തിരുവനന്തപുരം:മുന്‍കാലത്തുനിന്ന് മാധ്യമങ്ങള്‍ക്കുണ്ടായ രൂപപരമായ പുരോഗതി ഉള്ളടക്കത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയപ്രക്ഷോഭകാലത്ത് സാമൂഹികസേവനമായിരുന്ന മാധ്യമരംഗത്ത് വ്യവസായതാത്പര്യം പകരം വെക്കുന്ന നില വന്നിരിക്കുന്നു. ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തനം മുമ്പെങ്ങുമില്ലാത്ത വിധം ജീര്‍ണിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2017ലെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം, 2017ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍, 2018ലെ സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരം എന്നിവ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രവര്‍ത്തിച്ചിരുന്ന ഏതെങ്കിലും പത്രസ്ഥാപനത്തിന്റെ ബ്രാക്കറ്റിലൊതുങ്ങുന്ന വ്യക്തിത്വമായിരുന്നില്ല സ്വദേശാഭിമാനി-കേസരി പുരസ്‌കാരം നേടിയ ടി.ജെ.എസ് ജോര്‍ജെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരളം ഇന്ത്യന്‍ മാധ്യമലോകത്തിനു നല്‍കിയ മഹദ്സംഭാവനയാണ് ടി.ജെഎസ്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഭീഷണി നേരിടുന്ന ഈ കാലഘട്ടത്തില്‍ അദ്ദേഹത്തെ ആദരിക്കാന്‍ കഴിഞ്ഞത് പുരോഗമനകേരളത്തിന് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയകാലത്തെ പത്രപ്രവര്‍ത്തകര്‍ക്ക് ടി.ജെ.എസില്‍ നിന്ന് ധാരാളം പഠിക്കാനുണ്ട്. സ്വദേശാഭിമാനിയുടെയും കേസരിയുടെയും കാലത്തു നിന്ന് മാധ്യമ പ്രവര്‍ത്തനം ഇന്ന് എവിടെയെത്തി എന്ന് ആലോചിക്കാന്‍ കൂടി ഈ ചടങ്ങ് ഉപകരിക്കണം.
ജനാധിപത്യത്തെ പരിപുഷ്ടമാക്കുന്നത് മാധ്യമങ്ങളുടെ സാന്നിധ്യമാണെന്ന് മുഖ്യാതിഥിയായിരുന്ന സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ അവയ്ക്ക് അതേനിലയില്‍ തുടരാന്‍ കഴിയുന്നുണ്ടോ എന്ന് ആലോചിക്കണം. തമസ്‌കരിക്കപ്പെടുന്ന, പാര്‍ശ്വവത്കരിക്കപ്പെടുന്ന വാര്‍ത്തകളുടേതായി മാധ്യമരംഗം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ടാഗോര്‍ തീയറ്ററില്‍ നടന്ന ചടങ്ങില്‍ സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
സാഹസികതയുടെ അംശം ഉണ്ടാകുമ്പോഴാണ് പത്രപ്രവര്‍ത്തനം അര്‍ഥവത്താകുന്നതെന്ന് മറുപടിപ്രസംഗത്തില്‍ സ്വദേശാഭിമാനി-കേസരി പുരസ്‌കാര ജേതാവ് ടിജെഎസ് ജോര്‍ജ് പറഞ്ഞു. സ്വദേശാഭിമാനിയുടെയും കേസരിയുടെയും പത്രപ്രവര്‍ത്തനത്തില്‍ സാഹസികതയുടെ മാനം ഉണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തനത്തിന് അര്‍ഥവും ആഴവും നല്‍കിയ മാധ്യമപ്രതിഭകളാണ് അവരെന്നും അദദ്ദേഹം പറഞ്ഞു.
മേയര്‍ വി.കെ. പ്രശാന്ത്, വീണാ ജോര്‍ജ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, മുഖ്യമന്ത്രിയുടെ പ്രസ് അഡൈ്വസര്‍ പ്രഭാവര്‍മ, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, സ്വദേശാഭിമാനി-കേസരി പുരസ്‌കാരം ജഡ്ജിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സി. നാരായണന്‍, ജില്ലാ സെക്രട്ടറി കിരണ്‍ ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് സെക്രട്ടറി പി. വേണുഗോപാല്‍ സ്വാഗതവും ഡയറക്ടര്‍ ഇന്‍ ചാര്‍ജ് കെ. സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.
