മണ്ഡല-മകരവിളക്ക് തീര്‍ഥാടനം: കുടിവെള്ള വിതരണത്തിന് വാട്ടര്‍ അതോറിറ്റി പൂര്‍ണ സജ്ജം

HIGHLIGHTS : Mandala-Makaravilak Pilgrimage: Water Authority is fully prepared to supply drinking water

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്ത് കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിക്കി കേരള വാട്ടര്‍ അതോറിറ്റി. തീര്‍ഥാടകര്‍ക്കായി പമ്പ മുതല്‍ സന്നിധാനം വരെ എട്ടു സംഭരണികളിലായി ഏകദേശം 68 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കുന്നുണ്ട്. താല്‍ക്കാലിക ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ശബരിമലയില്‍ റിവേഴ്‌സ് ഓസ്മോസിസ്(ആര്‍ഒ) പ്ലാന്റുകള്‍ വഴി ജലം ശുദ്ധീകരിച്ച് മണിക്കൂറില്‍ 35000 ലിറ്റര്‍ ശുദ്ധജലം വിതരണം ചെയ്യും. ആര്‍ഒ പ്ലാന്റുകളില്‍ നിന്നു പൈപ്പുകള്‍ സ്ഥാപിച്ച് 103 കിയോസ്‌കുകളിലായി 270 ടാപ്പുകള്‍ വഴിയാണ് തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം വിതരണം നടത്തുന്നത്. ആവശ്യാനുസരണം കൂടുതല്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. നിലയ്ക്കല്‍ ബേസ് ക്യാംപില്‍ വാട്ടര്‍ അതോറിറ്റിയുടെ, മണിക്കൂറില്‍ 1000 ലിറ്റര്‍ ശേഷിയുള്ള 28 ആര്‍ഒ പ്ലാന്റുകളില്‍ നിന്നുള്ള ജലം വിതരണം നടത്തുന്നതിന് ഏകദേശം 20 കിലോമീറ്റര്‍ പിവിസി പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 80 കിയോസ്‌കുകളില്‍ 226 ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

പമ്പ-ശബരിമല ശുദ്ധജല വിതരണ പദ്ധതിയുടെ എല്ലാ ഘടകങ്ങളും പ്രവര്‍ത്തനസജ്ജമാണെങ്കിലും തീര്‍ഥാടനകാലത്ത് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് ശുദ്ധജലം വിതരണം നടത്താനായി വാട്ടര്‍ അതോറിറ്റിയുടെ 13 എംഎല്‍ഡി ഉല്‍പാദന ശേഷിയുള്ള കുടിവെള്ള പദ്ധതിയാണ് ശബരിമലയിലുള്ളത്. പമ്പാ ത്രിവേണിയിലെ ഇന്‍ടേക്ക് പമ്പ് ഹൌസില്‍ നിന്ന് പ്രഷര്‍ ഫില്‍ട്ടര്‍ വഴി ശുദ്ധീകരിക്കുന്ന ജലം, പമ്പ ഭൂതലസംഭരണിയില്‍ ശേഖരിച്ച് ക്ലോറിനേഷന്‍ നടത്തി പമ്പാമേഖലയിലും നീലിമലബോട്ടം പമ്പ് ഹൗസിലും തുടര്‍ന്ന് നീലിമലടോപ്പ് പമ്പ് ഹൗസ്, അപ്പാച്ചിമേട് പമ്പ് ഹൗസ് വഴി ശരംകുത്തി സംഭരണിയിലും സന്നിധാനം ദേവസ്വം സംഭരണികളിലേക്കും ശേഖരിച്ച് സന്നിധാനത്തും കാനനപാതയിലും ജലവിതരണം ക്രമീകരിച്ചിരിക്കുന്നു. ശബരിമല, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ ദേവസ്വം ബോര്‍ഡ് 1.90 എംഎല്‍ഡി ജലം ഏഴു ടാങ്കുകളിലായി സംഭരിച്ചു വിതരണം നടത്തുന്നുണ്ട്. ദേവസ്വം ബോര്‍ഡ് കിയോസ്‌കുകളിലേക്കും ശൗചാലയങ്ങളിലേക്കും മറ്റ് സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍-ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളിലേക്കും വാട്ടര്‍ അതോറിറ്റിയാണ് ശുദ്ധജലമെത്തിക്കുന്നത്.

