മെഡിക്കല്‍ കോളജ് തീപ്പിടിത്തം ; സംഭവശേഷം ഉണ്ടായ മരണങ്ങള്‍ വിശദമായി പരിശോധിക്കും

കോഴിക്കോട്: ഇന്നലെ രാത്രി 8 മണിയോടെയാണ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്ന് യുപിഎസ് റൂമില്‍ നിന്നും പുക ഉയര്‍ന്നത്. യുപിഎസ് റൂമില്‍ ഷോര്‍ട് സര്‍ക്യുട്ട് ഉണ്ടായെന്നാണ് പ്രാഥമിക നിഗമനമെന്ന് കളക്ടര്‍ വ്യക്തമാക്കി. തുടര്‍ന്ന് ക്യാഷ്വാലിറ്റിയില്‍ നിന്ന് പുക വലിച്ചു എടുക്കുകയായിരുന്നു. നിലവില്‍ 200ല്‍ അധികം രോഗികളെ മാറ്റിയിട്ടുണ്ട്. അത്യാഹിത വിഭാഗം ബ്ലോക്ക് മുഴുവനും ഒഴിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് സൂപ്രണ്ട് ശ്രീജയന്‍ പറഞ്ഞു. അത്യാഹിത വിഭാഗത്തിലെ രോഗികളെ മെഡിക്കല്‍ കോളേജിലെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റി. ഇവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സൂപ്രണ്ട് പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ യുപിഎസ് റൂമിലെ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെ രോഗികള്‍ മരിച്ചെന്ന ആരോപണം തള്ളി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. മൂന്ന് മരണം സംഭവിച്ചത് അപകടമുണ്ടാകുന്നതിന് മുന്‍പാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. മരിച്ച മൂന്ന് പേരില്‍ ഒരാള്‍ വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ ആയിരുന്ന സ്ത്രീയാണ്. രണ്ടാമത്തെയാള്‍ ക്യാന്‍സര്‍ രോഗിയും മൂന്നാമത്തെയാള്‍ക്ക് കരള്‍ രോഗവും മറ്റ് പ്രശ്‌നങ്ങളുമുണ്ടായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. നാലാമത്തെയാളുടെ മരണം ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ സംഭവിച്ചിരുന്നുവെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. പിന്നെയൊരു മരണം ന്യൂമോണിയ ബാധിച്ച ഒരാളുടേതാണെന്നും അതും പുക ശ്വസിച്ചാണെന്ന് തോന്നുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

വെസ്റ്റ് ഹില്‍ സ്വദേശിയായ ഗോപാലന്‍, വടകര സ്വദേശിയായ സുരേന്ദ്രന്‍, മേപ്പയൂര്‍ സ്വദേശിയായ ഗംഗാധരന്‍, വയനാട് സ്വദേശി നസീറ എന്നിവരാണ് മരിച്ച നാല് പേര്‍. മരിച്ച ഗോപാലന്റെ ആരോഗ്യസ്ഥിതി ഗുരുതരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഗോപാലന്റെ കാര്യത്തില്‍ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിട്ടില്ല. മരിച്ച അഞ്ചാമന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം അത്യാഹിത വിഭാഗത്തില്‍ നിന്നും മാറ്റുന്നതിനിടെ ഒരു രോഗി മരിച്ചതായി ടി സിദ്ദിഖ് എംഎല്‍എ ആരോപിച്ചു.

ശ്വാസം കിട്ടാതെ മൂന്ന് രോഗികള്‍ മരിച്ചെന്നാണ് ടി സിദ്ദിഖ് എംഎല്‍എ പറയുന്നത്. വയനാട് കോട്ടപ്പടി സ്വദേശി നസീറയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചെന്ന് എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തരമായി കാഷ്വാലിറ്റി ഒരുക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. അതിനിടെ, അത്യാഹിത വിഭാഗം മുഴുവനും പൊലീസ് സീല്‍ ചെയ്തു. അപകടം ഉണ്ടായ ബ്ലോക്ക് ആണ് അടച്ചത്. എന്താണ് സംഭവിച്ചത് എന്നു അന്വേഷിച്ചു കണ്ടെത്തിയ ശേഷം മാത്രമേ തുറക്കൂ. അതേസമയം, കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി ഇവിടെ ലഭ്യമാക്കും. സംഭവത്തെക്കുറിച്ച് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top