
കല്‍പ്പറ്റ: മാനന്തവാടി:വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ചു കൊന്ന നരഭോജി കടുവയെ പിടികൂടാന്‍ സര്‍വസന്നാഹങ്ങളുമായി വനംവകുപ്പ്. കടുവ പ്രദേശത്ത് തന്നെ തുടരാന്‍ സാധ്യതയുള്ളിനാല്‍ പഞ്ചാരക്കൊല്ലി ഉള്‍പ്പെടുന്ന ഡിവിഷനില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് കടുവയെ തെരയുന്നതിനായി ക്യാമറ ട്രാപ്പുകളും വനംവകുപ്പ് സ്ഥാപിച്ചു. സ്ഥലത്ത് കൂടും സ്ഥാപിച്ചു.
ഇന്ന് രാവിലെയാണ് പഞ്ചാരക്കൊല്ലി സ്വദേശിയായ രാധയെ കടുവ കടിച്ചുകൊലപ്പെടുത്തിയ നിലയില്‍ വനത്തിനുള്ളല്‍ കണ്ടെത്തിയത്. പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാന്‍ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. തണ്ടര്‍ബോള്‍ട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നു മണിയുടെ അമ്മാവനും പഞ്ചാരക്കൊല്ലിയിലെ വനം വകുപ്പ് താത്കാലിക വാച്ചറുമായ അച്ഛപ്പന്റെ ഭാര്യയാണ് രാധ.
ഇന്ന് രാവിലെയാണ് കടുവ രാധയെ കൊലപ്പെടുത്തിയത്. മൃതദേഹത്തില്‍ ഒരു ഭാഗം കടുവ ഭക്ഷിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ഇവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 11 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തില്‍ ഒരാള്‍ക്ക് (അച്ഛപ്പന് പുറമെ) സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മന്ത്രി ഒആര്‍ കേളു വ്യക്തമാക്കിയിട്ടുണ്ട്.
ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചിട്ടുണ്ട്.നോര്‍ത്ത്, സൗത്ത് ഡിവിഷനുകലിലെ മുഴുവനും ക്യാമറകളും അടിയന്തരമായി മേഖലയിലേക്ക് എത്തിക്കും.
കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വനം വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. തലപ്പുഴ, വരയാല്‍ ഫോറസ്റ്റ് സ്റ്റേഷനുകളിലെ ജീവനക്കാര്‍ നിലവില്‍ 12 ബോര്‍ പമ്പ് ആക്ഷന്‍ ഗണ്‍ ഉപയോഗിച്ച് പഞ്ചാരക്കൊല്ലി പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്.ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള മൃഗഡോക്ടര്‍മാരുടെ സംഘത്തെ വയനാട്ടിലേക്ക് അയച്ചിട്ടുണ്ട്.
ചെതലത്ത് റേഞ്ചിന്റെ കീഴിലുള്ള ഇരുളം ഫോറസ്റ്റ് സ്റ്റേഷന്റെയും പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്റെയും കീഴിലുള്ള ജീവനക്കാരെയും പ്രദേശത്ത് പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.പഞ്ചാരക്കൊല്ലിയില്‍ ഒരുക്കിയ ബേസ് ക്യാമ്പില്‍ സുല്‍ത്താന്‍ ബത്തേരി ആര്‍ആര്‍ടി അംഗങ്ങളെകൂടി നിയോഗിച്ചിട്ടുണ്ട് തെര്‍മല്‍ ഡ്രോണുകളും സാധാരണ ഡ്രോണുകളും തെരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാനായി കൊണ്ടുവരുന്നുണ്ടെന്നും വനം മന്ത്രി അറിയിച്ചു.
നോര്‍ത്ത് വയനാട് ഡിവിഷനില്‍ നിന്നുള്ള ക്യാമറ ട്രാപ്പുകള്‍ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്.ഇതുകൂടാതെ കൂടാതെ, സൗത്ത് വയനാട് ഡിവിഷനില്‍ നിന്നുള്ള ക്യാമറ ട്രാപ്പുകളും പ്രദേശത്ത് വിന്യസിക്കുന്നതിനായി കൊണ്ടുവരുന്നുണ്ട്. നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവലിനെ ഓപ്പറേഷന്‍ കമാന്‍ഡറായി ഇന്‍സിഡന്‍് കമാന്‍ഡ് രൂപീകരിച്ചു. നോര്‍ത്തേണ്‍ സര്‍ക്കിള്‍ സിസിഎഫ് കെ.എസ്.ദീപ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയും മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നുണ്ട്.
പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവയെ പിടികൂടുന്നതിനുള്ള കൂടുകള്‍ സ്ഥാപിച്ചു. മുത്തങ്ങ ആന ക്യാമ്പില്‍ നിന്നുള്ള കുങ്കിയാനകളെ തെരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ വിന്യസിക്കും.നിലവില്‍ കൂട് സ്ഥാപിച്ചിട്ടുണ്ടെന്നും നാളെ രാവിലെ മുതല്‍ ദൗത്യ സംഘം വിപുലമായ തെരച്ചില്‍ നടത്തുമെന്നും മന്ത്രി ഒ ആര്‍ കേളു പറഞ്ഞു.ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
കടുവയുടെ ആക്രമണത്തില്‍ രാധയെന്ന 45കാരി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നാളെ മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യു.ഡി.എഫ്. എസ്.ഡി.പി.ഐ.യും പ്രദേശത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും.
അതേസമയം ആക്രമിച്ച കടുവയെ വെടിവെച്ച് കൊല്ലാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രി ഒആര്‍ കേളുവിനെതിരെ പ്രതിഷേധം ഉണ്ടായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