sameeksha-malabarinews

നിലയ്ക്കലില്‍ ജലവിതരണ പദ്ധതി നിലവിലില്ലാത്തതിനാല്‍, ദേവസ്വം ബോര്‍ഡിന്റെ ആവശ്യാനുസരണം പമ്പയില്‍ നിന്നും പെരുന്നാട്ടില്‍ നിന്നും ടാങ്കര്‍ ലോറിയില്‍ നിലയ്ക്കലില്‍ കുടിവെള്ളം എത്തിക്കുന്നുണ്ട്. നിലയ്ക്കലില്‍ 65 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കുന്നതിനായി ദേവസ്വം ബോര്‍ഡിന്റെ 40 ലക്ഷം ലിറ്റര്‍ ടാങ്കിന് പുറമെ, കേരള വാട്ടര്‍ അതോറിറ്റി 5 ലക്ഷത്തിന്റെ 3 സ്റ്റീല്‍ ടാങ്കുകളും 5000 ലിറ്ററിന്റെ 215 എച്ച്ഡിപിഇ ടാങ്കുകളും വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. പമ്പയില്‍ നിന്ന് ടാങ്കര്‍ ലോറിയില്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യാനുസരണം കുടിവെള്ളമെത്തിച്ച് വിതരണം ചെയ്യുന്നതാണ് പതിവ്. പെരുനാട് പഞ്ചായത്തിലെ വിവിധ ഇടത്താവളങ്ങില്‍ പഞ്ചായത്ത് നിര്‍ദേശിക്കുന്നനുസരിച്ച് കുടിവെള്ളമെത്തിക്കുന്നതും വാട്ടര്‍ അതോറിറ്റിയാണ്. പന്തളം, റാന്നി, വടശ്ശേരിക്കര ഇടത്താവളങ്ങളിലും സുഗമമായ കുടിവെള്ള വിതരണം ഉറപ്പാക്കുന്നു. സമാന്തര പാതയായ സ്വാമി-അയ്യപ്പന്‍ റോഡില്‍ ശുദ്ധജല വിതരണത്തിന് വിതരണക്കുലുകള്‍ സ്ഥാപിച്ച് ചരല്‍മേട് അഞ്ചാം വളവ് വരെയും ദേവസ്വം ബോര്‍ഡ് സ്ഥാപിക്കുന്ന ഇ-ടോയ്‌ലറ്റ്, കിയോസ്‌ക്, പൊതുടാപ്പുകള്‍ എന്നിവയിലും ആവശ്യാനുസരണം കുടിവെള്ളം വിതരണം നടത്തിവരുന്നു.

ജലം ശുദ്ധീകരിക്കുന്നതിനുവേണ്ടി ത്രിവേണി ഇന്‍ടേക്ക് പമ്പ് ഹൗസിനോട് ചേര്‍ന്ന് പ്രഷര്‍ ഫില്‍ട്ടര്‍ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ശുദ്ധീകരിച്ച ജലം മറ്റു പമ്പ് ഹൗസുകളിലെത്തിച്ച് ഇലക്ട്രോ ക്ലോറിനേഷന്‍ സംവിധാനം വഴി അണുനശീകരണം നടത്തുന്നു. ഈ ജലത്തെ വീണ്ടും റിവേഴ്‌സ് ഓസ്മോസിസ് പ്ലാന്റ് വഴി ശുദ്ധീകരിച്ച് കിയോസ്‌കുകളിലൂടെ വിതരണം നടത്തുന്നു. ഈ പ്ലാന്റുകളില്‍നിന്നുള്ള ജലം കേന്ദ്ര പൊതുജന ആരോഗ്യ പരിസ്ഥിതി എന്‍ജിനിയറിംഗ് ഓര്‍ഗനൈസേഷനും ലോകാരോഗ്യ സംഘടനയും (WHO) നിഷ്‌കര്‍ഷിക്കുന്ന നിലവാരം പുലര്‍ത്തുന്നതാണ്. ശുദ്ധജലത്തിന്റെ ഗുണനിലവാരം ഓരോ മണിക്കൂര്‍ ഇടവിട്ട് നിരീക്ഷിക്കാന്‍ പമ്പയില്‍ ഗുണനിലവാര ലബോറട്ടറിയും ജലവിതരണത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ അസി. എന്‍ജിനിയറുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമുമുണ്ട്. പമ്പയിലെ വാട്ടര്‍ അതോറിറ്റിയുടെ എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള ലബോറട്ടറിയില്‍ കര്‍ശന പരിശോധന നടത്തിയ ശേഷമാണ് കുടിവെള്ളം വിതരണം നടത്തുന്നത്. ഇന്‍ടേക്ക് പമ്പ്ഹൗസ് പരിസരത്തേക്ക് ആളുകള്‍ കടന്ന് മാലിന്യം ഉണ്ടാകാതിരിക്കാന്‍ പോലീസ് സഹായത്തോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. വാട്ടര്‍ കിയോസ്‌കുകള്‍ കൃത്യമായി വൃത്തിയായി സൂക്ഷിക്കുന്നതിനും ജീവനക്കാരെ നിയമിക്കുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!