സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ ; നാലുപേർക്ക് പുതുജീവനേകും

കൊച്ചി: റോഡപകടത്തിൽ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച 10 മാസം പ്രായമുള്ള കുഞ്ഞ് നാലുപേർക്ക് പുതുജീവനേകും. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളായ ആലിൻ ഷെറിൻ എബ്രഹാമിൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ.

റോഡപകടത്തിൽ ഗുരുതര പരിക്കേറ്റ് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആലിന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. രണ്ട് വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയിൽ ചികിത്സയിലുള്ള 10 വയസ്സുള്ള കുട്ടിക്ക് നൽകും. കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിന് കരളും എഐടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് ഹൃദയ വാൽവും അമൃത ആശുപത്രിയിൽ നേത്രപടലങ്ങളും ദാനം ചെയ്യും.

ആലിൻ്റെ വൃക്കകളും കരളും ഹൃദയ വാൽവുമായി വൈകുന്നേരം ആറരയോടെ അമൃത ആശുപത്രിയിൽനിന്ന് തിരുവനന്തപുരത്തേക്ക് ആംബുലൻസ് പുറപ്പെടുമെന്നാണ് വിവരം.

ഫെബ്രുവരി അഞ്ചിന് ആലിനും മാതാവും മാതാവിൻ്റെ രക്ഷിതാക്കളും കാറിൽ യാത്ര ചെയ്യവെ എതിർദിശയിൽ വന്ന വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ ആലിന് തൽക്ഷണം ബോധം നഷ്ടപ്പെട്ടിരുന്നു. കുഞ്ഞിൻ്റെ അമ്മയ്ക്കും അമ്മയുടെ മാതാപിതാക്കൾക്കും പരിക്കേറ്റിരുന്നു. ആദ്യം ചങ്ങനാശേരിയിലെ ഗവ. ജനറൽ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫെബ്രുവരി ആറിനാണ് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ചികിത്സ തുടരുകയായിരുന്നു.

തീവ്ര ദുഖത്തിലും മറ്റുള്ളവരുടെ ജീവൻ നിലനിർത്തുന്നതിന് വേണ്ടി മാതാപിതാക്കൾ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top