മീഞ്ചന്ത ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് തുടക്കം

കോഴിക്കോട്: ‘അതിരുകള്‍ക്കപ്പുറം: പാരസ്പര്യത്തിന്റെ ലോകം’ സന്ദേശത്തില്‍ കോഴിക്കോട് മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘടിപ്പിച്ച ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ (എ.സി.എല്‍.എഫ്) ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ സാമൂഹികബോധത്തോടെ ചിന്തിക്കുകയും സഹജീവിതത്തിന്റെ മൂല്യങ്ങള്‍ അംഗീകരിക്കുകയും ചെയ്യണമെന്ന് മന്ത്രി പറഞ്ഞു. സഹിഷ്ണുത, സാമൂഹികനീതി, ഉള്‍ക്കൊള്ളല്‍ എന്നിവയാണ് പരസ്പരബന്ധിത ലോകത്ത് മുന്നേറാനുള്ള അടിസ്ഥാനമെന്നും അദ്ദേഹം ഉണര്‍ത്തി.

അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ അധ്യക്ഷനായി. കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ മുഖ്യാതിഥിയായി. എ.സി.എല്‍.എഫ് ഡയറക്ടര്‍ കെ പി രാമനുണ്ണി ആമുഖ പ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി പ്രിയ, എ.സി.എല്‍.എഫ് കോഓഡിനേറ്റര്‍ കെ അബ്ദുല്‍ റിയാസ്, വാര്‍ഡ് കൗണ്‍സിലര്‍ എസ് എം അബൂബക്കര്‍, പി ടി എ വൈസ് പ്രസിഡന്റ് കെ സജിത്ത്, കോളേജ് യൂനിയന്‍ ചെയര്‍മാന്‍ പി അമന്‍, അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് കെ മായിന്‍, ഡോ. പി സുഷമ, ഡോ. എം ഗിരീഷ് ബാബു എന്നിവര്‍ സംസാരിച്ചു.

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ധനസഹായത്തോടെ അഞ്ചു വേദികളിലായാണ് മൂന്ന് ദിവസത്തെ ഫെസ്റ്റിവല്‍ നടക്കുന്നത്. വിവിധ വിഷയങ്ങളില്‍ നടക്കുന്ന സെമിനാറുകളിലും ചര്‍ച്ചകളിലും എഴുത്തുകാര്‍, ചിന്തകര്‍, കലാപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി മുന്നൂറോളം അതിഥികള്‍ പങ്കാളികളാകും.

ചലച്ചിത്ര നടന്‍ ഇര്‍ഷാദ് അലി നയിക്കുന്ന കവിതകളുടെ ചൊല്‍ക്കാഴ്ച, ചലച്ചിത്ര അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന ഫിലിം ഫെസ്റ്റിവല്‍, സംഗീത പരിപാടികള്‍, അക്വാ പെറ്റ്‌ഷോ തുടങ്ങിയവയുമുണ്ടാകും. വിവിധ സ്ഥാപനങ്ങളുടെ പ്രദര്‍ശന സ്റ്റാളുകള്‍, കോഴിക്കോടന്‍ രുചിവൈവിധ്യം ആസ്വദിക്കാവുന്ന ഫുഡ്‌കോര്‍ട്ടുകള്‍ തുടങ്ങിയവയും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top