
തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി ഉപഭോഗം മുൻപത്തെ എല്ലാ റെക്കോർഡുകളെയും ഭേദിച്ച് കുതിക്കുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് ഏപ്രിൽ 17 വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. 116.11 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മലയാളികൾ ഉപയോഗിച്ചത്.
വൈകുന്നേരത്തെ ആവശ്യകതയും റെക്കോർഡിൽ എത്തി. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6013 മെഗാ വാട്ട്. 2024 മെയ് 3 ന് രേഖപ്പെടുത്തിയ മൊത്തം ഉപയോഗമായ 115.94 ദശലക്ഷം യൂണിറ്റ് ആയിരുന്നു മുൻ റെക്കോർഡ്. 2026 ഏപ്രിൽ 14 ന് രേഖപ്പെടുത്തിയ 6012 മെഗാവാട്ടായിരുന്നു വൈകുന്നേരത്തെ റെക്കോർഡ് വൈദ്യുതി ആവശ്യകത. ഇത് രണ്ടും ഇന്നലെ മറികടന്നു.
ചൂട് വർധിച്ചതോടെ വീടുകളിലും സ്ഥാപനങ്ങളിലും എസി, കൂളർ തുടങ്ങിയ ഉപകരണങ്ങൾ നിരന്തരമായി ഉപയോഗിക്കുന്നതാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണം. ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. വൈകുന്നേരം ആറ് മണി മുതൽ രാത്രി 11 മണി വരെയുള്ള പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിക്കണം. ഈ സമയത്ത് അനാവശ്യമായ ലൈറ്റുകൾ അണയ്ക്കാനും, മോട്ടോർ, വാഷിങ് മെഷീൻ തുടങ്ങിയ വലിയ തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




