”ഇന്നലെ രാവിലെന്‍ മാറത്തുറങ്ങിയ പൊന്മണി പൂങ്കുയിലെവിടെ…. ”

ഷിജു ദിവ്യ
ഷിജു ദിവ്യ

കാലം കുറച്ച് പഴയതാണ്.
നാടന്‍ പാട്ടുകളുടെ ഈണവും ഗ്രാമഭാഷയുടെ ചാരുതയും ചേര്‍ന്ന ചലച്ചിത്ര ഗാനങ്ങള്‍ മുഴുവന്‍ മലയാളിയുടെയും സംഗീത ബോധമായ് ഉയര്‍ന്നു വരുന്ന സമയം. സാമുദായികവും പ്രാദേശികവും മതാത്മകവുമൊക്കെയായി പല ധാരകളില്‍ ചിതറിക്കിടന്ന പാട്ടുപാടല്‍ രീതികളുടെ തീണ്ടാപ്പാട് അകലങ്ങള്‍ക്കിടയില്‍ നിന്ന് കേരളത്തിനൊരു ഗാനഭാവുകത്വത്തെ സാദ്ധ്യമാക്കിയ നവോത്ഥാനം കൂടിയാണ് ചലച്ചിത്രഗാനങ്ങള്‍. ആകാശവാണിയുടെ പ്രചാരവും ഉച്ചഭാഷിണിയെന്ന സാങ്കേതിക വിദ്യയും ഈ ഭാവുകത്വത്തിന് വലിയ ബഹുജന പിന്തുണനല്‍കി. ( ആഖ്യാനത്തിലെ ഗ്രാമസാരള്യവുംജനകീയതയും അത് വളരെ വേഗം കൈവെടിഞ്ഞുവെന്നത് വേറെ കാര്യം.) ‘കായലരികത്ത് ‘ തുടങ്ങിയ ഗാനങ്ങളിലൂടെ ഈ നവോത്ഥാനത്തിന്റെ അഗ്രഗാമിയായ കെ.രാഘവന്‍ മാസ്റ്റര്‍ തന്റെ നാടായ തലശ്ശേരി അങ്ങാടിയില്‍ വച്ച് ഒരു ചെറുപ്പക്കാരനെ കാണുന്നു. ഒരു ചുമട്ടുതൊഴിലാളി. കുടുംബഭാരത്തിന്റെ ഇറക്കി വയ്ക്കാനാവാത്ത ചുമടുമായി നില്‍ക്കുന്നൊരു കൗമാരം. രാഘവന്‍ മാസ്റ്ററുടെ ശ്രദ്ധ പതിഞ്ഞത് അതിലൊന്നുമല്ല. അങ്ങാടിയില്‍ ചുമടെടുത്ത് തളരുന്ന തന്റെ സഖാക്കളെ ആ ചെറുപ്പക്കാരന്‍ പാടിക്കേള്‍പ്പിച്ച പാട്ടുകളിലാണ്. മൗലികമായ ഒരു പ്രതിഭയുടെ മിന്നലാട്ടങ്ങളും ആ ഇടനെഞ്ചിലെ പാട്ടുറവുകളും രാഘവന്‍ മാസ്റ്റര്‍ മനസ്സിലാക്കി.

സംഗീത ലോകത്ത് അദ്ദേഹത്തിന്റെ വിലാസം വടകരയുടേതാണ്. വടകര കുഞ്ഞിമൂസ എന്ന് നാമദ്ദേഹത്തെ വിളിച്ചു. തന്റെ സംഗീത വിശേഷങ്ങളറിയാന്‍ തേടിയെത്തിയ മുഴുവന്‍ മനുഷ്യരോടും സ്‌നേഹനിര്‍ഭരമായി മൂസാക്ക രാഘവന്‍ മാസ്റ്ററെ അടയാളപ്പെടുത്തുമായിരുന്നു. ആരാധകരുടെ ആകാശത്ത് താരമായിരിക്കുമ്പോഴും വടകരയുടെ മണ്ണില്‍ ചവിട്ടി നടന്നു മൂസാക്ക. ന്യൂ ഇന്ത്യ ഹോട്ടലിനടുത്തെ വൈകുന്നേരക്കൂട്ടായ്മകളിലെ സാന്നിദ്ധ്യം അദ്ദേഹത്തിന്റെ ദിനചര്യകളിലൊന്നായിരുന്നു.