പത്രപ്രവര്‍ത്തന ചരിത്രത്തിലെ തിളക്കമാര്‍ന്ന വ്യക്തിത്വങ്ങളായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കേസരി ബാലകൃഷ്ണപിള്ള എന്നിവരുടെ സ്മരണാര്‍ഥമാണ് സ്വദേശാഭിമാനി-കേസരി പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരുലക്ഷം രൂപയും പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ഫോട്ടോഗ്രഫിയിലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം പി.ഡേവിഡിനാണ് നല്‍കിയിരിക്കുന്നത്.
ജനറല്‍ റിപ്പോര്‍ട്ടിങ്, വികസനോന്‍മുഖ റിപ്പോര്‍ട്ടിങ്, കാര്‍ട്ടൂണ്‍, ന്യൂസ് ഫോട്ടോഗ്രഫി, ടി.വി റിപ്പോര്‍ട്ടിങ്, ടി.വി ന്യൂസ് എഡിറ്റിങ്, ടി.വി ന്യൂസ് ക്യാമറ, ടി.വി ന്യൂസ് റീഡര്‍, ടി.വി അഭിമുഖം എന്നീ വിഭാഗങ്ങളിലാണ് മാധ്യമ പുരസ്‌കാരങ്ങള്‍ നല്‍കിയത്.
എം. ഫിറോസ്ഖാന്‍ (മാധ്യമം), കെ. സുജിത്ത് (മംഗളം), സിദ്ദിഖുല്‍ അക്ബര്‍ (മാതൃഭൂമി), കെ.ഉണ്ണിക്കൃഷ്ണന്‍ (മാതൃഭൂമി), എം. ദിനുപ്രകാശ് (മനോരമ ന്യൂസ്), റഹീസ് റഷീദ് (മീഡിയ വണ്‍), ബൈജു നിഴൂര്‍ (മാതൃഭൂമി ന്യൂസ്), ഡാള്‍ട്ടണ്‍ ജോസ് (മനോരമ ന്യൂസ്), ജിബിന്‍ ബേബി (ഏഷ്യാനെറ്റ് ന്യൂസ്), ജയ്‌സല്‍ ബാബു (മീഡിയ വണ്‍), അനുജ (റിപ്പോര്‍ട്ടര്‍ ടി.വി), അഭിജിത്ത് ബി (എ.സി.വി ന്യൂസ്), ജിമ്മി ജെയിംസ് (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവര്‍ക്കാണ് മാധ്യമപുരസ്‌കാരം ലഭിച്ചത്. 2018-ലെ സംസ്ഥാന ഫോട്ടോഗ്രഫി അവാര്‍ഡ് ലഭിച്ചത് പ്രവീഷ് ഷൊര്‍ണൂര്‍, മനൂപ് ചന്ദ്രന്‍, രാകേഷ് പുത്തൂര്‍ എന്നിവര്‍ക്കാണ്.
ചടങ്ങിനോടനുബന്ധിച്ച് വൈകിട്ട് മൂന്ന് മണിമുതല്‍ അവാര്‍ഡ് ജേതാക്കളും മാധ്യമവിദ്യാര്‍ഥികളുമായുള്ള സംവാദവും തുടര്‍ന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ ഒത്തുചേരലും സംഘടിപ്പിച്ചു. വൈകിട്ട് നാലുമണിമുതല്‍ അനന്തകൃഷ്ണനും അരവിന്ദ് കൃഷ്ണനും അവതരിപ്പിക്കുന്ന തായമ്പക അരങ്ങേറി.
പുരസ്‌കാരദാന ചടങ്ങുകള്‍ക്ക് ശേഷം ലോക കേരള സഭയുമായി സഹകരിച്ച് പ്രമുഖ നര്‍ത്തകി ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്ത സംഗീത ശില്‍പം ‘ദേവഭൂമിക’യും വേദിയിലെത്തി.




