
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ അറുന്നൂറോളം പേര്‍ മരണപ്പെട്ടു. 1600ഓംളം പേര്‍ക്ക് പരിക്കേറ്റു. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഏറെ ഉയര്‍ന്നേക്കാമെന്ന് താലിബാന്‍ ഭരണകൂടം അറിയിച്ചു.
നൂറുകണക്കിന് വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നശിച്ചു. നൂറു കണക്കിന് ആളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. ദുരന്തത്തെ നേരിടാന്‍ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാന്‍ അഭ്യര്‍ത്ഥിച്ചു.
പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള കിഴക്കന്‍ അഫ്ഗാനിസ്ഥാനിലാണ് ഭൂചലനമുണ്ടായത്. പരിക്കേറ്റവരെ കുനാര്‍ പ്രവിശ്യകളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി വൈകിയാണ് ഭൂകമ്പമുണ്ടായതെന്നും തുടര്‍ച്ചയായി മൂന്ന് തുടര്‍ചലനങ്ങളുണ്ടായെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. രാത്രി 11:47 ന് 8 കിലോമീറ്റര്‍ ആഴത്തില്‍ ഭൂകമ്പം ഉണ്ടായതായും, നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദില്‍ നിന്ന് 27 കിലോമീറ്റര്‍ കിഴക്ക്-വടക്കുകിഴക്കായി പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതായും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 2022 ലും 2023 ലും അഫ്ഗാനില്‍ ഭൂചലനത്തില്‍ രണ്ടായിരത്തോളം പേര്‍ മരിച്ചിരുന്നു.
ഭൂകമ്പത്തില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണാണ് നിരവധിപേര്‍ മരിച്ചത്. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുടനീളം നിരവധി സെക്കന്‍ഡുകള്‍ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ കുലുങ്ങി, 370 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലും ഭൂചലനം അനുഭവപ്പെട്ടതായി എഎഫ്പി മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.
ദുരന്തത്തില്‍ ഐക്യരാഷ്ട്രസഭ അനുശോചനം രേഖപ്പെടുത്തി. നൂറുകണക്കിനാളുകളുടെ മരണത്തിനും പരിക്കിനും കാരണമായ ഭൂചലനത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് ഐക്യരാഷ്ട്രസഭ
എക്സ് പോസ്റ്റില്‍ സൂചിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ ദൗത്യസംഘം പ്രദേശത്തുണ്ടെന്നും കുറിപ്പില്‍ പറയുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



