പരപ്പനങ്ങാടി; പത്തുകോടി രൂപ മണ്‍സൂണ്‍ ബമ്പറായി പരപ്പനങ്ങാടിയിലെത്തിയതിന്റെ സന്തോഷത്തിലാണ് ലോട്ടറിയടിച്ചവരും നാട്ടുകാരും. പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകര്‍മ്മ സേനാംഗങ്ങളായ 11 പേര്‍ക്കാണ് ബമ്പറടിച്ചത്. പതിവുപോലെ രാവിലെ പരപ്പനങ്ങാടിയിലെ വിവിധമേഖലകളിലെ വീടുകളില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിച്ച് വരുന്നതിനിടിയിലാണ് ആ ഭാഗ്യം തങ്ങളെ തേടിയെത്തിയ വിവരം ഇവരറിയുന്നത്. നഗരസഭയിലെ ഹരിതകര്‍മ്മ സേനയിലെ അംഗങ്ങളായ ലക്ഷ്മി.പി, ലീല.കെ, രാധ.എം.ടി. ഷീജ.എം, ചന്ദ്രിക, ബിന്ദു, കാര്‍ത്യായനി, ശോഭ, ബേബി, കുട്ടിമാളു,പാര്‍വതി എന്നിവര്‍ക്കാണ് ഇത്തവണത്തെ മണ്‍സൂണ്‍ ബമ്പറിന്റെ പത്തുകോടി അടിച്ചത്.
നഗരസഭ കാര്യാലയത്തിന്റെ പരിസരത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കവെയാണ് ലോട്ടറി വില്‍പ്പനക്കാരനായ ഹൂസൈന്‍ ടിക്കറ്റ് എടുക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ഇടക്കൊക്കെ കൂട്ടുംകൂടി ടിക്കറ്റെടുക്കാറുള്ള രാധയാണ് ഷെയര്‍ ഇട്ട് ബമ്പര്‍ ടിക്കെറ്റെടുക്കാമെന്ന ആശയം മുന്നോട്ട് വെച്ചത്. ഇതോടെ അവിടയുണ്ടായിരുന്ന പത്തുപേര്‍ ഇതിന് തയ്യാറാകുകയായിരുന്നു. ഇതില്‍ ചിലരുടെ കയ്യില്‍ 25 രൂപ പോലും ഇല്ലാത്തതിനാല്‍ കടംവേടിച്ച് പണം നല്‍കുകയായിരുന്നു.
പാലക്കാട്ടാണ് ഒന്നാം സമ്മാനമടിച്ചതെന്ന വാര്‍ത്ത ടിവിയില്‍ കണ്ടപ്പോള്‍ തന്റെ ഭര്‍ത്തവിനോട് ഞങ്ങളും ഈ ടിക്കെറ്റെടുത്തിരുന്നുവെന്ന് പറഞ്ഞിട്ടാണ് സമ്മാനമടിച്ചതറിയാതെ പാര്‍വ്വതി വീട്ടില്‍ നിന്നും ഇന്ന് ജോലിക്കിറങ്ങിയത്. പിന്നീടാണ് തങ്ങളുടെ ടിക്കറ്റിനാണ് ഒന്നാം സമ്മാനമാണെന്നത് ഇവര്‍ അറിയുന്നത്.
തുടര്‍ന്ന് ഇവര്‍ കൂട്ടായ തിരൂമാനമെടുത്ത് സമ്മാനടിക്കറ്റ് പരപ്പനങ്ങാടിയിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയിലേല്‍പ്പിച്ചു.
എല്ലാം കൊണ്ടും അര്‍ഹിച്ചവരുടെ കൈകളിലേക്കാണ് ഭാഗ്യമെത്തിയതെന്ന് നാട്ടുകാര്‍ ഒറ്റമനസ്സോടെ പറയുന്ന കാഴ്ചയാണ് പരപ്പനങ്ങാടിയില്‍ ഇന്നുണ്ടായത്. നാടെങ്ങും ഇവര്‍ക്ക് ലഭിച്ച സൗഭാഗ്യത്തെ പ്രശംസിക്കുകയാണ്.
വലിയ പ്രതീക്ഷയിലാണവര്‍….തങ്ങളുടെ ഇതുവരെയുള്ള കഷ്ടപാട് നിറഞ്ഞ ജീവതത്തില്‍ നിന്നും ഒരു പടിയുയര്‍ന്ന് മുന്നോട്ട് പോകാനാകുമെന്ന് ഇവര്‍ കരുതുന്നു. ആ സന്തോഷം തങ്ങളെ അഭിനന്ദിക്കാനത്തെിയവരോടും അവര്‍ പങ്കുവെച്ചു. അപ്പോഴും ഇനിയും കഴിയുന്നിടത്തോളം ഹരിതകര്‍മസേനാംഗങ്ങളായി തുടരാനാണ് തങ്ങളുടെ ആഗ്രഹമെന്ന് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




