ന വാദം ഉച്ചത്തിൽ മുഴങ്ങിക്കേൾക്കുന്നു.

നോവലിസ്റ്റ് നോവൽ പിൻവലിച്ച വാർത്ത ഇന്നു പുറത്തു വന്നിരിക്കുന്നു. അത് സ്വമേധയാ പിൻവലിക്കലല്ല,  ഭീഷണിപ്പെടുത്തിയുള്ള നിരോധനം തന്നെയാണ്. നിരോധിച്ചത് ഭരണകൂടമല്ല,വർഗ്ഗീയ വിഷം തീണ്ടിയ, കലയുടെ പാരമ്പര്യമെന്തെന്നറിയാത്ത, അക്രമാസക്തമായ ആൾക്കൂട്ടമാണ്.പൊതു സമൂഹം തന്നെ ഇങ്ങനെയൊരു ആൾക്കൂട്ടമായിത്തീരാൻ അധികം താമസമില്ല.സാഹിത്യവും കലകളുമെല്ലാം അപ്രത്യക്ഷമാവുന്ന പ്രാകൃത കാലം അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു . കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളും ജനാധിപത്യ രാഷ്ട്രീയ കക്ഷികളും നോവൽ തിരോധാനത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന് വ്യക്തമാക്കേണ്ട അടിയന്തര സാഹചര്യമാണിത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!