‘മൂസാക്കാ… താങ്കള്‍ നടന്നതു കൊണ്ട് കൂടിയാണ് ഞങ്ങളുടെ തെരുവുകള്‍ക്ക് ആത്മീയ വിശുദ്ധിയുടെ , മെഹ്ഫില്‍ സന്ധ്യകളുടെ അപൂര്‍വ്വ ചാരുത കൈവന്നത്.’

മാപ്പിളപ്പാട്ടുകള്‍ മാത്രമല്ല , അനേകം ലളിതഗാനങ്ങള്‍, ഭാസ്‌കരന്‍, പി കുഞ്ഞിരാമന്‍നായര്‍, അക്കിത്തം, വി ടി കുമാരന്‍, പി ടി അബ്ദുറഹിമാന്‍, എസ് വി ഉസ്മാന്‍ തുടങ്ങിയവരുടെ എണ്ണമറ്റ രചനകള്‍ക്ക് കുഞ്ഞിമൂസ സംഗീതം പകര്‍ന്നു. വൈവിദ്ധ്യ പൂര്‍ണ്ണമായിരുന്നു ആ സംഗീതജീവിതം.

വടകര വി ഫെസ്റ്റില്‍ കുഞ്ഞിമൂസ്സാക്കയെ ആദരിക്കുന്ന ഒരു ചടങ്ങില്‍ കാണിക്കാനുള്ള വീഡിയോ നിര്‍മ്മാണമാണ് അദ്ദേഹത്തിന്റെ വീട്ടില്‍ ഞങ്ങളെ എത്തിച്ചത്. വിറയാര്‍ന്ന സ്വരത്തില്‍ , വിനയത്തോടെ പിന്നിട്ട കാലത്തെ ഓര്‍ത്തും പറഞ്ഞും പാടിയും ഇരിക്കുന്ന കുഞ്ഞിമൂസാക്ക. ജാലകത്തിന്റെ അഴികള്‍ക്കിടയിലൂടെ ഞങ്ങളെ ആശ്ലേഷിക്കുന്ന വെളിച്ചത്തിന്റെ വിരലുകള്‍. അദ്ദേഹം കൊളുത്തിക്കൊടുത്ത
‘ഖല്‍ബാണ് ഫാത്തിമ’ എന്ന ഗാനം കൊണ്ട് മാപ്പിളപ്പാട്ടിലെ താരമായ് ഉയര്‍ന്ന താജുദ്ദീന്‍ വടകര. ധന്യമായിരുന്നു ആ വൈകുന്നേരം.
പാതിയടഞ്ഞ കണ്ണുകളില്‍ മണ്‍മറഞ്ഞൊരു കാലത്തെ ഓര്‍ത്തെടുത്ത് അദ്ദേഹം ഞങ്ങള്‍ക്കായി പാടി.
‘ഇന്നലെ രാവിലെന്‍ മാറത്തുറങ്ങിയ
പൊന്മണി പൂങ്കുയിലെവിടെ.. ”

ഏകാന്ത രാത്രികളെ രാഗാര്‍ദ്രമാക്കിയ ഞങ്ങളുടെ പ്രിയപ്പെട്ട പൂങ്കുയില്‍ പാട്ടുനിര്‍ത്തിയിരിക്കുന്നു. കൂടുപേക്ഷിച്ചിരുക്കുന്നു. പള്ളിക്കാട്ടിലെ മീസാന്‍ കല്ലിനടിയിലെ മണ്ണില്‍ ഉടലും ആയിരക്കണക്കായ ആസ്വാദകരുടെ ഓര്‍മ്മകളില്‍ ഉയിരും നല്‍കി പടിയിറങ്ങുന്ന കുഞ്ഞിമൂസാക്കക്ക് അഭിവാദ്യങ്ങള്‍.

Related Articles