Section

malabari-logo-mobile

ജീവിതശൈലീ രോഗമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം

HIGHLIGHTS : Masks are mandatory for people with lifestyle diseases, children, pregnant women and the elderly

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി കൂടി വരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം കൂടിയ കോവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളെ ചികിത്സിക്കാനായി പ്രത്യേകമായി കിടക്കകള്‍ സജ്ജമാക്കണം. ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സ നിഷേധിക്കാതെ അതേ ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പ് വരുത്തേണ്ടതാണ്. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് എല്ലാ ജില്ലയില്‍ നിന്നും ഡബ്ല്യുജിഎസ് (Whole Genome Sequencing) പരിശോധനയ്ക്ക് അയക്കേണ്ടതാണ്. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍ ഇക്കാര്യം ഉറപ്പ് വരുത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

1. പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗമുള്ളവര്‍ തുടങ്ങി മറ്റ് അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്.
2. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, പ്രമേഹം, രക്താതിമര്‍ദ്ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങി മറ്റു അസുഖമുള്ളവര്‍ എന്നിവര്‍ക്ക് കോവിഡ് ഇന്‍ഫ്ളുവന്‍സാ രോഗലക്ഷണമുണ്ടെങ്കില്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ചികിത്സ ലഭ്യമാക്കുകയും വേണം.
3. ആശുപത്രിയില്‍ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.
4. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും ആശുപത്രിയ്ക്കുള്ളില്‍ മാസ്‌ക് ധരിക്കേണ്ടതാണ്. ഇത് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ഉറപ്പുവരുത്തേണ്ടതാണ്.
5. ഇന്‍ഫ്ളുവന്‍സ രോഗലക്ഷണങ്ങളുള്ള ഗര്‍ഭിണികളെ കണ്ടെത്തുവാന്‍ ആശാ പ്രവര്‍ത്തകര്‍, ഫീല്‍ഡ് ജീവനക്കാര്‍ മുഖേന പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതാണ്. ഗര്‍ഭിണികള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തേണ്ടതാണ്.
6. കോവിഡ് വാക്സിന്‍ രണ്ട് ഡോസും മുന്‍കരുതല്‍ ഡോസും എടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി അവബോധം നടത്തണം.
7. പ്രമേഹം, രക്തസമ്മര്‍ദം മുതലായ ജീവിതശൈലി രോഗങ്ങളുള്ളവരും മറ്റ് ഗുരുതര രോഗങ്ങളുള്ളവരും 60 വയസിന് മുകളില്‍ പ്രായമുള്ളവരും, ഗര്‍ഭിണികളും, കുട്ടികളും, അമിത വണ്ണമുള്ളവരും കോവിഡ് രോഗം വരാതിരിക്കുന്നതിനുള്ള പ്രത്യേകമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഇവര്‍ക്ക് കോവിഡ് രോഗലക്ഷണമുണ്ടെങ്കില്‍ അടിയന്തര ചികിത്സ തേടേണ്ടതാണ്. വീട്ടിലുള്ള കിടപ്പ് രോഗികള്‍ക്കും സാന്ത്വന പരിചരണത്തിലുള്ള രോഗികള്‍ക്കും കോവിഡ് വരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
8. കോവിഡ് ബാധിച്ച് ചികിത്സ ആവശ്യമുള്ള ഒരു രോഗിക്കും ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകരുത്. കിടത്തി ചികിത്സ ആവശ്യമുള്ള കോവിഡ് രോഗികള്‍ക്കായി എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും നിശ്ചിത എണ്ണം ബെഡുകള്‍ പ്രത്യേകമായി മാറ്റിവച്ച് ചികിത്സ ലഭ്യമാക്കേണ്ടതുമാണ്.
9. ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ അതേ ആശുപത്രിയില്‍ തന്നെ കോവിഡ് രോഗികള്‍ക്കായി പ്രത്യേകമായി മാറ്റിവച്ചയിടത്ത് തുടര്‍ ചികിത്സ ഉറപ്പാക്കേണ്ടതാണ്.
10. മേല്‍പ്പറഞ്ഞ പ്രകാരമുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രികളില്‍ ഒരുക്കുന്നുണ്ടെന്നും രോഗികള്‍ക്ക് ചികിത്സ ലഭ്യമാകുന്നുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തേണ്ടതാണ്.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!